Wednesday, November 6, 2013

ലാവ്‌ലിന്‍ വിധി സത്യത്തിന്റെ വിജയം:ജനയുഗം മുഖപ്രസംഗം

കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ദീര്‍ഘകാലം പിടിച്ചുകുലുക്കിയ ലാവ്‌ലിന്‍ കേസില്‍ സി ബി ഐ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. സഖാവ് പിണറായി വിജയനടക്കം അതില്‍ പ്രതിസ്ഥാനത്തു നിര്‍ത്തപ്പെട്ടവരെയെല്ലാം കുറ്റവിമുക്തരാക്കുന്നതാണ് ആ വിധി. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ എന്നും എടുത്തുവീശാനായി യു ഡി എഫും അതിന്റെ പിണിയാളരും കരുതിവച്ച വാളിന്റെ വായ്ത്തലയാണ് ഈ വിധിയോടെ ഒടിഞ്ഞുമടങ്ങിപ്പോയത്. ദുരുപദിഷ്ടമായ ലക്ഷ്യത്തോടെ ആ വാള്‍ പണിയാന്‍ കോപ്പുകൂട്ടിയ വലതുപക്ഷത്തിന്റെ എല്ലാ ബുദ്ധികേന്ദ്രങ്ങളും ഈ വിധിക്കുമുമ്പില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. അവരുടെ നിരാശയുടേയും അമ്പരപ്പിന്റെയും ആഴം എത്രയെന്ന് അവര്‍ക്കുതന്നെ അറിയില്ല. തന്റെ പ്രതികരണം പിറ്റേന്നാളിലേക്ക് മാറ്റിവച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോഹഭംഗത്തിന്റെ ചുമട് പേറുന്ന ഏതോ ശോകകഥാപാത്രത്തെയാണ് ഓര്‍മിപ്പിക്കുന്നത്.

ജനദ്രോഹനയങ്ങളുടെ കൊടുമുടിതേടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പടപൊരുതുന്ന ഇടതുപക്ഷ-ജനാധിപത്യ ശക്തികളെയാകെ ഇന്നലത്തെ വിധി ആവേശം കൊള്ളിക്കുന്നു. വരാനിരിക്കുന്ന ദിനങ്ങളിലെ വീറുറ്റ സമരങ്ങള്‍ക്ക് പ്രോത്സാഹനവും പ്രചോദനവുമായി അതു മാറും. ഇടതുപക്ഷം സ്വന്തം വിശ്വാസപ്രമാണങ്ങളുടെ അവിഭാജ്യഭാഗമായി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ ചൈതന്യമാണ് ഈ വിധിപ്രസ്താവത്തോടെ ശരിവയ്ക്കപ്പെടുന്നത്. അതിനു മങ്ങലേല്‍പ്പിക്കാന്‍ വലതുപക്ഷ സ്ഥാപിത താല്‍പര്യങ്ങള്‍ എത്രമേല്‍ ശ്രമിച്ചാലും താല്‍ക്കാലികമായ ആശയക്കുഴപ്പമുണ്ടാക്കുന്നതിനപ്പുറം അതിനു വിജയം വരിക്കാനാവില്ലെന്നു വ്യക്തമാവുകയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടങ്ങളിലും അധികാരം കൈയാളുമ്പോഴും അല്ലാത്തപ്പോഴും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും നയിക്കുന്നത് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളാണ്. ആ വ്യത്യാസത്തിന്റെ വര നേര്‍ത്തുനേര്‍ത്തു ഇല്ലാതായെന്നു സ്ഥാപിക്കാന്‍ ചില കേന്ദ്രങ്ങള്‍ വ്യഗ്രതപ്പെടാറുണ്ട്. വലതുപക്ഷത്തെ സന്തോഷിപ്പിക്കുന്ന ആ വ്യഗ്രത വസ്തുതകളുടെ മുമ്പില്‍ മുട്ടുകുത്തുമെന്നാണ് ലാവ്‌ലിന്‍ കേസിലെ വിധി വ്യക്തമാക്കുന്നത്.

