Tuesday, October 8, 2013

വിയറ്റ്നാം പാര്‍ടിയെ കാരാട്ട് അനുശോചനം അറിയിച്ചു

വിയറ്റ്നാം വിമോചന യുദ്ധനായകനും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വോ എന്‍ഗുയെന്‍ ഗ്യാപ്പിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി എന്‍ഗുയെന്‍ ഫു ട്രോങ്ങിന് കത്തയച്ചു.

വിയറ്റ്നാമിന്റെ വിമോചനത്തിനും പുനരേകീകരണത്തിനുമായി പോരാടിയ സായുധസേനകളുടെ കമാന്‍ഡറായിരുന്നു ജനറല്‍ ഗ്യാപ്പ്. ഫ്രഞ്ച് അധിനിവേശ ശക്തികള്‍ക്കെതിരായ സുദീര്‍ഘ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് ജനറല്‍ ഗ്യാപ്പാണ്. 1954ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോരാട്ടമാണ് ദിയന്‍ ബിയന്‍ ഫു വിജയത്തില്‍ കലാശിച്ചത്. അമേരിക്കന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തിനും പ്രതിരോധമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കി. വിയറ്റ്നാം ജനതയ്ക്കുമാത്രമല്ല ലോകമാകെയുള്ള പുരോഗമന ചിന്താഗതിക്കാര്‍ക്കും സ്വാതന്ത്ര്യപ്രേമികള്‍ക്കും വിപ്ലവ നായകനായിരുന്നു ഗ്യാപ്പ്. സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ അഗാധമായ അനുശോചനം വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിയെയും ജനറല്‍ ഗ്യാപ്പിന്റെ കുടുംബാംഗങ്ങളെയും അറിയിക്കുന്നു- കാരാട്ട് കത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment