Thursday, October 10, 2013

ഡല്‍ഹിയില്‍ ത്രികോണ മത്സരം; കോണ്‍ഗ്രസിനും ബിജെപിക്കും ഉള്‍ക്കിടിലം

ഒന്നേകാല്‍ കോടി വോട്ടര്‍മാരും എഴുപത് നിയമസഭാ സീറ്റുമുള്ള ചെറിയ സംസ്ഥാനം. പക്ഷേ, ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം പ്രമുഖ പാര്‍ടികള്‍ക്കെല്ലാം നിര്‍ണായകം. 15 വര്‍ഷമായി കൈയാളുന്ന ഭരണം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിനത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശാസൂചിയാവും. ബിജെപി നാലാംവട്ടവും പരാജയപ്പെട്ടാല്‍ ഊതിവീര്‍പ്പിച്ച മോഡിപ്രഭാവം പൊട്ടിത്തകരും. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ടി (എഎപി)നേട്ടമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ മൂന്നാം ശക്തിയെ ജനങ്ങള്‍ കാംക്ഷിക്കുന്നു എന്നതിന്റെ തെളിവുമാകും. എഎപിയുടെ രംഗപ്രവേശംതന്നെയാണ് ഡല്‍ഹി ഫലത്തെ പ്രവചനാതീതമാക്കുന്നത്. കെജ്രിവാളിനെമാത്രം മുന്‍നിര്‍ത്തിയുള്ള എഎപി പ്രചാരണരംഗത്ത് ഏറെ മുന്നേറിയിട്ടുണ്ട്. ഭരണവിരുദ്ധ വോട്ടുകള്‍ എഎപി റാഞ്ചിയാല്‍ ബിജെപിക്കാകും ഏറെ ക്ഷീണം. പൊതുവെ അരാഷ്ട്രീയതയില്‍ അഭയം തേടുന്ന നഗരത്തിലെ മധ്യവര്‍ഗവും ചേരി നിവാസികളും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് എഎപിയുടെ പ്രതീക്ഷ. ന്യൂനപക്ഷ മേഖലകളിലും എഎപി സജീവം.

ഷീലാ ദീക്ഷിതിന്റെ നേതൃപ്രഭാവത്തിലാണ് മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ അവരുടെ പ്രതിച്ഛായ തകര്‍ന്നിട്ടില്ലെങ്കിലും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കോമണ്‍വെല്‍ത്ത് അഴിമതിയും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. ഡല്‍ഹി പൂര്‍ണമായും ഉപഭോഗ സംസ്ഥാനമായതിനാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികള്‍ ഏറെ. സവാളയ്ക്ക് മാസങ്ങളായി 60-80 എന്ന നിരക്ക് തുടരുകയാണ്. 1998ല്‍ ബിജെപിക്ക് അധികാരം നഷ്ടമായത് ഉള്ളിവില വിഷയത്തിലായിരുന്നു. പോളിങ് ദിനമായ ഡിസംബര്‍ നാലിനു മുമ്പ് സവാള വില കുറയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സ്ത്രീസുരക്ഷയാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഡല്‍ഹി കൂട്ടബലാല്‍സംഗം ഇപ്പോഴും തെരഞ്ഞെടുപ്പ് വേദികളിലെ മുഖ്യപ്രചാരണ വിഷയം. ഡല്‍ഹിയിലെ ആഭ്യന്തരസുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും പഴിയത്രയും സംസ്ഥാന സര്‍ക്കാരിന്. സാമ്പത്തികമാന്ദ്യവും രൂപയുടെ വിലയിടിവുമെല്ലാം ഷീലാ ദീക്ഷിതിന് തലവേദന സൃഷ്ടിക്കുന്ന വിഷയങ്ങളാണ്. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമോ എന്ന സംശയം കോണ്‍ഗ്രസിനുണ്ട്. പാചകവാതക സബ്സിഡിയുടെ കാര്യത്തിലെ അനിശ്ചിതത്വവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. മോഡിപ്രഭാവം നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രോഹിണിയില്‍ മോഡി പങ്കെടുത്ത റാലിയില്‍ കാര്യമായ ആള്‍ക്കൂട്ടമുണ്ടായി. ഇനി രണ്ട് റാലികളില്‍ കൂടി മോഡി പങ്കെടുക്കും. നഗരവോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് ഡല്‍ഹി ഫലം തെളിയിക്കും. മുഖ്യമന്ത്രിസ്ഥാനത്തിനായി നേതാക്കളുടെ പിടിവലി ബിജെപിക്ക് ക്ഷീണംചെയ്യുന്നുണ്ട്. വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത, ഹര്‍ഷ്വര്‍ധന്‍, വി കെ മല്‍ഹോത്ര തുടങ്ങിയവരാണ് രംഗത്തുള്ളത്. എഎപി 20 ശതമാനംവരെ വോട്ടും 8-12 സീറ്റുകളും നേടുമെന്നാണ് സര്‍വേഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ എഎപി നേടുന്ന സീറ്റുകള്‍ നിര്‍ണായകമാകും. എന്നാല്‍ തൂക്കുസഭയാണെങ്കില്‍ കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണയ്ക്കില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment