Thursday, October 10, 2013

കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോയ്ക്ക് സാഹിത്യ നൊബേല്‍

സ്റ്റോക്ഹോം: 2013ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പ്രശസ്ത കനേഡിയന്‍ കഥാകൃത്ത് ആലിസ് മണ്‍റോ അര്‍ഹയായി. സാഹിത്യ നൊബേല്‍ നേടുന്ന 13ാമത്തെ വനിതയാണ് മന്‍റോ. സ്വീഡനിലെ സ്റ്റോക്ഹോമിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തുക്കളിലൊരാളാണ് മണ്‍റോ. 2009ലെ മാന്‍ ബുക്കര്‍ പുരസ്കാരവും മണ്‍റോ നേടിയിട്ടുണ്ട്. ഡിയര്‍ ലൈഫ്, ഡാന്‍സ് ഒഫ് ദ ഹാപ്പി ഷെയ്ഡ്സ് എന്നീ കൃതികളിലൂടെ വായനക്കാരുടെ പ്രിയങ്കരിയായി മാറിയ ആലിസ് പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരത്തിലാണ് വിശ്വസിച്ചിരുന്നത്. മൂന്നു തവണ മികച്ച കഥകള്‍ക്കുള്ള കനേഡിയന്‍ ഗവര്‍ണര്‍ ജനറല്‍ പുരസ്കാരവും നേടി.

പ്രശസ്തമായ നിരവധി ആനുകാലികങ്ങളില്‍ ആലിസിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 82 കാരിയായ ആലിസ് കാന്‍സറിനും ഹൃദ്രോഗത്തിനും അടിമപ്പെട്ടെങ്കിലും അവയ്ക്കെതിരെ പോരാടി വിജയം കൈവരിച്ചു. ജനപ്രിയ ജാപ്പനീസ് നോവലിസ്റ്റ് ഹരൂകി മുറകാമിക്ക് നൊബേല്‍ പുരസ്കാരം ലഭിക്കുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ നോവല്‍ പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ പത്തു ലക്ഷത്തോളം പ്രതികള്‍ വിറ്റഴിഞ്ഞിരുന്നു.

deshabhimani

No comments:

Post a Comment