കേരളത്തിന്റെ വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തതയുടെ പ്രതീക്ഷാഭരിതമായ വെളിച്ചം നിറച്ചത് എന്നും ഇടതുപക്ഷ നേതൃത്വമാണ്. അച്യുതമേനോന്‍ ഗവണ്‍മെന്റില്‍ എം എന്‍ ഗോവിന്ദന്‍ നായരും ഇ കെ നായനാര്‍ ഗവണ്‍മെന്റില്‍ പിണറായി വിജയനും ആ ദിശയില്‍ അക്ഷരാര്‍ഥത്തില്‍ അതിവേഗം ബഹുദൂരം മുന്നേറിയവരാണ്. 1970 കളില്‍ എം എന്‍ വൈദ്യുതിമന്ത്രിയായിരിക്കെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന കേരളം പിന്നീട് പവര്‍കട്ടിന്റെയും ലോഡ് ഷെഡിംഗിന്റെയും ഇരുട്ടിലേക്ക് തലകുത്തിവീണു. ആ സ്ഥിതിക്കു മാറ്റം വരുത്തിയത് 1996 ല്‍ നായനാര്‍ ഗവണ്‍മെന്റില്‍ വൈദ്യുതി മന്ത്രിയായി വന്ന പിണറായി വിജയനാണ്. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍, അതിനായി ഭരണസംവിധാനങ്ങളെ കുലുക്കി ഉണര്‍ത്താന്‍ അദ്ദേഹം കാണിച്ച ധീരമായ മുന്‍കൈ പ്രതിപക്ഷത്താല്‍പോലും പ്രകീര്‍ത്തിക്കപ്പെട്ടു. ഉല്‍പ്പാദന വര്‍ധന ലക്ഷ്യമിട്ട് യു ഡി എഫ് സര്‍ക്കാര്‍ ഏര്‍പ്പെട്ട ലാവ്‌ലിന്‍ കരാറിനെ നേരായ വഴിയില്‍ നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന്റെ പേരില്‍ കെട്ടിച്ചമച്ച ദുരാരോപണങ്ങളുടെ മുള്‍മുനയില്‍ പിണറായി വിജയനെ ക്രൂശിക്കാനാണ് യു ഡി എഫും മാധ്യമങ്ങളും ശ്രമിച്ചത്. യു ഡി എഫ് ഗവണ്‍മെന്റ് നടത്തിയ വിജിലന്‍സ് അന്വേഷണത്തിന്റെ കണ്ടെത്തലിനു മുമ്പില്‍ അക്കൂട്ടര്‍ കണ്ണടച്ചുനിന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേദിവസംതന്നെ തിരക്കുപിടിച്ച് മന്ത്രിസഭായോഗം ചേര്‍ന്ന് സി ബി ഐ അന്വേഷണത്തിനു അവര്‍ ഉത്തരവിട്ടു. യു ഡി എഫ് രാഷ്ട്രീയത്തിന്റെ ആ ദുര്‍ബുദ്ധിയുടെ മസ്തകത്തിനാണ് സി ബി ഐ കോടതിവിധി പ്രഹരമേല്‍പ്പിച്ചത്.

ലാവ്‌ലിന്‍ കേസിന്റെ എല്ലാ ഘട്ടങ്ങളിലും സത്യം വിജയിക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകണമെന്നുമുള്ള നിലപാടാണ് സി പി ഐ ഉയര്‍ത്തിപ്പിടിച്ചത്. ആ നിലപാടാണ് ഇപ്പോള്‍ ശരിവയ്ക്കപ്പെട്ടിരിക്കുന്നത്. സത്യം വിജയിച്ചിരിക്കുന്നു. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ ആഹ്ലാദിക്കുന്ന ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ എല്ലാ ബന്ധുമിത്രാദികളോടുമൊപ്പം ഞങ്ങളും പങ്കുചേരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ വഴി പൂക്കള്‍ വിരിച്ചതല്ലെന്ന പിണറായി വിജയന്റെ പ്രതികരണം തീര്‍ത്തും അന്വര്‍ത്ഥമാണ്. കല്ലും മുള്ളും എതിര്‍പ്പുകളും നിറഞ്ഞ വഴിയിലൂടെ സത്യത്തിനും നീതിക്കും വേണ്ടി മുന്നോട്ടുപോകേണ്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ആ യാത്രയില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ടുപോകാന്‍ ഇപ്പോഴത്തെ വിധിപ്രസ്താവന ഇടതുപക്ഷ ശക്തികള്‍ക്കു കരുത്തു പകരും.

janayugom editorial 061113

No comments:

Post a Comment