Wednesday, November 6, 2013

അതിജീവനത്തിന് പുതുചരിത്രം ഇടതുപക്ഷകുതിപ്പിന് കരുത്ത്

അതിജീവനത്തിന്റെ രാഷ്ട്രീയ പുതുചരിത്രം രചിച്ചിരിക്കയാണ് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ്. ഒന്നര ദശകമായി രാഷ്ട്രീയ പകപോക്കലിന് പിണറായിയെ വേട്ടയാടിയെങ്കിലും ലാവ്ലിന്‍ കേസിലെ കോടതിവിധിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തങ്കപ്രകാശം മായ്ക്കാന്‍ ശത്രുക്കള്‍ക്കാവില്ലെന്ന് തെളിഞ്ഞു. ഈ വിധിയോടെ കേരളരാഷ്ട്രീയത്തില്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയധ്രുവീകരണം ശക്തിപ്പെടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംശുദ്ധി ദേശീയമായി അംഗീകരിക്കാനും കോടതിവിധി ഉപകരിക്കും.

2006 മാര്‍ച്ച് ഒന്നിന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചത്. അന്ന് നിയമസഭ തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ആ രാഷ്ട്രീയ കള്ളക്കളിക്ക് നല്ലൊരു പങ്കു മാധ്യമങ്ങള്‍ കൂട്ടായി. സിബിഐയെയും ഗവര്‍ണറെയുമെല്ലാം രാഷ്ട്രീയ ഉപകരണമാക്കിയാണ് പിണറായിയെ വേട്ടയാടിയത്. നിക്ഷിപ്തതാല്‍പ്പര്യശക്തികള്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പിണറായി തളരാതിരുന്നത് താന്‍ തെറ്റുചെയ്തിട്ടില്ലെന്ന ഉറപ്പിന്റെ കരുത്തിലാണ്. തന്റെ പ്രസ്ഥാനം സത്യം തിരിച്ചറിഞ്ഞു തന്നോടൊപ്പമുണ്ടെന്നത് അതിനേക്കാള്‍ പ്രധാനം. ഇപ്പോഴത്തെ കോടതിവിധിക്കുമുമ്പ് ഈ കേസ് സുപ്രിംകോടതിയില്‍വരെ എത്തിയിരുന്നു. ഒരു കോടതിവിധിയെപ്പറ്റിയും അമിതപ്രതീക്ഷയോ ആശങ്കയോ പിണറായി പുലര്‍ത്തിയിട്ടില്ല. പക്ഷേ, സത്യം ജയിക്കുമെന്ന് വിശ്വസിച്ചു.

സിബിഐ കോടതി വിധിയോടെ പിണറായിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസ്വസ്ഥനാണ്. വിധി പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് പ്രതികരിച്ച ഉമ്മന്‍ചാണ്ടി തന്നെ വിധിക്കെതിരെ സിബിഐയെക്കൊണ്ടു അപ്പീല്‍ നല്‍കിക്കാനുള്ള രാഷ്ട്രീയ കരുനീക്കം തുടങ്ങി കഴിഞ്ഞു. ചെന്നൈ യൂണിറ്റ് അപ്പീലിനെപ്പറ്റി തീരുമാനം എടുത്ത് സിബിഐ ഡയറക്ടര്‍ക്ക് ഫയല്‍ നല്‍കണം. സിബിഐ ഡയറക്ടര്‍ അനുമതി നല്‍കിയാലേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാകു. കുറ്റപത്രം തന്നെ കോടതി പിച്ചിച്ചീന്തിയ കേസില്‍ അപ്പീല്‍ പോകുന്നത് രാഷ്ട്രീയക്കളിയാകും. 90 ദിവസത്തിനുള്ളിലാണ് അപ്പീല്‍കാര്യത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത്. പക്ഷേ, കേസിന്റെ പശ്ചാത്തലവും സ്വഭാവവും കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ലാവ്ലിന്‍ കേസില്‍ 2013 നവംബര്‍ അഞ്ചുമുതല്‍ പിണറായി പ്രതിയല്ല. സിബിഐ അപ്പീലിന് പോയാലും അതിന്മേലാകും ഇനി കോടതി പരിശോധന. സുപ്രിംകോടതിവരെ കേസ് പോയിവരാന്‍ ദീര്‍ഘകാലം വേണ്ടിവരും. സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയില്ലെന്ന് സിബിഐ തന്നെ കോടതിയെ ബോധിപ്പിച്ച കേസില്‍ സാധാരണ ഗതിയില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാറില്ല. വസ്തുതകളും തെളിവുമില്ലാതെ സിബിഐ കെട്ടിച്ചമച്ച ലാവ്ലിന്‍ കേസിന്റെ അന്ത്യവിധിയാണ് യഥാര്‍ഥത്തില്‍ സിബിഐ ജഡ്ജി ആര്‍ രഘുവിന്റെ ധീരമായ വിധിയോടെ ഉണ്ടായിരിക്കുന്നത്.

പണം ആരുടെയെങ്കിലും സ്വകാര്യനിക്ഷേപത്തിലേക്ക് ഒഴുകിയിട്ടില്ലെന്നിരിക്കെ എന്തഴിമതിയെന്നും പിറന്ന നാട്ടില്‍ കാന്‍സര്‍ ആശുപത്രി വരുന്നതില്‍ എന്ത് ഗുഢാലോചനയെന്നും ചോദ്യങ്ങള്‍ നിരത്തിയ കോടതിയുടെ വിധി വസ്തുനിഷ്ഠമായ സത്യത്തിന്റെ ജ്വാലയാണ് തെളിച്ചിരിക്കുന്നത്. പിണറായി കുറ്റവിമുക്തനായതിനാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വൈകാതെ നിലംപതിക്കുമെന്ന രാഷ്ട്രീയ അനുമാനങ്ങള്‍ ചാനല്‍ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കില്ലായെന്നത് വസ്തുതയാണെങ്കിലും അതിനെ ലാവ്ലിന്‍കേസിലെ വിധിയുമായി കൂട്ടിക്കെട്ടേണ്ടതില്ല. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കിയ കോടതിവിധി എല്‍ഡിഎഫിന് രാഷ്ട്രീയമായും സംഘടനാപരമായും കൂടുതല്‍ കരുത്തുപകരും എന്നതാണ് യാഥാര്‍ഥ്യം.

ആര്‍ എസ് ബാബു

കനല്‍പ്പാതയിലെ രക്തതാരകം

1977 മാര്‍ച്ച് 30 കേരള നിയമസഭയുടെ ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്. അടിയന്തരാവസ്ഥയുടെ കാളരാത്രികളില്‍ തനിക്കുണ്ടായ പൈശാചികമായ അനുഭവങ്ങള്‍ പിണറായി വിജയനെന്ന യുവസാമാജികന്‍ അത്യുക്തിയുടെ കണികപോലുമില്ലാതെ വിവരിച്ചപ്പോള്‍ ഭരണ, പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ ഞെട്ടിത്തരിച്ചു. 1975 സെപ്തംബര്‍ 28ന് അര്‍ധരാത്രി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് പിടികൂടിയതുമുതല്‍ പൊലീസ് കാണിച്ച കൊടുംക്രൂരതകള്‍ അദ്ദേഹം അക്കമിട്ടു നിരത്തി. ഈ ഭരണകൂട നൃശംസതകള്‍ക്കെല്ലാം നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രി കെ കരുണാകരനുപോലും മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. പൂക്കള്‍ വിരിച്ചതായിരുന്നില്ല പിണറായി വിജയനെന്ന കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വഴിത്താരകള്‍. രാഷ്ട്രീയ എതിരാളികളും ഒറ്റുകാരും ഭരണകൂടവുമെല്ലാം തീര്‍ത്ത പ്രതിബന്ധങ്ങള്‍ ഇച്ഛാശക്തിയോടെ നേരിട്ട്, കനല്‍വഴികള്‍ താണ്ടിയാണ് അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ അമരക്കാരനും സമാദരണീയ ജനനായകനുമായി മാറിയത്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകം പിറവിയെടുത്ത പിണറായി ഗ്രാമത്തില്‍ ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്‍ ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഒരുവര്‍ഷം നെയ്ത്തുപണിയെടുത്തശേഷമാണ് പ്രീ യൂണിവേഴ്സിറ്റി കോഴ്സിന് ചേര്‍ന്നത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ നേതൃനിരയിലേക്കുയര്‍ന്നു. തലശേരി ബ്രണ്ണന്‍കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.

1964മുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകനായ പിണറായി കെഎസ്എഫ് സംസ്ഥാന സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ തലശേരി കോടതിക്കു മുന്നില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ച് കടലില്‍ ചാടിച്ചത് കോളിളക്കം സൃഷ്ടിച്ചു. 1971 അവസാനം തലശേരിയില്‍ വര്‍ഗീയലഹള നടന്നപ്പോള്‍ അവിടെയെത്തി ധീരമായ പ്രതിരോധപ്രവര്‍ത്തനം നടത്തി. കൊടിവച്ച കാറില്‍ സംഘര്‍ഷമേഖലയിലുടനീളം സഞ്ചരിച്ച് പിണറായിയും സഖാക്കളും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം തലശേരി ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാ പ്ലീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗവും. 1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായപ്പോള്‍ പിണറായി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. എം വി രാഘവനും കൂട്ടരും കണ്ണൂരില്‍ പാര്‍ടിക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ ഘട്ടത്തില്‍ കരുത്താര്‍ന്ന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പ്രവര്‍ത്തകരെയും അണികളെയും സിപിഐ എമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പിണറായി നേതൃത്വം നല്‍കി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായതുമുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. 1998 സെപ്തംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയായി. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനം പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറം സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി.

മലപ്പുറം സമ്മേളനശേഷം പാര്‍ടിയിലെ വിഭാഗീയപ്രവണതകള്‍ക്കെതിരെ പിണറായി ശക്തമായ പോരാട്ടമാണ് നയിച്ചത്. ഒറ്റുകാരില്‍നിന്ന് പാര്‍ടിയെ സംരക്ഷിക്കാന്‍ കര്‍ശന നിലപാടെടുത്തു. 2008ല്‍ കോട്ടയത്തും 2012ല്‍ തിരുവനന്തപുരത്തും ചേര്‍ന്ന സംസ്ഥാന സമ്മേളനങ്ങളും അദ്ദേഹത്തെ സാരഥ്യമേല്‍പ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരനായിരുന്നു. ഇ പി ജയരാജനെ വെടിവച്ച കോണ്‍ഗ്രസ് വാടകക്കൊലയാളികള്‍ ലക്ഷമിട്ടത് പിണറായിയെകൂടിയായിരുന്നു. യാത്ര മറ്റൊരു ട്രെയിനിലായതിനാല്‍ അപായമുണ്ടയില്ല. 1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായ പിണറായി പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും മികവ് പ്രകടിപ്പിച്ചു. 1970ലും 77ലും 91ലും കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1996ല്‍ പയ്യന്നൂരില്‍നിന്നാണ് ജയിച്ചത്. 1996ലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണമന്ത്രിയായി.

deshabhimani

No comments:

Post a Comment