Wednesday, November 6, 2013

ഉപജാപകര്‍ക്ക് പഠിക്കാന്‍ ഈ പാഠം

ജുഡീഷ്യറിയുടെ ആദ്യപരിശോധനയില്‍ തന്നെ ചരമമടയാന്‍ പാകത്തിലുള്ള ഒന്നായിരുന്നു "ലാവ്ലിന്‍" കേസ്. സിബിഐ അന്വേഷിച്ചു സമര്‍പ്പിച്ച "ഫൈനല്‍ റിപ്പോര്‍ട്ട്" പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നുകണ്ട് കോടതി തള്ളിയപ്പോള്‍, വിചാരണയ്ക്കുപോലും അര്‍ഹതയില്ലാത്ത ആരോപണസമാഹാരത്തെയാണ് പതിറ്റാണ്ടിലേറെയായി "ലാവ്ലിന്‍ കേസെ"ന്നും "പടുകൂറ്റന്‍ അഴിമതി"യെന്നും കൊണ്ടാടിയതെന്നാണ് തെളിയിക്കപ്പെട്ടത്. രാഷ്ട്രീയലക്ഷ്യങ്ങളും പകയും അധികാരപ്രമത്തതയുമാണ് ഈ കേസിന്റെ അടിത്തറ. ഊഹാപോഹങ്ങളും അപവാദ കല്‍പ്പനകളുമാണ് അതിന്റെ ചുമരും മേല്‍ക്കൂരയും. സിബിഐയെ കാട്ടി ഘടക കക്ഷികളെ നിലയ്ക്കുനിര്‍ത്താനും പാര്‍ലമെന്റില്‍ ഭൂരിപക്ഷമുറപ്പിക്കാനും പഠിച്ച യുപിഎ സര്‍ക്കാര്‍, കമ്യൂണിസ്റ്റുകാര്‍ക്കുനേരെയും അതേ ആയുധം പ്രയോഗിക്കാമോ എന്ന പരീക്ഷണമാണ് നടത്തിയത്; പരാജയപ്പെട്ടതും.

കേസിന്റെ സങ്കീര്‍ണ സാങ്കേതികതലങ്ങളിലേക്ക് പോകാതെ തന്നെ ചൂണ്ടിക്കാട്ടാവുന്ന ചില വസ്തുതകളുണ്ട്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസാണ്, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. അതിനുള്ള ഉത്തരവില്‍ കേരള ഹൈക്കോടതി എഴുതിച്ചേര്‍ത്ത ഒരു കാര്യം ഇങ്ങനെ: "ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. സംസ്ഥാനത്തിന് 374.5 കോടി രൂപ നഷ്ടപ്പെട്ടെന്നും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങുകപോലും ചെയ്തിട്ടില്ല എന്നതും അംഗീകരിക്കപ്പെട്ട കാര്യമാണ്". തലശ്ശേരിക്കടുത്ത് കോടിയേരിയില്‍, ആയിരക്കണക്കിന് അര്‍ബുദരോഗികള്‍ക്ക് ആശ്വാസമായി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ മലപോലെ നില്‍ക്കുമ്പോഴാണ്, കോടതി ഇത്തരം തെറ്റിദ്ധാരണയിലെത്തിയത്. നീതിപീഠത്തെ സമര്‍ഥമായി തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിതശ്രമം നടന്നു എന്നതിന് ഇതില്‍പ്പരം എന്തുതെളിവ് വേണം?

