Thursday, October 10, 2013

അമേരിക്കയിലെ അടച്ചുപൂട്ടല്‍: റിപ്പബ്ലിക്കന്‍ പാര്‍ടിക്കെതിരെ ജനവികാരം

അമേരിക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയ ബജറ്റ് സ്തംഭനത്തിന് ഉത്തരവാദികള്‍ റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരാണെന്ന് അഭിപ്രായ സര്‍വേ. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരുടെ കടുംപിടിത്തമാണ് ഒമ്പതുദിവസം പിന്നിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് അസോസിയറ്റ് പ്രസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ പ്രതികരിച്ചു.

17 വര്‍ഷം മുമ്പ് സമാനസാഹചര്യത്തില്‍ അമേരിക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോള്‍ പിന്നീടുണ്ടായ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കാന്‍ പാര്‍ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. സമാന ജനവികാരമാണ് ഇപ്പോഴും ഉയരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഒബാമയ്ക്കും ഡെമോക്രാറ്റിക് പാര്‍ടിക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്ന് പകുതിപേര്‍ വിശ്വസിക്കുന്നു. രാജ്യത്തിന്റെ അഭിമാനം കെടുത്താനിടയായ സാഹചര്യത്തില്‍ എല്ലാ പാര്‍ടിക്കും പങ്കുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

അതേസമയം, റിപ്പബ്ലിക്കന്മാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഒബാമ പറഞ്ഞു. രാജ്യത്തിന്റെ കടപരിധി ഉയര്‍ത്താന്‍ റിപ്പബ്ലിക്കന്മാര്‍ സന്നദ്ധത അറിയിച്ചാല്‍ വിവാദമായ ആരോഗ്യപദ്ധതിയെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഒബാമ ജനപ്രതിനിധി സഭ സ്പീക്കര്‍ ജോണ്‍ ബൊയ്ഹ്നെറിനെ അറിയിച്ചു. എന്നാല്‍, ഭീഷണിപ്പെടുത്തി കാര്യംനേടുന്ന രീതി ശരിയല്ലെന്നും ഒബാമ പറഞ്ഞു. ഒക്ടോബര്‍17നു മുമ്പ് അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്താനായില്ലെങ്കില്‍ രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.

ഒമ്പതു ദിവസമായി രാജ്യത്തെ എട്ടു ലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുകയാണ്. ഹ്രസ്വകാലത്തേക്ക് എങ്കിലും കടപരിധി വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചയും പുരോഗമിക്കുന്നു. അതേസമയം,അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് മേധാവിയായി നിലവിലെ വൈസ് ചെയര്‍മാന്‍ ജെന്നറ്റ് യെല്ലെനെ ഒബാമ ശുപാര്‍ശ ചെയ്യുമെന്ന് വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു. നിയമനത്തിന് സെനറ്റിന്റെ അനുമതി വേണം. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.

deshabhimani

No comments:

Post a Comment