Wednesday, November 6, 2013

എ കെ ആന്റണിയെ മറിച്ചിട്ടതല്ല: ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി സ്ഥാനത്ത്നിന്ന് എ കെ ആന്‍റണിയെ ആരും മറിച്ചിട്ടതല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആന്റണി മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. ആന്റണി സ്വയം രാജിവെച്ചൊഴിഞ്ഞതാണ്. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. അതില്‍ സംശയം വേണ്ട. അധികാരത്തിലേറിയ അന്നുമുതല്‍ ഈ സര്‍ക്കാര്‍ വിഴാന്‍ പോകുകയാണെന്ന് പറഞ്ഞ് തുടങ്ങിയിരുന്നു. എന്നിട്ടും ഇതുവരെ ഒന്നും സംഭവിച്ചില്ല. തുടര്‍ന്നും ഒന്നും സംഭവിക്കില്ല. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ലാ വ് ലിന്‍ കേസില്‍ സിബിഐ അന്വേഷണം ഏര്‍പ്പെടുത്തിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്രീമിലെയര്‍ പരിധി നാലര ലക്ഷത്തില്‍നിന്ന് ആറരലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തീരുമാനം. നിതാഖത്ത് പ്രതിസന്ധിയില്‍ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിനും അംഗീകാരം നല്‍കിയെന്ന്  ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്രീമിലെയര്‍ പരിധി ഉയര്‍ത്തണമെന്നത് എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഈ ആവശ്യമാണ് ഇന്ന് മന്ത്രിസഭായോഗം അംഗീകരിച്ചത്. മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിതാഖത് പാക്കേജിന് രൂപം നല്‍കിയത്. പാക്കേജ് പ്രകാരം നിതാഖത്ത് പ്രതിസന്ധി മൂലം തിരിച്ചുവരുന്നവരുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് സഹായം നല്‍കും. തിരികെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായവും നല്‍കും. ഇതിനകം 13,000 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. 200 പേര്‍ വരാനൊരുമിച്ചാല്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തും. കൂടാതെ ഡെല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ ഹെല്‍പ് ഡെസ്ക്കും സ്ഥാപിക്കും. സൗദിയില്‍ നിന്ന് നവംബര്‍ 20ന് പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്യാന്‍ നോര്‍ക്കക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരി പാത എരുമേലി വരെ നീട്ടാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിന് 74 കോടി രൂപ അനുവദിക്കും. ആദ്യ ഘട്ടമായി ഈ വര്‍ഷം 20 കോടി രൂപ അനുവദിക്കും. വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ 31 പുതിയ തസ്തികകള്‍ അനുവദിക്കാനും തീരുമാനമായി.

deshabhimani

No comments:

Post a Comment