Wednesday, October 9, 2013

ചന്ദ്രശേഖരന്‍ കേസ്: സംഭവസ്ഥലത്തിനടുത്തുള്ള കെട്ടിടത്തില്‍ വൈദ്യുതിയില്ലെന്ന് സാക്ഷി

കോഴിക്കോട്: സിഡബ്ല്യുഎസ്എ (കോണ്‍ക്രീറ്റ് വര്‍ക്കേഴ്സ് സൂപ്രവൈസേഴ്സ് അസോസിയേഷന്‍) വള്ളിക്കാട് യൂണിറ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയിലും തൊട്ടടുത്ത രണ്ടുമുറിയിലും വൈദ്യുതി കണക്ഷന്‍ ഉണ്ടായിരുന്നില്ലെന്ന് സാക്ഷിമൊഴി. ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതിഭാഗം സാക്ഷിയായി സിഡബ്ല്യുഎസ്എ യൂണിറ്റ് മുന്‍ ഖജാന്‍ജി എന്‍ കെ നാണുവിനെ വിസ്തരിക്കുമ്പോഴാണ് മൊഴി. കെട്ടിടത്തിലെ മുകള്‍നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ നാണു ബോധിപ്പിച്ചു. മുകള്‍നിലയിലുള്ള മൂന്നു മുറിയിലും വൈദ്യുതി കണക്ഷനില്ല. മൂന്നിടത്തും വയറിങ് നടത്തിയിട്ടില്ല. 250 രൂപ പ്രതിമാസ വാടകയിലാണ് ഓഫീസ് പ്രവര്‍ത്തിച്ചത്. 2013 ആദ്യമാസത്തില്‍ ഓഫീസ് ഒഴിഞ്ഞു. സംഘടനയുടെ യൂണിറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൂന്നുമുറികളിലാണ് വൈദ്യുതി കണക്ഷനുള്ളത്. താന്‍ സിപിഐ എം പ്രവര്‍ത്തകനല്ല. സിപിഐ എം നേതാക്കളുടെ ആവശ്യപ്രകാരം കളവായി മൊഴി നല്‍കുകയാണെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റാണെന്നും സാക്ഷി പറഞ്ഞു. ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുത്തതുസംബന്ധിച്ച രേഖകളും ഹാജരാക്കി. രേഖകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്ന പ്രോസിക്യൂഷന്‍ ആരോപണവുംസാക്ഷി നിഷേധിച്ചു.

സംഭവസമയത്ത് പ്രതികളെ തിരിച്ചറിയാനായത് സമീപത്തുള്ള സിഡബ്ല്യുഎസ്എ കെട്ടിടത്തിലെ വൈദ്യുതി വെളിച്ചത്തിലാണെന്ന പ്രോസിക്യൂഷന്‍ സാക്ഷിമൊഴികള്‍ കളവാണെന്ന് സ്ഥാപിക്കാനാണ് സിഡബ്ല്യുഎസ്എ ഭാരവാഹി നാണുവിനെ പ്രതിഭാഗം വിസ്തരിച്ചത്. 2012 മെയ് നാലിന് ഓര്‍ക്കാട്ടേരി ടൗണ്‍ ഫീഡറിനുകീഴില്‍ രാത്രി 9 മുതല്‍ 9.30 വരെയായിരുന്നു ലോഡ് ഷെഡിങ്ങെന്ന് പ്രതിഭാഗം സാക്ഷിയും ഓര്‍ക്കാട്ടേരി 220 കെവി സബ് സ്റ്റേഷന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം പ്രമോദ് മൊഴി നല്‍കി. എന്നാല്‍ ഫീഡറിനുകീഴില്‍ ഏതൊക്കെ പ്രദേശമാണെന്ന് അറിയില്ല. ഏതൊക്കെ പ്രദേശമാണെന്ന് തെളിയിക്കുന്ന രേഖ ഓര്‍ക്കാട്ടേരി വൈദ്യുതി സെക്ഷന്‍ ഓഫീസിലാണുള്ളത്. ലോഡ് ഷെഡിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്ന 2012 മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 6 വരെയുള്ള ഓപ്പറേറ്റേഴ്സ് ഡയറി തെളിവിനായി പ്രമോദ് ഹാജരാക്കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കിര്‍മാണി മനോജിനെ സംഭവദിവസം രാത്രി 9.15ന് തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്‍ഡില്‍ കണ്ടുവെന്ന പ്രോസിക്യൂഷന്‍ സാക്ഷിമൊഴി ഖണ്ഡിക്കാനാണ് എന്‍ജിനിയറെ പ്രതിഭാഗം സാക്ഷിയാക്കിയത്. സിഡബ്ല്യുഎസ്എ കെട്ടിടത്തിന് വൈദ്യുതികണക്ഷന്‍ ഇല്ലെന്ന് ഭാരവാഹി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇതേ ആവശ്യത്തിന് കെഎസ്ഇബി മുട്ടുങ്ങല്‍ സെക്ഷന്‍ അസി. എന്‍ജിനിയര്‍ ദ്വിപിന്‍ദാസിനെ വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചു.

വ്യാഴാഴ്ച ചോറോട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറായ വടകര അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍, മുട്ടുങ്ങല്‍ കുന്നുമ്മലിലെ വാസു എന്നിവരെ വിസ്തരിക്കും. പ്രോസിക്യൂഷന്‍ സാക്ഷി ടി പി രമേശന്‍ ആര്‍എംപി സ്ഥാനാര്‍ഥിയുടെ പോളിങ് ഏജന്റായിരുന്നുവെന്ന് തെളിയിക്കാനാണ് ഇവരെ വിസ്തരിക്കുന്നത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സഹ പോളിങ് ഏജന്റായിരുന്നു വാസു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് ദീപശിഖാ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫര്‍ പി എം ഭാസ്കരന്റെ തുടര്‍വിസ്താരവും വ്യാഴാഴ്ച നടക്കും. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ വിശ്വന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, വി ബിന്ദു എന്നിവര്‍ ഹാജരായി.

deshabhimani

No comments:

Post a Comment