Wednesday, November 6, 2013

കോണ്‍ഗ്രസിനും സംഘപരിവാറിനും രാഷ്ട്രീയ ബദല്‍ അനിവാര്യം

കോണ്‍ഗ്രസിനും സംഘപരിവാറിനും രാഷ്ട്രീയ ബദല്‍ രാജ്യത്തുണ്ടാകേണ്ടത് അനിവാര്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എകെജി-പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ജ്യോതിബസു ജന്‍മശതാബ്ദി സെമിനാറില്‍ "ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയും മുന്നേറ്റത്തിനുള്ള മാര്‍ഗവും" എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര നിലപാടുകളുള്ള പ്രദേശിക പാര്‍ട്ടികളുമായി ഇടത് പാര്‍ട്ടികള്‍ സഹകരിക്കും. തമിഴ് നാട്, ഒറീസ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മതേതര പ്രാദേശിക കക്ഷികള്‍ ശക്തമാണ്. ഗുജറാത്ത് മോഡല്‍ എന്നാല്‍ വികസന മാതൃകയല്ലെന്നും അത് വര്‍ഗീയതയാണെന്നും കാരാട്ട് പറഞ്ഞു. രാജ്യത്തെ കുത്തകകളെല്ലാം നരേന്ദ്ര മോഡിയെയാണ് പിന്തുണയ്ക്കുന്നത്. കുത്തകകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ മോഡിയെ രക്ഷകനായി അവതരിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.

മുസാഫിര്‍ നഗര്‍ കലാപം ബോധപൂര്‍വം ഉണ്ടാക്കിയതാണ്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും കാരാട്ട് പറഞ്ഞു.

2004 ആവര്‍ത്തിക്കുമെന്ന് പിണറായി

2014ലെ ലോക് സഭ തെരഞ്ഞെടുപ്പ് കേരളത്തില്‍ 2004 ലെ ആവര്‍ത്തനമാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജ്യോതിബസു ജന്‍മശതാബ്ദി സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധ ശക്തികള്‍ക്ക് തിരിച്ചടി കിട്ടും. യുഡിഎഫിനുള്ളിലെ ജനവിരുദ്ധത എല്‍ഡിഎഫിന്റെ വിശ്വാസ്യത കൂട്ടി. യുഡിഎഫ് ഗവണ്‍മെന്റ് ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. തമ്മില്‍ തല്ലിന്റെ കൂടാരമായി യുഡിഎഫ് മാറി. യുഡിഎഫിനുള്ളിലെ പ്രശ്നങ്ങള്‍ ഇതിന്റെ പ്രതിഫലനമാണ്. 2004ലെ ലോക് സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടി തന്നെയാണ് അവരെ കാത്തിരിക്കുന്നത്.

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും കേന്ദ്രത്തില്‍ യുപിഎയും വര്‍ഗീയതയുമായി സമരസപ്പെട്ടാണ് ഭരണം തുടരുന്നത്. വികസനമില്ലായ്മയും കര്‍ഷക ആത്മഹത്യയുമാണ് കേന്ദ്രസംസ്ഥാന തലങ്ങളില്‍ പ്രതിഫലിക്കുന്നത്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് കേരളത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് ഗവണ്‍മെന്റ് അവരെ പ്രീതിപ്പെടുത്തിക്കൊണ്ടാണ് ഭരണത്തില്‍ തുടരുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment