Wednesday, November 6, 2013

മഞ്ഞപ്പത്രം വിശിഷ്ട വിഭവമാക്കിയവരോട്

വരദാചാരിയുടെ തല മുതല്‍ കോടികളുടെ കൈമാറ്റം നേരിട്ടു കണ്ട ദീപക്കുമാര്‍ വരെ മാധ്യമങ്ങള്‍ ആഘോഷിച്ചതൊക്കെ വെറുതെയായി. ഉപജാപകവൃന്ദത്തിന്റെ കോടാലിക്കൈയായ മഞ്ഞപ്പത്രനടത്തിപ്പുകാരന്‍ എറിഞ്ഞുകൊടുക്കുന്നതെന്തും ഏറ്റെടുത്ത മാധ്യമങ്ങള്‍ക്ക് ഇനിയെന്താണ് പറയാനുള്ളത്. ആരോപണങ്ങളുന്നയിക്കുക, അത് പൊളിയുമ്പോള്‍ പുതിയത് സൃഷ്ടിക്കുക, കത്തും കുത്തും ഹര്‍ജികളും ഉപഹര്‍ജികളുമായി കോടതി കയറുക, അതൊക്കെ വലിയ വാര്‍ത്തയാക്കി അപവാദം തുടരുക-ഇതായിരുന്നു വര്‍ഷങ്ങളായി സിപിഐ എമ്മിനെ വേട്ടയാടിയതിന്റെ രീതി.

നിയമപരമായി നിലനില്‍ക്കില്ലെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് ലാവ്ലിന്‍ കേസ് വിചാരണ ഏതുവിധേനയും നീട്ടിക്കൊണ്ടുപോകാന്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശ്രമിച്ചത്. പുതിയ ആരോപണങ്ങളുടെയും ഹര്‍ജികളുടെയും ഉപഹര്‍ജികളുടെയും ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല. 2001 ജൂണില്‍ ക്രൈംവാരികയില്‍ വന്ന ആരോപണം ഏറ്റെടുത്താണ് മാധ്യമങ്ങളും യുഡിഎഫും സിപിഐ എം വേട്ട ആരംഭിച്ചത്. പന്നിയാര്‍-ചെങ്കുളം-പള്ളിവാസല്‍ പദ്ധതി നവീകരണത്തിന് വിനിയോഗിച്ച 374.5 കോടി രൂപയും അഴിമതിത്തുകയായി രൂപാന്തരപ്പെടുത്തിയവര്‍ മഞ്ഞപ്പത്രക്കാരനെ രംഗത്തിറക്കി. ഇയാള്‍ക്കു പിന്നാലെയായിപിന്നീട് ദൃശ്യ-പത്രമാധ്യമങ്ങള്‍.

പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഈ മഞ്ഞപ്പത്രം വഴി പാര്‍ടിശത്രുക്കള്‍ അടിച്ചുവിട്ടതൊക്കെയും മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. പിണറായിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന് തെളിവുസൃഷ്ടിക്കാന്‍ ശ്രമിച്ചുതളര്‍ന്ന് സിബിഐ പിന്മാറിയപ്പോള്‍ 270 കോടി രൂപ ബ്രോക്കര്‍പണം കിട്ടിയെന്നും അത് സിംഗപ്പുരിലെ കമല ഇന്റര്‍നാഷണല്‍ എക്സപോര്‍ട്സില്‍ നിക്ഷേപിച്ചെന്നും മഞ്ഞപ്പത്രക്കാരന്‍ ആരോപിച്ചു. സിബിഐക്ക് ഇയാള്‍ കത്തയച്ചു. സിബിഐ അന്വേഷിക്കുന്നില്ലെന്നാരോപിച്ച് ഹൈക്കോടതിയിലെത്തി. ആരോപണം കള്ളമാണെന്നും സിംഗപ്പുരില്‍ അങ്ങിനെയൊരു സ്ഥാപനമേയില്ലെന്നും കേന്ദ്രആദായനികുതി വകുപ്പ് വ്യക്തമാക്കി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മഞ്ഞപ്പത്രക്കാരന്റെ ആക്ഷേപം വന്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്നു ഭാവിച്ചു. ചെന്നൈയില്‍ പിണറായിക്ക് ടെക്നിക്കാലിയ എന്ന സ്ഥാപനത്തില്‍ ബിനാമി നിക്ഷേപമുണ്ടെന്നായിരുന്നു അടുത്ത വെടി. ഈ ആരോപണവും സിബിഐ തള്ളിയപ്പോള്‍ മാധ്യമങ്ങള്‍ കണ്ണടച്ചു. ആരോപണങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണമാവശ്യപ്പെട്ട് ആദായനികുതിവകുപ്പ് മഞ്ഞപ്പത്രാധിപന് കത്ത് നല്‍കിയെങ്കിലും അനക്കമുണ്ടായില്ല. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും കൈയില്‍ തെളിവില്ലെന്ന വിചിത്ര മൊഴിയും ഇയാള്‍ സിബിഐക്ക് നല്‍കി. പിണറായി സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ക്രൈമിനെ പിന്തുടര്‍ന്ന് മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളും ചാനലുകളും അന്നുവരെ കേട്ടിട്ടില്ലാത്ത ദൃക്സാക്ഷി ദീപക്കുമാറുമായിഎത്തി. "പിണറായി പണം വാങ്ങുന്നത് നേരിട്ടുകണ്ട" ഈ കള്ളസാക്ഷി ക്യാനഡയിലേക്ക് പോയ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് മൊഴിനല്‍കിയെന്നും മാധ്യമപ്രചാരണമുണ്ടായി. മാധ്യമങ്ങള്‍ കൊണ്ടാടിയ ഈ കള്ളസാക്ഷിയും മൊഴിയും പക്ഷേ സിബിഐ കുറ്റപത്രത്തിലുണ്ടായിരുന്നില്ല. അപ്പോഴും നുണ പൊളിയുമ്പോഴുള്ള പതിവുമൗനം മാധ്യമങ്ങള്‍ തുടര്‍ന്നു.

ലാവ്ലിന്‍ കേസിലെ വരദാചാരിയുടെ തല പരിശോധന അധമ മാധ്യമപ്രവര്‍ത്തനത്തിന്റെ എക്കാലത്തെയും ഏറ്റവും പ്രധാന തെളിവുകളിലൊന്നായി. 1997 സെപ്തംബറില്‍ സഹകരണവകുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വരദാചാരി വാര്‍ത്ത 2003 മാര്‍ച്ചില്‍ ലാവ്ലിന്‍ കേസില്‍ കൂട്ടിക്കുഴച്ചു. ലാവ്ലിന്‍ കരാറിനെ എതിര്‍ത്തതിന് ധനസെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കാന്‍ പിണറായി എഴുതി എന്ന് വാര്‍ത്ത മാറ്റിമറിച്ച് ആറുവര്‍ഷം ആഘോഷിച്ചു. 2009 ജൂണില്‍ "ദേശാഭിമാനി" മാധ്യമങ്ങളുടെ കള്ളം പുറത്തുകൊണ്ടുവന്നു. അതോടെ മാധ്യമങ്ങള്‍ വരദാചാരിയുടെ തല ഉപേക്ഷിച്ചു. ഊതിവീര്‍പ്പിച്ച ലാവ്ലിന്‍ കേസ് നീര്‍ക്കുമിളപോലെ പൊട്ടിത്തകര്‍ന്ന സാഹചര്യത്തിലെങ്കിലും മാധ്യമനുണപ്രചാരകര്‍ സമൂഹത്തോട് ക്ഷമചോദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കെ എം മോഹന്‍ദാസ് deshabhimani 061113

No comments:

Post a Comment