Thursday, November 7, 2013

കരളുറപ്പിന്റെ സമാഗമം; പങ്കിട്ടത് നടുക്കുന്ന ഓര്‍മകള്‍

കണ്ണൂര്‍: ആര്‍എസ്എസ് നരാധമന്മാരുടെ കൊലവാളുകളില്‍നിന്ന് ജീവന്‍ തിരിച്ചുകിട്ടിയ പോരാളിയും ഇരയും - സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഗുജറാത്ത് കലാപത്തിന്റെ ഭീതിദമായ ഓര്‍മകളുമായെത്തിയ കുത്ബുദ്ധീന്‍ അന്‍സാരിയും. തീര്‍ത്തും വികാരഭരിതമായിരുന്നു ഇവരുടെ കൂടിക്കാഴ്ച. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ഹൃദയം ഹൃദയത്തോട് സംവദിച്ച അനര്‍ഘ നിമിഷം.

കോഴിക്കോട്ട് ഒരു പരിപാടിക്കെത്തിയ കുത്ബുദ്ധീന്‍ അന്‍സാരി ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സുഹൃത്തുക്കളായ മുക്താര്‍ അഹമ്മദ്, മലയാളികൂടിയായ സഹീദ് റൂമി എന്നിവര്‍ക്കൊപ്പം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയത്. മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ പി ജയരാജനും മറ്റു സഖാക്കളും മുറ്റത്തുതന്നെ കാത്തുനില്‍ക്കുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ സംഘത്തെ ജയരാജന്‍ നേരിട്ടുചെന്ന് ഹസ്തദാനംചെയ്ത് എതിരേറ്റു. കുത്ബദ്ധീനെപ്പോലെ ഗുജറാത്ത് വംശഹത്യയിലെ ഇരയാണ് വ്യവസായിയും ആക്ടിവിസ്റ്റുമായ മുക്താര്‍ അഹമ്മദും. തന്നെപ്പോലെ ആര്‍എസ്എസ് ക്രൗര്യം നേരിട്ട് അനുഭവിച്ച പി ജയരാജനെ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി കുത്ബുദ്ധീന്‍ പറഞ്ഞു.

""മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനുംവേണ്ടിയാണ് ഞാനിന്ന് ജീവിക്കുന്നത്. ഞാന്‍ മുസ്ലിമാണ്; ഇദ്ദേഹം ഹിന്ദുവും. ഞങ്ങള്‍ രണ്ടുപേരും മനുഷ്യരാണ്. ഏതു മതത്തില്‍പ്പെട്ടവരായാലും നമുക്കിവിടെ മനുഷ്യരായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാകണം"". ഗുജറാത്തിലെ വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹിന്ദുക്കളാകെ വര്‍ഗീയവാദികളല്ലെന്ന് കുത്ബുദ്ദീന്‍ മറുപടി നല്‍കി. ""കലാപകാലത്ത് ആദ്യം ഞങ്ങളുടെ സഹായത്തിനെത്തിയത് ഹിന്ദുക്കളാണ്. പുനരധിവാസ ക്യാമ്പുകളില്‍ ഹിന്ദുക്കളാണ് ഞങ്ങളുടെ കുട്ടികള്‍ക്ക് പാലും ബിസ്കറ്റും എത്തിച്ചുതന്നത്. ഈ സാഹോദര്യത്തിന്റെ മനോഭാവം മോഡി സര്‍ക്കാരിന് ഇല്ലാതെ പോയി""- അദ്ദേഹം പറഞ്ഞു.

അത്യന്തം വികാരനിര്‍ഭരമാണ് ഈ നിമിഷമെന്ന് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ വര്‍ഗീയഫാസിസത്തെ നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തതിന്റെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം 56 സഖാക്കള്‍ക്കാണ് ജീവന്‍ നല്‍കേണ്ടിവന്നത്. നൂറുകണക്കിനാളുകള്‍ ജീവഛവമായി. അതില്‍ ഒരിരയാണ് ഞാനും. ആര്‍എസ്എസും സംഘപരിവാരവും നടത്തിയ ഭീകരമായ വംശഹത്യയുടെ ഇരയായ കുത്ബുദ്ധീനെ കാണാനായതില്‍ സന്തോഷമുണ്ട്- ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മൊമെന്റോയും കൈത്തറി വസ്ത്രങ്ങളും നല്‍കിയാണ് പി ജയരാജന്‍ കുത്ബുദ്ധീനെ യാത്രയാക്കിയത്. അദ്ദേഹം ജയരാജനും ഒരു സ്നേഹസമ്മാനം കരുതിയിരുന്നു- ഒരു കസവുമുണ്ട്.

deshabhimani

No comments:

Post a Comment