Thursday, October 10, 2013

വാട്ടര്‍ അതോറിറ്റി എംപ്ലോ. യൂണി. സമ്മേളനത്തിന് ആവേശകരമായ തുടക്കം

പാലക്കാട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) 14-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ആവേശകരമായ തുടക്കം. സമര്‍മുഖര്‍ജി നഗറില്‍ (പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍) സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ഐതിഹാസിക പോരാട്ടങ്ങളുടെ ജ്വലിക്കുന്ന പൈതൃകമുള്ള പാലക്കാടന്‍മണ്ണില്‍ നടക്കുന്ന സമ്മേളനം, വരുംനാളുകളില്‍ സംഘടന ഏറ്റെടുക്കേണ്ട പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യും.

ബുധനാഴ്ച രാവിലെ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി പ്രതാപന്‍ പതാക ഉയര്‍ത്തിയതോടെയാണ് രണ്ടു ദിവസം നീളുന്ന പ്രതിനിധിസമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉദ്ഘാടനസമ്മേളനത്തില്‍ കെ പി പ്രതാപന്‍ അധ്യക്ഷനായി. പാലക്കാട് സ്വരലയ സംഗീത കോളേജിലെ വിദ്യാര്‍ഥികള്‍ സ്വാഗതഗാനം ആലപിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍സെക്രട്ടറി എ ശ്രീകുമാര്‍, എഫ്എസ്ഇടിഒ സംസ്ഥാന ട്രഷറര്‍ കെ ശിവകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സംസ്ഥാനസെക്രട്ടറി പി വി രാജേന്ദ്രന്‍, സിഐടിയു പാലക്കാട് ജില്ലാ സെക്രട്ടറി പി കെ ശശി എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ സി കെ രാജേന്ദ്രന്‍ സ്വാഗതവും ജനറല്‍കണ്‍വീനര്‍ ജെ മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി എം ഭവാനി രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡന്റ് എസ് സുഭാഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിമാരായ എം തമ്പാന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും പി ശശിധരന്‍നായര്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ സി എസ് ശശികുമാര്‍ കണക്കും അവതരിപ്പിച്ചു. വ്യാഴാഴ്ച 11ന് "കേരള വാട്ടര്‍ അതോറിറ്റി- പ്രതിസന്ധികളും പരിഹാരങ്ങളും" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എന്‍ കെ പ്രേമചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. എം എസ് സ്കറിയ മോഡറേറ്ററാകും. 4.30ന് യാത്രയയപ്പ്സമ്മേളനം എം ചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര പൊതുമേഖലാ ടിയു കണ്‍വന്‍ഷന്‍ ഇന്ന്

കൊച്ചി: കേന്ദ്ര പൊതുമേഖലയിലെ സിഐടിയു യൂണിയനുകളുടെയും സിഐടിയു സൗഹൃദ യൂണിയനുകളുടെയും സംസ്ഥാനതല കണ്‍വന്‍ഷന്‍ വ്യാഴാഴ്ച കളമശേരി പ്രൊഡക്ടിവിറ്റി ഹാളില്‍ ചേരും. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലയിലെ സ്ഥിരം, കരാര്‍, ക്യാന്റീന്‍, കാഷ്വല്‍ മേഖലകളിലെ യൂണിയനുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര പൊതുമേഖലയില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന കണ്‍വന്‍ഷന്‍ തുടര്‍ന്നു നടത്തേണ്ട പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കും. രാവിലെ 10നു ചേരുന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, സെക്രട്ടറി കെ ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

മത്സ്യത്തൊഴിലാളികളുടെ ജയില്‍നിറയ്ക്കല്‍ സമരം 4-ാം ദിവസത്തിലേക്ക്

തിരു: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മത്സ്യത്തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരം നാലാം ദിവസത്തിലേക്ക്. ബുധനാഴ്ച സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന സമരം ഫിഷറീസ് മുന്‍മന്ത്രി എസ് ശര്‍മ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്.

മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ കമീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കേണ്ട പണം ഉടന്‍ നല്‍കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ നല്‍കുക, മത്സ്യബന്ധനത്തിന് ഡീസല്‍ സബ്സിഡി നല്‍കുക, പ്രകൃതിദുരന്തത്തിന്റെ പട്ടികയില്‍ കടലാക്രമണം ഉള്‍പ്പെടുത്തുക, തൊഴില്‍സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍നിന്ന് സെക്രട്ടറിയറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ അണിനിരന്നു. സമരത്തെത്തുടര്‍ന്ന് വളന്റിയര്‍മാരെ അറസ്റ്റ് ചെയ്ത് എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി വി ശശീന്ദ്രന്‍ അധ്യക്ഷനായി. ഫെഡറേഷന്‍ സെക്രട്ടറി പുല്ലുവിള സ്റ്റാന്‍ലി, കെ കെ ദിനേശന്‍, ഷീല റൊസാരിയോ, ടി മനോഹരന്‍, കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച എറണാകുളം, കോട്ടയം ജില്ലകളിലുള്ള പ്രവര്‍ത്തകരാണ് പങ്കെടുക്കുക. സിഐടിയു ദേശീയ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന സമാപനസമരം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

നിര്‍മാണമേഖലയിലെ പ്രതിസന്ധി: അരലക്ഷം തൊഴിലാളികള്‍ സെക്രട്ടറിയറ്റ് വളഞ്ഞു

തിരു: നിര്‍മാണമേഖലയാകെ സ്തംഭിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്ന സര്‍ക്കാരിനെ കേരളത്തിന്റെ തൊഴില്‍ശക്തി സ്തംഭിപ്പിച്ചു. സംസ്ഥാനത്തിന്റെ നിര്‍മാണമേഖലയും തൊഴിലാളികളും നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കും അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ അരലക്ഷം നിര്‍മാണത്തൊഴിലാളികള്‍ സെക്രട്ടറിയറ്റ് വളഞ്ഞതോടെ ബുധനാഴ്ച ഭരണസിരാകേന്ദ്രം സ്തംഭിച്ചു.

നിര്‍മാണമേഖലയിലെ രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുക, കരിങ്കല്ല്, മണല്‍, ചെങ്കല്ല് സംഭരണത്തിനുള്ള തടസ്സം നീക്കുക, ഡാമുകളില്‍നിന്ന് മണല്‍ സംഭരിച്ച് നിര്‍മാണാവശ്യങ്ങള്‍ക്ക് നല്‍കുക, വിലക്കയറ്റം തടയുക, ക്ഷേമനിധി ആനുകൂല്യങ്ങളുടെ തുക കാലോചിതമായി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ 2000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധസമരം. 14 ജില്ലയില്‍ നിന്നുമെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് തൊഴിലാളികള്‍ അതിരാവിലെതന്നെ ഉപരോധിച്ചതോടെ സെക്രട്ടറിയറ്റിലേക്ക് ജീവനക്കാര്‍ക്കു പോലും പ്രവേശിക്കാനായില്ല.

ബുധനാഴ്ച നടക്കുന്ന പതിവ് മന്ത്രിസഭായോഗവും സര്‍ക്കാരിന് മാറ്റിവയ്ക്കേണ്ടിവന്നു. ഉപരോധം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. നിര്‍മാണമേഖലയും തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവന്‍ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍, എ സമ്പത്ത് എംപി, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി, വി ശിവന്‍കുട്ടി എംഎല്‍എ, കെ ഒ ഹബീബ്, അഡ്വ. വി ശശീന്ദ്രന്‍, എസ്് എസ് പോറ്റി, സി ജയന്‍ബാബു, വി കെ മധു, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ വി ജോസ്, വാടി രവി, ടി കെ അച്യുതന്‍, കെ കെ ശ്രീധരന്‍, വി പി കുഞ്ഞികൃഷ്ണന്‍, മണ്ണാറം രാമചന്ദ്രന്‍, ഇ ജി മോഹനന്‍, സി പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment