Thursday, October 10, 2013

വിമാനത്താവളത്തിന് വയല്‍ നികത്താന്‍ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്തിയാല്‍ ശക്തമായി നേരിടുമെന്ന് കെഎസ്കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ച് വിമാനത്താവളത്തിനായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കത്തില്‍നിന്ന് യുഡിഎഫ് സര്‍ക്കാര്‍ പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആറന്മുളയില്‍ നെല്‍വയല്‍ സംരക്ഷണനിയമം അട്ടിമറിച്ച് ആയിരക്കണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ വിമാനത്താവളലോബിക്ക് യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്.

എറണാകുളത്തെ വളന്തക്കാട് ദ്വീപില്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചും ചതുപ്പ് നികത്തിയും നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. കേരളത്തിലെ അവശേഷിക്കുന്ന 25 ശതമാനം നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കെഎസ്കെടിയു പ്രക്ഷോഭം ശക്തമാക്കും. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ കാര്‍ഷികമേഖലയെ പ്രാധാന്യത്തോടെയാണ് സംരക്ഷിക്കുന്നത്്. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമാഫിയയെ സഹായിക്കുന്നതിന് നിയമങ്ങള്‍ അട്ടിമറിക്കുകയാണ്. കാര്‍ഷികമേഖല നിലനില്‍ക്കാതെ കേരളത്തിന് രക്ഷയുണ്ടാകില്ല. നെല്‍പ്പാടങ്ങള്‍ നികത്തുന്നത് കാര്‍ഷികസംസ്കൃതിയുടെ അന്ത്യംകുറിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഏത് ആവശ്യത്തിനും നെല്‍വയല്‍ നികത്തി നിര്‍മാണപ്രവര്‍ത്തനം നടത്താമെന്ന നിര്‍ദേശത്തെ എന്തുവിലകൊടുത്തും എതിര്‍ക്കും. ഇക്കാര്യത്തില്‍ ഹരിത എംഎല്‍എമാരുടെ നിലപാട് വ്യക്തമാക്കണം. കാര്‍ഷികമേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിക്ഷേപം നടത്തണം. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തും വളവും യന്ത്രസാമഗ്രികളും നല്‍കണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതസുരക്ഷയും സാമൂഹ്യപദവിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആധാര്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്. നെല്‍ക്കൃഷി വ്യാപിപ്പിക്കാന്‍ നടപടിയെടുക്കണം. തരിശിട്ടശേഷം നികത്താനുള്ള നീക്കം യൂണിയന്‍ തടയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, ജാഥാംഗങ്ങളായ പി കെ ബിജു എംപി, കെ കോമളകുമാരി, ലളിത ബാലന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എം വി ഗോവിന്ദന്‍ നയിക്കുന്ന കെഎസ്കെടിയു സംസ്ഥാന പ്രചാരണജാഥയ്ക്ക് സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനത്ത് ആവേശോജ്വല വരവേല്‍പ്പ് ലഭിച്ചു. തൃശൂരില്‍നിന്ന് എറണാകുളത്ത് എത്തിയ ജാഥയെ ജില്ലാ അതിര്‍ത്തിയായ അങ്കമാലി കറുകുറ്റിയില്‍ രാവിലെ ഒമ്പതിന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ടി കെ മോഹനന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് കെ ജെ ജേക്കബ്, കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം പി പത്രോസ്, പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി, പികെഎസ് ജില്ലാ സെക്രട്ടറി എം എ സുരേന്ദ്രന്‍, സംഘാടകസമിതി ചെയര്‍മാന്‍ പി ജെ വര്‍ഗീസ്, സെക്രട്ടറി കെ എസ് മൈക്കിള്‍, കെഎസ്കെടിയു ഏരിയ പ്രസിഡന്റ് കെ കുട്ടപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

ഡിവൈഎഫ്ഐ, എസ്എഫ്ഐ, ബാലസംഘം ഭാരവാഹികളും സ്വീകരണം നല്‍കി. തുടര്‍ന്ന് നൂറുകണക്കിന് ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ അത്താണിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പറവൂര്‍ ചെറിയപ്പിള്ളി, പനങ്ങാട് മാടവന, ഇരുമ്പനം, പട്ടിമറ്റം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് കോതമംഗലത്തു സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ആയിരങ്ങള്‍ ജാഥയെ സ്വീകരിക്കാനെത്തി. കര്‍ഷകത്തൊഴിലാളി സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ സജീവസാന്നിധ്യം ശ്രദ്ധേയമായിരുന്നു. 21ലെ സെക്രട്ടറിയറ്റ്, കലക്ടറേറ്റ് വളയല്‍ സമരത്തിന്റെ സന്ദേശവുമായാണ് ജാഥയുടെ പര്യടനം. വ്യാഴാഴ്ച രാവിലെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കും.

deshabhimani

No comments:

Post a Comment