Thursday, October 10, 2013

മന്ത്രിയുടെ പരാമര്‍ശം: എംഎല്‍എ വേദിവിട്ടു

കോവളം: പൊതുവേദിയില്‍ മന്ത്രി അപമാനിച്ചതില്‍ പ്രതിഷേധിച്ച് എംഎല്‍എ വേദിവിട്ടിറങ്ങി. തുറമുഖ മന്ത്രി കെ ബാബുവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കോവളം എംഎല്‍എ ജമീലാ പ്രകാശമാണ് വേദിവിട്ടത്. വിഴിഞ്ഞം സീവേസ് വാര്‍ഫിലെ ട്രാന്‍സിറ്റ് ഷെഡിന്റെ ഉദ്ഘാടനവേദിയിലാണ് മന്ത്രിയുടെ പരാമര്‍ശം.

വിഴിഞ്ഞം ഫിഷ്ലാന്റിങ് സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡില്‍നിന്ന് 7.95 കോടി രൂപ അനുവദിച്ചിരുന്നു. എംഎല്‍എ ഹൈദരാബാദില്‍ നേരിട്ട് ചെന്നു നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു തുക അനുവദിച്ചത്. ഇതിനുള്ള പ്രൊപ്പോസല്‍ 2010 എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഫിഷറീസ് മന്ത്രിയായിരുന്ന എസ് ശര്‍മയുടെ കാലത്താണ് അയച്ചത്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് ഇക്കാര്യം മനസ്സിലാക്കിയാണ് എംഎല്‍എ ഹൈദരാബാദ് ആസ്ഥാനം സന്ദര്‍ശിച്ചത്. ഇക്കാര്യത്തില്‍ എംഎല്‍എ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അധ്യക്ഷപ്രസംഗത്തില്‍ എംഎല്‍എ തന്നെ അഭിനന്ദിച്ചില്ലെന്ന മന്ത്രിയുടെ പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. പ്യൂണിനും ക്ലര്‍ക്കിനുമല്ല എംഎല്‍എ നന്ദി പറയേണ്ടത്, പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ച മന്ത്രിക്കാണ് നന്ദി പറയേണ്ടത്. "തന്നെ അഭിനന്ദിക്കാത്തത് തെറ്റായിപ്പോയി" തുടങ്ങിയ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ കടുത്തതോടെ അങ്ങനെയെങ്കില്‍ താന്‍ അധ്യക്ഷവേദിവിടുന്നു" എന്നറിയച്ച് എംഎല്‍എ വേദിവിട്ടിറങ്ങി. വേദിവിട്ടിറങ്ങിയ സമയം മന്ത്രി വീണ്ടും "ജമീല നാട്യം കാണിക്കണ്ട" എന്ന് ആവര്‍ത്തിച്ചപ്പോള്‍ "ഞാന്‍ നാട്യം കാണിക്കാനല്ല വന്നത്" എന്ന മറുപടി നല്‍കി എംഎല്‍എ സദസ്സ് വിട്ടിറങ്ങി. എംഎല്‍എ നടന്നുപോകുമ്പോള്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും എംഎല്‍എയെ പരിഹസിക്കാന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി. ഫലത്തില്‍ സര്‍ക്കാര്‍ പരിപാടി കോണ്‍ഗ്രസ്, യുഡിഎഫ് മേളയാക്കി. ഇതില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു. മറ്റൊരു വേദിയില്‍വച്ചും എംഎല്‍എയെ മന്ത്രി അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.

കോണ്‍ഗ്രസ് കൗണ്‍സിലര്‍ സദാനന്ദതായ് വേദിവിട്ട് സദസ്സില്‍ ഇരുന്നതും വിവാദമായി. നോട്ടീസില്‍ പേരുവച്ചെങ്കിലും തന്നെ പരിപാടിക്ക് ക്ഷണിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കൗണ്‍സിലര്‍ വേദിയില്‍ കയറാതിരുന്നത്. നഗരസഭാ മേയര്‍ അടക്കം നോട്ടീസില്‍ പേരുവച്ചിരുന്ന എല്‍ഡിഎഫ് അംഗങ്ങളും പരിപാടിയില്‍നിന്ന് വിട്ടുനിന്നു. നോട്ടീസില്‍ പേരുണ്ടായിരുന്ന വിഴിഞ്ഞം ഇടവകവികാരിയും പരിപാടിയില്‍നിന്ന് വിട്ടുനിന്നു. 1.75 കോടി രൂപ ചെലവില്‍ തീര്‍ത്ത ട്രാന്‍സിറ്റ് ഷെഡിന്റെ നിര്‍മാണത്തെ സംബന്ധിച്ച് വ്യാപക ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. 900 ചരുതശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹോളോബ്രിക്സും മെറ്റല്‍ ഫ്രെയിമും ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച ഷെഡിന് 1.75 കോടി രൂപ ചെലവഴിച്ചിരിക്കുന്നത് വന്‍ അഴിമതിയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഓരോ പദ്ധതിക്കും കോടികളുടെ കണക്കുകള്‍ പറയുന്നതല്ലാതെ ഫലത്തില്‍ സര്‍വതും അഴിമതിക്കഥകളായി മാറുകയാണ്. 1.75 കോടി മുടക്കി നിര്‍മിച്ച ട്രാന്‍സിറ്റ് ഷെഡില്‍ വൈദ്യുതി കണക്ഷന്‍പോലും തരപ്പെടുത്തിയിട്ടില്ല. പ്രാഥമിക സൗകര്യങ്ങള്‍പോലും ഒരുക്കിയിട്ടില്ലാത്ത ഷെഡ് സമൂഹ്യവിരുദ്ധരുടെ ആവാസകേന്ദ്രമാകുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment