Wednesday, November 6, 2013

ലാവ്ലിന്‍ കേസ് വൈകിപ്പിക്കാന്‍ സുപ്രീംകോടതിയിലും ശ്രമിച്ചു

പൊളിയുമെന്ന് അറിയാമായിരുന്ന ലാവ്ലിന്‍ കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു തുടക്കംമുതലേ സിബിഐ. കേസ് സുപ്രീംകോടതിയില്‍ എത്തിയ ഘട്ടത്തിലും വൈകിപ്പിക്കല്‍ തന്ത്രമാണ് സിബിഐ ബോധപൂര്‍വം പിന്തുടര്‍ന്നത്. ഭരണനേതൃത്വത്തില്‍നിന്ന് കൃത്യമായ നിര്‍ദേശം ഇക്കാര്യത്തില്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നത് വ്യക്തം. സിപിഐ എമ്മിന് ഉറച്ച അടിത്തറയുള്ള കേരളത്തില്‍ പാര്‍ടിയെ നയിക്കുന്ന വ്യക്തിയെ കേസില്‍ കുരുക്കിയിട്ടാല്‍ ദീര്‍ഘനാളത്തെ രാഷ്ട്രീയനേട്ടമുണ്ടാക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതി. ഇതിനായി സുപ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയെ യുപിഎ സര്‍ക്കാര്‍ കരുവാക്കി. സുപ്രീംകോടതിയില്‍ കേസ് എത്തിയതുമുതല്‍ പലവിധ അപവാദക്കഥകള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിച്ചു. അന്ന് ചീഫ്ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ പലവിധത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ ഉയര്‍ന്നതും ലാവ്ലിന്‍ കേസ് പരിഗണനയ്ക്കെടുത്തതു മുതലാണ്. കേസ് ആദ്യം കേട്ട ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ കാരണമില്ലാതെ പിന്മാറി.

മന്ത്രിസഭാ തീരുമാനത്തിനു വിരുദ്ധമായി ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതിനെതിരെ പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട്ഹര്‍ജി 2009 ആഗസ്ത് 31നാണ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചതും എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചതും. ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രനും ബി സുദര്‍ശന്‍റെഡ്ഡിയും ഉള്‍പ്പെട്ട ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരമായിരുന്നു സുപ്രീംകോടതിയെ നേരിട്ടു സമീപിച്ചത്. 2010 ഫെബ്രുവരി മൂന്നിനും മാര്‍ച്ച് ഒമ്പതിനും ഏപ്രില്‍ 29നും കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവച്ചു. സിബിഐ അഭിഭാഷകര്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് കേസ് മാറ്റുകയായിരുന്നു. 2010 ഡിസംബര്‍ 15ന് കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ അമിക്കസ്ക്യൂറിയായി പ്രവര്‍ത്തിക്കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയെ അറിയിച്ചു. നേരത്തെ താന്‍ സിബിഐക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്ന ന്യായമായിരുന്നു വഹന്‍വതി മുന്നോട്ടുവച്ചത്. 2011 ഫെബ്രുവരി മൂന്നിന് കേസ് പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നാടകീയമായി പിന്‍വാങ്ങിയത്. പിണറായിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥനോട് വാദത്തിനു തയ്യാറാണോയെന്ന് ആരാഞ്ഞശേഷമായിരുന്നു അപ്രതീക്ഷിതനടപടി. വാദത്തിനു തയ്യാറായി വൈദ്യനാഥന്‍ മുന്നോട്ടുവന്നപ്പോള്‍ സഹജഡ്ജി ജസ്റ്റിസ് എ കെ പട്നായിക്കുമായി സംസാരിച്ച ജസ്റ്റിസ് രവീന്ദ്രന്‍ തങ്ങള്‍ ഈ കേസ് കേള്‍ക്കുന്നില്ലെന്നും പിന്മാറുകയാണെന്നും അറിയിക്കുകയായിരുന്നു. അടിയന്തരസ്വഭാവമുള്ള കേസാണെന്നും അടുത്തയാഴ്ച തന്നെ കേസ് വീണ്ടും പരിഗണിക്കണമെന്നും വൈദ്യനാഥന്‍ ആവശ്യപ്പെട്ടെങ്കിലും അടിയന്തരസ്വഭാവമൊക്കെ പുതിയ ബെഞ്ച് തീരുമാനിക്കുമെന്ന നിലപാടായിരുന്നു കോടതിയുടേത്.

