Wednesday, November 6, 2013

ജനങ്ങളെ മറന്ന് പരിസ്ഥിതി സംരക്ഷണം വേണ്ട: മാധവ് ഗാഡ്ഗില്‍

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടത് നിയമനിര്‍മാണമല്ലെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണെന്നും പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ജനങ്ങള്‍ ബോധവല്‍ക്കരിക്കപ്പെട്ടാല്‍ നിയമത്തിന്റെ ആവശ്യമില്ല. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍) സംഘടിപ്പിച്ച പ്രഭാഷണപരമ്പരയില്‍ പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ മറന്നുള്ള പരിസ്ഥിതി സംരക്ഷണമല്ല തന്റെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണെന്നുള്ള ബോധം പശ്ചിമഘട്ടമേഖലയില്‍ ജീവിക്കുന്നവര്‍ക്കുണ്ട്. പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകള്‍ അവരുടെ പങ്കാളിത്തത്തോടെ സംരക്ഷിക്കാനാണ് നിര്‍ദേശം. പാരിസ്ഥിതിക ദുര്‍ബലപ്രദേശം സംബന്ധിച്ച തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതുസംബന്ധിച്ച ചര്‍ച്ച നടക്കേണ്ടത് ഗ്രാമസഭകളിലാണ്. ശാസ്ത്രീയ പഠനത്തിനുശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിസ്ഥിതി സംരക്ഷണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിനെ ചോദ്യംചെയ്യുന്ന ഡോ. കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഞെട്ടിച്ചുവെന്ന് പ്രൊഫ. ഗാഡ്ഗില്‍ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമായി മാറുന്ന പല നിര്‍ദേശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. സര്‍പ്പക്കാവുകള്‍ പാരിസ്ഥിതിക മേഖലയല്ല, സാംസ്കാരിക മേഖലയാണെന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ മറവില്‍ കാവുകളില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ അവസരമൊരുങ്ങുമെന്നും ഗാഡ്ഗില്‍ വിശദമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ ഏറ്റവും നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. പ്ലാച്ചിമടയില്‍ കൊക്കകോള ഫാക്ടറിക്കെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളാണ് തന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ണമായി വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഗാഡ്ഗില്‍ പറഞ്ഞു.

ചടങ്ങില്‍ അഡ്വ. ടി എം മുഹമ്മദ് യൂസഫ് അധ്യക്ഷനായി. അഡ്വ. രഞ്ജിത് തമ്പാന്‍, അഡ്വ. വി രാജേന്ദ്രന്‍, അഡ്വ. അജിത് കൃഷ്ണന്‍, അഡ്വ. എ ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment