Thursday, October 10, 2013

എഡിജിപി നടത്തിയത് മുഖ്യമന്ത്രിയുടെ "പ്രസ്താവന" എഴുതിയെടുക്കല്‍

സോളാര്‍ തട്ടിപ്പു കേസില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയത് മുഖ്യമന്ത്രിയുടെ വിശദീകരണം എഴുതിയെടുക്കല്‍മാത്രം. അല്ലാതെ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുകയോ വിശദമായ ചോദ്യംചെയ്യലോ ഉണ്ടായിട്ടില്ല. ഇക്കാര്യം മറച്ചുവച്ചാണ് മുഖ്യമന്ത്രിയെ ചോദ്യംചെയ്തെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍നായര്‍ എന്നിവര്‍ ഔദ്യോഗിക വസതിയില്‍ മുഖ്യമന്ത്രിയെ കണ്ടത്. ഡിജിപി, എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി പതിവായി കൂടിക്കാഴ്ച നടത്താറുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചുമതല മുഖ്യമന്ത്രിക്കാണ്. ചില ഐപിഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്താറുമുണ്ട്. ഇത്തരത്തിലുള്ള കൂടിക്കാഴ്ചയെന്ന മട്ടിലാണ് എഡിജിപി ക്ലിഫ് ഹൗസില്‍ എത്തിയത്. ശ്രീധരന്‍നായരുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചു. താനുമായി ബന്ധപ്പെട്ട ആക്ഷേപം മുഖ്യമന്ത്രി നിഷേധിച്ചു. ഇത് രേഖപ്പെടുത്തി എഡിജിപിയും ഡിവൈഎസ്പിയും "രക്ഷപ്പെട്ടു".

ഈ രേഖയാണ് ചോദ്യംചെയ്യല്‍ എന്ന വ്യാജേന കേസ്ഡയറിയില്‍ ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചെന്നു വരുത്തിത്തീര്‍ക്കാനാണ് അന്വേഷണസംഘത്തിന്റെയും സര്‍ക്കാരിന്റെയും ഗൂഢലക്ഷ്യം. ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ കേസ് സംബന്ധിച്ച് കോടതിയില്‍നിന്ന് ഇനിയും പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഭയന്നു. സരിതാനായരുമൊത്ത് ശ്രീധരന്‍നായര്‍ കണ്ടിരുന്നോയെന്ന് ഓര്‍മയില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇക്കാര്യം അദ്ദേഹം നേരത്തെതന്നെ ആവര്‍ത്തിക്കുന്നതുമാണ്. പണമിടപാടിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത് സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി അന്വേഷണസംഘം രേഖപ്പെടുത്തി.

പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തിലാണ് ശ്രീധരന്‍നായരുടെ ആരോപണവും ചര്‍ച്ചാവിഷയമായത്. അതിന് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം ഡിവൈഎസ്പി എഴുതി എടുത്തു. പ്രത്യേക ചോദ്യാവലി നല്‍കുകയോ മറുപടി എഴുതി വാങ്ങുകയോ ഉണ്ടായില്ല. അതേസമയം, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് രണ്ടുതവണ ചോദ്യംചെയ്തപ്പോഴും വ്യത്യസ്തമായ രീതിയാണ് അവലംബിച്ചത്. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴാണ് ആദ്യം വിജിലന്‍സ് എസ്പി ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്തത്. 2011 ഏപ്രില്‍ നാലിനാണ് ഇത്. അന്ന് 11 പേജുള്ള മൊഴിയാണ് രേഖപ്പെടുത്തിയത്. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് കോടതി തള്ളിയതിനെത്തുടര്‍ന്ന് 2012 ഒക്ടോബറില്‍ വീണ്ടും ചോദ്യംചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലും ദുരൂഹതയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചെന്നാണ് ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

deshabhimani

No comments:

Post a Comment