ജസ്റ്റിസുമാരായ എച്ച് എസ് ബേദിയും ചന്ദ്രമൗലിപ്രസാദും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പിന്നീട് പരിഗണിച്ചത്. 2011 മാര്‍ച്ച് 30ന് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയെ സമീപിക്കൂവെന്ന് നിര്‍ദേശിച്ച് ഹര്‍ജി അവസാനിപ്പിക്കുകയാണ് പുതിയ ബെഞ്ച് ചെയ്തത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കാനെങ്കിലും കീഴ്കോടതിയോട് നിര്‍ദേശിക്കണമെന്ന പിണറായിയുടെ അഭിഭാഷകന്‍ കെ കെ വേണുഗോപാലിന്റെ അഭ്യര്‍ഥന മാത്രം കോടതി സ്വീകരിച്ചു. വിശദവാദത്തിനു തീരുമാനിച്ച ഒരു വിഷയത്തില്‍ കോടതിയുടെ പെട്ടെന്നുള്ള നിലപാടുമാറ്റം നിയമവൃത്തങ്ങളെ അമ്പരപ്പിച്ചിരുന്നു.
(എം പ്രശാന്ത്)

സഹായം നഷ്ടമാക്കിയതിന് ആന്റണിയും ഉത്തരവാദി

ലാവ്ലിന്‍ വിവാദം മറയാക്കി ക്യാന്‍സര്‍ ആശുപത്രിക്കുള്ള സഹായം നഷ്ടമാക്കിയതില്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയും പ്രതിക്കൂട്ടില്‍. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് വാഗ്ദാനംചെയ്ത തുക സമാഹരിച്ചു നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ലാവ്ലിന്‍ കമ്പനി അയച്ച രണ്ട് കത്തുകള്‍ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ എ കെ ആന്റണി അവഗണിച്ചതിന് രേഖയുണ്ട്. 2001 ഡിസംബര്‍ അഞ്ചിനും 2002 ഡിസംബര്‍ രണ്ടിനുമാണ് ലാവ്ലിന്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് ലാന്‍സ് എസ് ഹോവാര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. തങ്ങള്‍ ഇതുവരെ ചെയ്ത പ്രവൃത്തിക്ക് നന്ദി അറിയിച്ച് "ലെറ്റര്‍ ഓഫ് അപ്രിസീയേഷന്‍" നല്‍കിയാല്‍ അടുത്ത ഘട്ടം പണം സമാഹരിച്ചു നല്‍കാമെന്നാണ് കത്തില്‍ അറിയിച്ചത്. ഈ രണ്ട് കത്തിനും ആന്റണി മറുപടി നല്‍കിയില്ല. ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച വിവാദം തങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കിയെന്നും അത് മറികടക്കാന്‍ ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ സഹായകരമാകുമെന്നും കത്തില്‍ സൂചിപ്പിച്ചു. വൈദ്യുതി ബോര്‍ഡിനും ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ക്കും കത്തെഴുതിയിട്ട് പ്രതികരണം ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്നാണ് കമ്പനി നേരിട്ട് മുഖ്യമന്ത്രിക്ക് എഴുതിയത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ക്യാനഡ സന്ദര്‍ശിക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു. എന്നാല്‍, വൈദ്യുതി മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്റെ പ്രതികരണം പുച്ഛത്തോടെയായിരുന്നു. കൂടുതല്‍ വൈദ്യുതി പദ്ധതികളുടെ കരാര്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ ക്യാന്‍സര്‍ ആശുപത്രിക്ക് ക്യാനഡയില്‍നിന്ന് സഹായം കിട്ടൂവെന്നാണ് കടവൂര്‍ നല്‍കിയ വ്യാഖ്യാനം. ഇതുസംബന്ധിച്ച രേഖകള്‍ വൈദ്യുതി ബോര്‍ഡിന്റെ പക്കല്‍ ഇപ്പോഴുമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഈ വിമുഖതയാണ് ക്യാന്‍സര്‍ ആശുപത്രിക്ക് 85 കോടിയോളം രൂപ നഷ്ടമാകാന്‍ മുഖ്യ കാരണം.

ക്യാന്‍സര്‍ ആശുപത്രിയോട് എ കെ ആന്റണിക്ക് ശത്രുതാപരമായ നിലപാട് ആയിരുന്നെങ്കില്‍ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്റേത് മറിച്ചായിരുന്നു. വിവാദം കുത്തിപ്പൊക്കാനാണ് അദ്ദേഹം മുന്‍കൈ എടുത്തത്. ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച വിവാദം രൂക്ഷമായപ്പോള്‍ 2004ല്‍ ഊര്‍ജ സെക്രട്ടറിയായിരുന്ന ലിസി ജേക്കബ്, ക്യാന്‍സര്‍ ആശുപത്രിക്ക് സഹായം തേടി ക്യാനഡ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. 2004 ഫെബ്രുവരി ആറിന് കനേഡിയന്‍ ഹൈക്കമീഷണര്‍ അയച്ച മറുപടിയില്‍ കൂടുതല്‍ സഹായം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായം നല്‍കുന്നത് സംബന്ധിച്ച ധാരണാപത്രം എല്‍ഡിഎഫ് സര്‍ക്കാര്‍ ആറു തവണ പുതുക്കിയെങ്കിലും യുഡിഎഫ് ഒരിക്കല്‍പ്പോലും പുതുക്കിയില്ല. കരാര്‍ കാലാവധി കഴിഞ്ഞും കമ്പനി സഹായം വാഗ്ദാനം ചെയ്തെങ്കിലും മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയോ സര്‍ക്കാരോ പ്രതികരിച്ചില്ല. വാഗ്ദാനംചെയ്തതില്‍ 11.75 കോടി രൂപ കമ്പനി നല്‍കിയിട്ടുണ്ട്. ഈ തുക കിട്ടി ബോധിച്ചുവെന്നു കാട്ടി യുഡിഎഫ് നേതൃത്വം ഒരു വരി മറുപടി അയച്ചിരുന്നെങ്കില്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന് കോടികളുടെ സഹായം ലഭിക്കുമായിരുന്നു.

തമസ്കരിച്ചത് വെളിച്ചം നിറച്ച ഭരണപാടവത്തെ

ലാവ്ലിന്‍ കേസിന്റെ പുകമറയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചത് പിണറായി വിജയന്‍ മന്ത്രിയായിരിക്കെ വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച കുതിപ്പ്. കേരളം കൂരിരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് 1996ലെ നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയാവുന്നത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പദവി ഏറ്റെടുക്കുന്നതിനായി 1998 ഒക്ടോബര്‍ 19ന് മന്ത്രിപദമൊഴിയുമ്പോള്‍ കേരളത്തിന്റെ വൈദ്യുതി വികസനത്തിന് ശക്തമായ അടിത്തറ ഒരുങ്ങിയിരുന്നു. രണ്ടര വര്‍ഷംകൊണ്ട് വൈദ്യുതിമേഖലയില്‍ രണ്ടര ദശാബ്ദത്തിന്റെ വികസനം സാധ്യമാക്കിയ പിണറായി കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയെന്ന അംഗീകാരം സ്വന്തമാക്കി. 291 മെഗാവാട്ടിന്റെ അധിക ഉല്‍പ്പാദനമാണ് ഈ കാലയളവിലുണ്ടായത്. പിണറായി തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ പുതിയ മന്ത്രി എസ് ശര്‍മ ഏറ്റെടുത്തതോടെ മന്ത്രിസഭയുടെ കാലാവധിയില്‍ അധികമായി ചേര്‍ക്കപ്പെട്ടത് 1081 മെഗാവാട്ട്. റെക്കോഡ് ബുക്കിലേക്ക് ചേക്കേറിയ നേട്ടം. ഊര്‍ജമേഖലയില്‍ കേരളം ഇരുട്ടില്‍ തപ്പുകയായിരുന്നു അതുവരെ.

യുഡിഎഫ് സര്‍ക്കാര്‍ 2009 മെയില്‍ അധികാരം വിട്ടൊഴിയുമ്പോള്‍ പകലും രാത്രിയുമായി മൂന്നര മണിക്കൂര്‍ പ്രഖ്യാപിത ലോഡ്ഷെഡിങ്ങ്. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് ഇതിനു പുറമെ. വ്യവസായങ്ങള്‍ക്ക് 95 ശതമാനമായിരുന്നു പവര്‍കട്ട്. കേരളത്തിന്റെ വികസനം തന്നെ നിലച്ച ഘട്ടത്തില്‍ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നായനാര്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ നേതൃപരമായ ചുമതല മന്ത്രിയായിരുന്ന പിണറായിക്കായിരുന്നു. ഇഴഞ്ഞുനീങ്ങുകയായിരുന്ന വൈദ്യുതി പദ്ധതികള്‍ക്ക് ജീവന്‍വച്ചു. ദീര്‍ഘ വീക്ഷണത്തോടെ പുതിയ പദ്ധതികളും ആരംഭിച്ചു. ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയം (106 മെഗാവാട്ട്), ലോവര്‍ പെരിയാര്‍ (180 മെഗാവാട്ട്), മൂന്നു മെഗാവാട്ട് വീതമുള്ള പേപ്പാറ, മാട്ടുപ്പെട്ടി പദ്ധതികള്‍ തുടങ്ങിയവ ഉല്‍പ്പാദനം ആരംഭിച്ചു. തറക്കല്ലില്‍ ഒതുങ്ങിയിരുന്ന കോഴിക്കോട് ഡീസല്‍ നിലയവും കായംകുളം താപനിലയവും ഉദ്ഘാടനത്തിന് സജ്ജമാക്കി. കുറ്റ്യാടി ഓഗ്മന്റേഷന്‍ പദ്ധതിക്കും നടപടിയായി. പ്രസരണ-വിതരണ രംഗങ്ങളിലും മാറ്റത്തിന്റെ അലകളായി.

യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ അധിക ഉല്‍പ്പാദനത്തിന്റെ 17 ഇരട്ടിയാണ് പിണറായിയുടെ കാലത്ത് ഉണ്ടായത്്. ഈ കുതിപ്പില്‍ നിന്നാണ് കേരളം ഊര്‍ജ പ്രതിസന്ധിയില്‍നിന്ന് കരകയറിയതെന്ന് വിദഗ്ധരും രാഷ്ട്രീയ എതിരാളികളും ഒരുപോലെ രേഖപ്പെടുത്തുന്നു. പേപ്പാറ, ലോവര്‍പെരിയാര്‍, മാട്ടുപ്പെട്ടി, പെരിങ്ങല്‍കുത്ത് ഇടതുകര, കക്കാട്, കുറ്റ്യാടി വിപുലീകരണം, കുത്തുംഗല്‍ എന്നീ പദ്ധതികളിലുടെ മാത്രം 322 മെഗാവാട്ട് അധികം ഉല്‍പ്പാദിപ്പിച്ചു. കായംകുളം, കോഴിക്കോട് ഡീസല്‍ നിലയം, കൊച്ചി ബിഎസ്ഇഎസ്, കാസര്‍കോട് തുടങ്ങിയ താപനിലയങ്ങളിലായി 762 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ചു. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിയുമ്പോള്‍ െവൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷി 2589.5 മെഗാവാട്ടായിരുന്നു. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വിഹിതം കൂടി ചേരുമ്പോള്‍ ഇത് 3144 ആയി.
(ആര്‍ സാംബന്‍)

deshabhimani

No comments:

Post a Comment