Wednesday, October 9, 2013

കോടതിയില്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെന്ന പ്രതിയെ

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്തുവെന്ന വിവരം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയതോടെ ഇനി ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അര്‍ഹതയില്ലാതായി. സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടിലായ നാള്‍ മുതല്‍ തൊടുന്യായങ്ങള്‍ നിരത്തിയും പച്ചക്കള്ളങ്ങള്‍ പറഞ്ഞും രഹസ്യങ്ങള്‍ മൂടിവെച്ചുമാണ് അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത്.

ഇതെല്ലാം തുറന്ന് കാട്ടി, ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് എജിയുടെ വെളിപ്പെടുത്തല്‍. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി അഴിമതിക്കേസില്‍പെട്ട് ചോദ്യം ചെയ്യലിന് വിധേയമായത്. അതീവ രഹസ്യമാക്കി വെച്ച ഈ വിവരം ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് എജിക്ക് വെളിപ്പെടുത്തേണ്ടി വന്നത്. ആരോപണവിധേയരായ എല്ലാവരേയും ചോദ്യം ചെയ്തുവെന്നാണ് എജി ആദ്യം പറഞ്ഞത്. അങ്ങിനെ പറഞ്ഞാല്‍പോരെന്നും പേര് പറയണമെന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെ പേര് വെളിപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിയില്ലെങ്കില്‍ പിന്നെന്തിന് ചോദ്യം ചെയ്തുവെന്ന കോടതിയുടെ ചോദ്യവും പ്രസക്തമാണ്. ശ്രീധരന്‍നായരുടെ സംശയനിവാരണത്തിനാണിതെന്ന പരിഹാസ്യമായ മറുപടിയായിരുന്നു എജിയുടേത്. ഇതുവരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത് ശ്രീധരന്‍ നായര്‍ക്ക് പരാതിയില്ലെന്നാണ്. ശ്രീധരന്‍ നായര്‍ക്ക് പരാതിയില്ലെന്ന് കോടതിയിലും പോലീസ് ബോധിപ്പിച്ചു. രഹസ്യമൊഴി മറച്ചുവെച്ചായിരുന്നു ഈ നാടകം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറയിലേയും സിസിടിവിയിലേയും ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും ഉമ്മന്‍ചാണ്ടി പച്ചക്കള്ളം തുടര്‍ന്നു.

വെബ്ക്യാമറ ലൈവ് ആണെന്നും റെക്കോര്‍ഡ് ചെയ്യാറില്ലെന്നുമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ സംവിധാനമില്ലെന്ന മറ്റൊരു നുണയാണ് വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചത്. ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നത് സിപിഐ എം നിര്‍ദ്ദേശിക്കുന്ന വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശോധിക്കാമെന്ന അടവ് വരെ ഉമ്മന്‍ചാണ്ടി പയറ്റി. ഒടുവിലിപ്പോള്‍ കോടതിയില്‍ സമ്മതിക്കുകയാണ് സിസിടിവി, വെബ്ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന്. അതും വളരെ വൈകിയ ശേഷം. എല്ലാ ദൃശ്യങ്ങളും നശിപ്പിച്ചുവെന്ന് ബോധ്യം വന്ന ശേഷമുള്ള മറ്റൊരു നാടകം. സോളാര്‍ തട്ടിപ്പ് കേസ് പുറത്ത് വന്നതുമുതല്‍ ഇത്തരം നുണകളുടെ മലവെള്ളപ്പാച്ചിലില്‍ കിടന്നുരുളുകയായിരുന്നു ഉമ്മന്‍ചാണ്ടി.

ആദ്യം സരിതയെയും ബിജു രാധാകൃഷ്ണനെയും അറിയില്ലെന്ന് പറഞ്ഞു. പിന്നീട് അതുപൊളിഞ്ഞു. സരിത ഉമ്മന്‍ചാണ്ടിയുടെ കാതില്‍ രഹസ്യം പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്വന്നു. ബിജു രാധാകൃഷ്ണനുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും ഇതുവരെ എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം അന്വേഷണസമഘം മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നോ? സരിതയെ കുറിച്ച് പരാതി പറഞ്ഞ വിവരം മണിക്കൂറുകള്‍ക്കകം സരിത അറിഞ്ഞുവെന്ന പരാതിയെ കുറിച്ച് അന്വേഷിച്ചോ? ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡ് തട്ടിപ്പ് സംഘം ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലെറ്റര്‍പാഡ് ഉപയോഗിച്ച് തയ്യാറാക്കിയ കത്തിലെ ഒപ്പ് ഉമ്മന്‍ചാണ്ടിയുടേതാണോ എന്ന് ചോദ്യം ചെയ്തിട്ടുണ്ടോ? ലെറ്റര്‍പാഡ് ഇവര്‍ക്ക് കിട്ടിയെന്നതിനെ കുറിച്ചുള്ള പ്രതികരണമെന്ത്? തന്റെ സഹപ്രവര്‍ത്തകര്‍ക്ക് തട്ടിപ്പുസംഘവുമായുള്ള ബന്ധമെന്ത്? തട്ടിപ്പ് സംഘം ക്ലിഫ് ഹൗസില്‍ വന്നിരുന്നോ? മുഖ്യമന്ത്രിയുമായി ബന്ധമുള്ള മറ്റാര്‍ക്കെങ്കിലും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടോ? ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്.

അധികാരക്കസേരയിലായതിനാല്‍ സല്യൂട്ട് അടിക്കുന്ന പോലീസുകാരോട് ഇതൊന്നും പറയേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അഥവാ അത്തരം അപ്രിയ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ പോലീസുകാര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഈ "ചോദ്യം ചെയ്യല്‍" പ്രഹസനമാണെന്നും പകല്‍ പോലെ വ്യക്തം.
(എം രഘുനാഥ്)

ചതിയനായ മുഖ്യമന്ത്രി രാജിവെയ്ക്കണം: വിഎസ്

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചതിയനാണെന്നും ചതിയുടെ വിവദാംശങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒളിഞ്ഞും ചരിഞ്ഞും നടക്കുന്നവര്‍ ഒരുനാള്‍ പിടിക്കപ്പെടും. ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിലാണ് ചോദ്യം ചെയ്യലിന് ശേഷവും മുഖ്യമന്ത്രി നടക്കുന്നത്. എത്രയയും പെട്ടെന്ന് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ മുഖ്യന്ത്രി തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

deshabhimani

No comments:

Post a Comment