Thursday, October 10, 2013

"വികസനം" റായ്ബറേലിയെ വീര്‍പ്പുമുട്ടിക്കുന്നു

റായ്ബറേലിയില്‍നിന്ന് എന്നും വാര്‍ത്തകളുണ്ട്; ഉദ്ഘാടനങ്ങളുടെയും തറക്കല്ലിടലുകളുടെയും. വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും റായ്ബറേലിയെ ശ്വാസംമുട്ടിക്കുകയാണ്. ലക്നൗവിനും അലഹബാദിനുമിടയിലുള്ള ഈ ചെറുപട്ടണത്തെ ചുറ്റിപ്പറ്റി വന്‍ സ്ഥാപനങ്ങളുടെ നിരയാണ് 10 വര്‍ഷംകൊണ്ട് ഉയര്‍ന്നത്. റെയില്‍ കോച്ച് ഫാക്ടറി മുതല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) വരെ സ്ഥലം എംപിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയില്‍ എത്തിച്ചു.

കഴിഞ്ഞ ദിവസം എയിംസിന്റെയും ഫോര്‍ജ്ഡ് വീല്‍ ഫാക്ടറിയുടെയും ശിലാസ്ഥാപനം സോണിയ ഗാന്ധി നിര്‍വഹിച്ചു. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിയും റായ്ബറേലി റെയില്‍വേ കോച്ച് ഫാക്ടറിയും ഒരുമിച്ച് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. റായ്ബറേലി ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ കോച്ചുകള്‍പാളത്തില്‍ ഓടാന്‍ തുടങ്ങി. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയെ ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയമില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ സന്നദ്ധമായി മുന്നോട്ടുവന്നു. നയപരമായ പ്രശ്നം പറഞ്ഞ് അത് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ റായ്ബറേലിയില്‍ പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ ഇസ്പാത് നിഗമുമായി സഹകരിച്ച് 1000 കോടി രൂപ മുതല്‍മുടക്കുള്ള വീല്‍ ഫാക്ടറിയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ഇവിടെ നയപരമായ പ്രശ്നങ്ങള്‍ തടസ്സമല്ല.

1685 കോടി ചെലവിട്ടാണ് റെയില്‍ കോച്ച് ഫാക്ടറി പദ്ധതി പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ നിരവധി പദ്ധതികള്‍ക്കായി 1500 കോടി രൂപ കൂടി റായ്ബറേലിക്ക് റെയില്‍വേ അനുവദിച്ചു. മോഡല്‍ റെയില്‍വേ സ്റ്റേഷന്‍, കുടിവെള്ള ബോട്ട്ലിങ് പ്ലാന്റ് ഇവയില്‍ പ്രധാനം. നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി, രാജീവ്ഗാന്ധി ഏവിയേഷന്‍ യൂണിവേഴ്സിറ്റി, ഇന്ത്യയിലെ ആദ്യത്തെ ഓള്‍ വിമന്‍ യൂണിവേഴ്സിറ്റി തുടങ്ങി ഏറ്റവുമൊടുവില്‍ എയിംസ്വരെ റായ്ബറേലിക്ക് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എയിംസ് സ്ഥാപിക്കാന്‍ നീക്കിവച്ചത് 823 കോടി.

ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയെന്ന് കരുതിയാല്‍ തെറ്റി. സാക്ഷരത 69.04 ശതമാനമാണ്. സ്ത്രീ-പുരുഷ അനുപാതം 1000:941. യുപിയിലെ 70 ജില്ലകളില്‍ വികസനത്തിന്റെ കാര്യത്തില്‍ റായബറേലിക്ക് 55-ാം സ്ഥാനം മാത്രം. റായ്ബറേലിയിലേക്ക് വരുന്ന സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ യോഗ്യതയുള്ള തദ്ദേശവാസികള്‍ കുറവ്. ദേശീയ സര്‍വകലാശാലകളും സ്ഥാപനങ്ങളും ഫാക്ടറികളുമൊക്കെ വരുമ്പോള്‍ അന്തംവിട്ട് നോക്കിനില്‍ക്കാനേ സാധാരണക്കാരായ റായ്ബറേലിക്കാര്‍ക്ക് കഴിയുന്നുള്ളൂ.
(വി ജയിന്‍)

deshabhimani

No comments:

Post a Comment