374.5 കോടി രൂപയുടെ "നഷ്ട"മാണ് മറ്റൊരു വിഷയം. സിഎജി അന്തിമ റിപ്പോര്‍ട്ടില്‍ അങ്ങനെ പറഞ്ഞിട്ടില്ല. പിഎസ്പി (പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാറിനെ കുറിച്ച് സിഎജി പറഞ്ഞത് ഇങ്ങനെ: "... the expenditure of Rs.374.50 crore did not yield commensurate gains.. 374.5 കോടി രൂപ ചെലവുചെയ്തതിന് ഒക്കുംവിധം നേട്ടമുണ്ടായിട്ടില്ലെന്ന്. ഈ വിലയിരുത്തല്‍ തെറ്റാണ്, മൂന്നു നിലയത്തിലും പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടക്കുന്നു, ചെലവിട്ടതിനേക്കാള്‍ തുക അതില്‍നിന്നു ലഭിച്ചിട്ടുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ കെഎസ്ഇബി സിഎജിയെ അറിയിച്ചത് മറ്റൊരു കാര്യം. എന്നാല്‍, ചില മാധ്യമങ്ങള്‍, ലാവ്ലിന്‍ കേസിന് സാധൂകരണം കണ്ടെത്താന്‍ സിഎജി റിപ്പോര്‍ട്ടിനെയാണ് തുടരെത്തുടരെ ഉപയോഗിച്ചത്. "report of the Principal AG concluding that the \'...entire expenditure of the Rs. 374.5 crore incurred for renovation was rendered wasteful.\'" (ചെലവിട്ട പണമാകെ പാഴായി) എന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളതെന്ന് അവര്‍ കളവായി പ്രചരിപ്പിച്ചു. ആ കളവ്, അഴിമതി നടന്നെന്ന കള്ളപ്രചാരണത്തിന് തൊങ്ങലാക്കി. 374 കോടിയുടെ ഭാരം പിണറായി വിജയന്റെ മുതുകില്‍വച്ചു. യഥാര്‍ഥത്തില്‍, ചെലവിട്ട തുക മുഴുവന്‍ പാഴായെന്ന് സിഎജി കണ്ടെത്തിയത് കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ പദ്ധതിലാണ്.

അതിന്റെ എല്ലാ കരാറും ഒപ്പിട്ടത് യുഡിഎഫ് ഭരണകാലത്താണ്. അതിന്റെ നടപടിക്രമങ്ങളാകെ പിഎസ്പി കരാറിന് സമാനമാണ്. പക്ഷേ, "ലാവ്ലിന്‍ കേസ്" പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ക്ക് കുറ്റ്യാടിയെ കുറിച്ച് മിണ്ടാട്ടമില്ല. കുറ്റ്യാടി എക്സ്റ്റെന്‍ഷന്് ചെലവിട്ട തുക അപ്പാടെ പാഴായെന്ന സിഎജിയുടെ നിഗമനവും പിണറായിക്കെതിരായ കുറ്റാരോപണമാക്കി മാറ്റിയ സാമര്‍ഥ്യം അപവാദപ്രചാരകരുടെ അതിസാമര്‍ഥ്യമായി തെളിഞ്ഞുനില്‍ക്കുന്നു. പിഎസ്പി പദ്ധതികള്‍ക്ക് ആകെ കണക്കാക്കിയ ചെലവ് 251 കോടി രൂപയാണ്. ക്യാനഡയില്‍നിന്നുള്ള സാധനസാമഗ്രികള്‍ക്കും സേവനത്തിനും 141 കോടി. ഇവിടെനിന്നുള്ള സാധനങ്ങള്‍ക്കും മറ്റുമായി 90 കോടി. വായ്പയുടെ പലിശയും മറ്റും പുറമെ. എന്നിട്ടും 374 കോടിയുടെ "അഴിമതി" എന്ന് യുക്തിബോധത്തെ വെല്ലുവിളിച്ച് ആവര്‍ത്തിച്ച വലതുപക്ഷമാധ്യമങ്ങളെയും രാഷ്ട്രീയത്തെയും നഗ്നരാക്കുന്നുണ്ട് ചൊവ്വാഴ്ചത്തെ കോടതിവിധി.

ലാവ്ലിന്‍ കരാര്‍ യുഡിഎഫ് ആരംഭിച്ചതാണ്. ജി കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ 1995 ആഗസ്ത് പത്തിനാണ് ധാരണാപത്രം ഒപ്പിട്ടത്. കണ്‍സള്‍ട്ടന്‍സി കരാര്‍ "96 ഫെബ്രുവരി 24ന് കാര്‍ത്തികേയന്റെ കാലത്തുതന്നെ ഒപ്പിട്ടു. അക്കൊല്ലം മെയിലാണ് എല്‍ഡിഎഫ് അധികാരത്തില്‍വരികയും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാകുകയും ചെയ്തത്. അതിനു മുമ്പുതന്നെ പൂര്‍ത്തിയായ കരാര്‍ പിണറായി വിജയന്‍ പുതുതായി ഗൂഢാലോചന നടത്തി ലാവ്ലിന് നല്‍കിയെന്ന പരിഹാസ്യമായ ആരോപണമാണ് സിബിഐ ഉന്നയിച്ചത്. കാര്‍ത്തികേയന്റെ കാലത്തെ കരാറില്‍ ലാവ്ലിന് നല്‍കേണ്ട സംഖ്യയില്‍ 40 കോടിയോളം കുറവുവരുത്തുകയാണ് പിണറായി ചെയ്തത് എന്നത് കുപ്രചാരകര്‍ സൗകര്യപൂര്‍വം മറന്നു. ലാവ്ലിന്‍ കമ്പനിയെ സഹായിക്കാന്‍ "ഗൂഢാലോചന നടത്തുന്ന" വ്യക്തിക്ക് എങ്ങനെയാണ് ഇതിനു കഴിയുക എന്ന സാമാന്യയുക്തിപോലും അവരെ അലട്ടിയില്ല. യുഡിഎഫ് കാലത്ത് പൂര്‍ത്തിയാക്കിയ കരാറിനുശേഷം ക്യാനഡയിലെ വിവിധ ഏജന്‍സികള്‍ വഴി ഫണ്ട് സമാഹരിച്ച് 98 കോടി രൂപ ചെലവില്‍ മലബാറിലെ എട്ടു ജില്ലയിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന പൊതുതാല്‍പ്പര്യത്തില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സ്പെഷ്യാലിറ്റി ആശുപത്രിക്ക് രൂപംനല്‍കിയെന്ന "കുറ്റകൃത്യ"മാണ് പിണറായി വിജയന്‍ ചെയ്തത്. അതിനാണ് ഇങ്ങനെ വേട്ടയാടപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിച്ച ആ ആശുപത്രിയെപ്പോലും അഴിമതിക്കണക്കില്‍ പിണറായി വിജയനെതിരായി തിരിച്ചുവിടാനാണ് ശ്രമം നടന്നത്. അദ്ദേഹം ജനിച്ച ജില്ലയില്‍ ആശുപത്രി സ്ഥാപിച്ചെന്നത് വലിയ പാതകമായി ഒരുകൂട്ടം മാധ്യമങ്ങളും യുഡിഎഫും ചിത്രീകരിച്ചു. അതേറ്റുപിടിച്ചാണ് സിബിഐ കോടതിയില്‍ എത്തിയത്്. ബോധമുള്ള ആരും ചെയ്യാത്ത ആ കൃത്യത്തിനാണ്, കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

സിബിഐ കോടതിയുടെ വിധി പലര്‍ക്കും പഠിക്കാനുള്ള വിഷയമാണ്. ശൂന്യതയില്‍നിന്ന് കെട്ടിപ്പൊക്കിയ ആരോപണങ്ങളും അപവാദങ്ങളുംകൊണ്ട് സത്യത്തെ എക്കാലത്തേക്കും മറച്ചുവയ്ക്കാനാകില്ലെന്ന പാഠം. പച്ചക്കള്ളങ്ങള്‍ ആയിരംവട്ടം ആവര്‍ത്തിച്ച് കുറെ ശുദ്ധമനസ്കരുടെ മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഉപജാപകര്‍ക്ക്. പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് അങ്ങനെ പതിഞ്ഞ തെറ്റായ ചിത്രം നീതിപീഠത്തിന്റെ തീര്‍പ്പിലൂടെ മാഞ്ഞുപോകുകയാണ്. തെളിഞ്ഞുവരുന്നത് തെറ്റിനടിപ്പെടാത്ത, അസത്യങ്ങള്‍ക്കുമുന്നില്‍ തലകുനിക്കാത്ത, ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും മുന്നില്‍ പതറാത്ത ധീരനായ കമ്യൂണിസ്റ്റിന്റെ ചിത്രമാണ്; പിണറായി വിജയന്‍ എന്ന ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിന്റെ ചിത്രമാണ്. പിണറായി വിജയനെതിരെ വന്നപോലെ അപവാദങ്ങളുടെ പെരുമഴ മുമ്പ് മറ്റൊരു നേതാവിനുമേലും വീണിട്ടില്ല. ഇതുപോലെ മറ്റൊരു നേതാവും വളഞ്ഞിട്ടാക്രമിക്കപ്പെട്ടില്ല. ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ ജീവിതാന്ത്യം വരെ അതിന്റെ പീഡാഭാരം പേറേണ്ടിവന്നിട്ടുണ്ട്- എവിടെയും. ഇവിടെ, പിണറായി എല്ലാ ആക്രമണങ്ങളെയും അതിജീവിച്ച് അപവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമറയെ വകഞ്ഞുമാറ്റി ആര്‍ജവത്തോടെ ജനങ്ങള്‍ക്കുമുന്നിലെത്തുകയാണ്. ഇതും ഒരു ചരിത്രമാണ്. കമ്യൂണിസ്റ്റ് അതിജീവനത്തിന്റെ ജ്വലിക്കുന്ന ചരിത്രം.

പി എം മനോജ് deshabhimani

No comments:

Post a Comment