Saturday, October 12, 2013

സപ്ലൈകോ: വിജയകുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം: യൂണിയനുകള്‍

സപ്ലൈകോ നാഷണല്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി ആര്‍ വിജയകുമാറിനെ സസ്പെന്‍ഡ് ചെയ്ത സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജര്‍ എല്‍ നബീസബീവിയുടെ നടപടി പിന്‍വലിക്കണമെന്ന് സപ്ലൈകോയിലെ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ട വിരുദ്ധ നടപടി പിന്‍വലിക്കാത്തപക്ഷം 17 മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.

സപ്ലൈകോ കാസര്‍കോട് പീപ്പിള്‍സ് ബസാറിലെ മാനേജരായ വിജയകുമാര്‍ മനോരമ ചാനലിലെ "ഇന്നത്തെ ചോദ്യം" എന്ന പരിപാടിയില്‍ മാവേലി ഹോട്ടലുകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ പേരിലാണ് നടപടി. എന്നാല്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അനുവദനീയമായ ഇടപെടലാണ് വിജയകുമാര്‍ ചാനലിലൂടെ നടത്തിയത്. സര്‍ക്കാരിനെതിരായി സംസാരിച്ചില്ല. കമ്പനി ആക്ട് പ്രകാരമുള്ള സപ്ലൈകോയില്‍ നിലവിലുള്ള ചട്ടത്തിന് വിരുദ്ധമായാണ് നടപടി. സംരക്ഷിത ജീവനക്കാരന്റെ പട്ടികയില്‍പ്പെടുന്ന വിജയകുമാറിനെതിരെ സപ്ലൈകോ ജീവനക്കാരുടെ സമരത്തിന് നേതൃപരമായ പങ്കുവഹിച്ചതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് ഇപ്പോള്‍ നബീസബീവി തയ്യാറായിട്ടുള്ളതെന്നും യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. സമരഘട്ടത്തില്‍ ഇതിനെതിരെ ചാനലിലൂടെ പ്രതികരിക്കാന്‍പോലും നബീസബീവി തയ്യാറായിരുന്നു. കേഡര്‍ തസ്തികയിലുള്ള ഇവര്‍ക്ക് ഇതിനുള്ള ചട്ടപരമായ അവകാശം ഇല്ലെങ്കിലും ചട്ടവിരുദ്ധമായാണ് അന്ന് പ്രതികരിച്ചത്. എന്നാല്‍ ഇതേ കാരണം പറഞ്ഞ് സംരക്ഷിതവിഭാഗം ജീവനക്കാരനെതിരെ നടപടിയെടുത്തത് വിരോധാഭാസമാണ്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.

സെപ്തംബര്‍ രണ്ടിന് സപ്ലൈകോ യൂണിയനുകള്‍ സംയുക്തമായി നടത്തിയ പണിമുടക്കിനെത്തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും കോമണ്‍ സേവനനിയമം നടപ്പാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ഇതാണ് ഇപ്പോള്‍ ലംഘിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. സപ്ലൈകോയിലെ സിഐടിയു യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്‍ എ മണി, എഐടിയുസി യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി കെ ശശി, ഐഎന്‍ടിയുസി യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് സുഭാഷ് മുഖത്തല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment