Tuesday, November 5, 2013

വേട്ടയാടല്‍ കഴിഞ്ഞു, സത്യം പുറത്തുവന്നു: പിണറായി

ലാവ് ലിന്‍ കേസിന്റെ പേരില്‍ നിരവധി വര്‍ഷങ്ങളായുള്ള വേട്ടയാടലിന്റെ ഒരു ഘട്ടം കഴിഞ്ഞതായും സത്യം പുറത്തുവന്നതായും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലാവ് ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിധിയ്ക്ക് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ആരും തളര്‍ന്നുപോകുന്ന വിധം വളഞ്ഞുവെച്ചുള്ള ആക്രമണത്തില്‍ തന്നോടുള്ള വിശ്വാസം കളയാതെ കൂടെ നിന്ന പ്രസ്ഥാനത്തേയും ഒപ്പം നിന്നവരേയും പിണറായി സ്മരിച്ചു.

രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി അന്വേഷണസംഘത്തെ ഉപയേഗിക്കരുതെന്നും വികസന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ കേസുകളുടെ തീരാത്ത ചങ്ങലകെട്ടുകളില്‍ കുരുക്കിയിടുന്ന രാഷ്ട്രിയ വൈരം അവസാനിപ്പിക്കണമെന്നും പിറണായി പറഞ്ഞു. അത് സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയേ ഉള്ളൂ. വികസനത്തിന് വേണ്ടി ആരും മുന്നിട്ടിറങ്ങാത്ത സാഹചര്യം അത് സൃഷ്ടിക്കും.

കേസിനെ കുറിച്ചുള്ള ചോദ്യങ്ങളോട് അന്നും ഇന്നും ഒന്നേ പറഞ്ഞിട്ടുള്ളൂ. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ. കെട്ടിച്ചമച്ച കേസിനെ നേരിടുമ്പോള്‍ അഞ്ച് കാര്യങ്ങളാണ് മുറുകെ പിടിച്ചത്. അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന വിശ്വാസം, പാര്‍ടിയേയും തന്നെയും സ്നേഹിക്കുന്നവരുടേയും പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നവരുടേയും പിന്തുണ, കമ്മ്യുണിസ്റ്റ്കാരന് മുന്നിലെ പാത പൂക്കള്‍ വിരിച്ചതാവില്ലെന്ന തിരിച്ചറിവ്, തന്നെ വിശ്വസിച്ച് കൂടെ നിന്ന പ്രസ്ഥാനം, പ്രതിസന്ധി നേരിട്ടാലും സത്യം പുറത്തുവരുമെന്ന വിശ്വാസം എന്നിവയാണ് കരുത്ത് പകര്‍ന്നത്. കേസ് വൈകിപ്പിച്ച് പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനായിരുന്നു ശ്രമം. അതിനായി കള്ള സാക്ഷികള്‍, കള്ള കേസുകള്‍, അപ്പീലിനുമേല്‍ അപ്പീലുകള്‍ അങ്ങനെ പറ്റാവുന്നിടത്തോളം വരിഞ്ഞുമുറുക്കി. ഈ സന്ദര്‍ഭത്തിലും ഒന്നേ പറയുന്നുള്ളൂ. തനിക്കാരോടും വ്യക്തി വിരോധം ഇല്ല.

വിജയന്‍ എന്ന വ്യക്തി മാത്രമായിരുന്നില്ലെങ്കില്‍ ഇതൊന്നും നേരിടേണ്ടി വരുമായിരുന്നില്ല. പാര്‍ട്ടി ഉത്തരവാദിത്വം നിറവേറ്റുന്നതിനാലാണ് ഇത്തരം അരോപണങ്ങര്‍ നേരിട്ടത്. കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരില്‍ ആയിരങ്ങള്‍ ജീവന്‍ നഷ്ടപ്പെടുത്തിയ പാര്‍ട്ടിയാണിത്. എത്രയേറെ ആരോപണങ്ങള്‍ നേരിട്ടവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍. തെമ്മാടിക്കൂട്ടത്തിന്റെ തലവനെന്ന് പി കൃഷ്ണപിള്ളയേയും അഴിമതിക്കോടനെന്ന് സഖാവ് അഴിക്കോടനേയും വിളിച്ചിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയല്ലേ തന്നെക്കുറിച്ച് പറഞ്ഞുള്ളൂവെന്നതില്‍ ആശ്വാസമുണ്ട്. കേസില്‍ വരിഞ്ഞുമുറക്കാന്‍ ആന്റി കമ്മ്യുണിസ്റ്റുകളും മുന്‍ കമ്മ്യുണിസ്റ്റുകളും വലതുപക്ഷ രാഷ്ട്രീയക്കാരും ത്രീവ ഇടതുപക്ഷക്കാരും ഉണ്ടായിരുന്നു. എന്നാല്‍ തനിക്കാരോടും വ്യക്തി വിദ്വേഷമില്ല.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെ നിന്ന ഗുരുസ്ഥാനീയരായ ജസ്റ്റീസ് കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, അഡ്വ. കേളു നമ്പ്യാര്‍, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, ഡോ. സുകുമാര്‍ അഴിക്കോട് എന്നിവരെ അവരുടെ വാക്കുകള്‍ ഉദ്ദരിച്ചുകൊണ്ട് പിണറായി സ്മരിച്ചു. ഈ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയോട് ഒന്നേ പറയുന്നുള്ളൂ ആരെങ്കിലും മുറവിളിക്കൂട്ടിയാല്‍ നടത്തേണ്ടതല്ല സിബിഐ അന്വേഷണം. ഉമ്മന്‍ചാണ്ടി തന്റെ കീഴിലുള്ള വിജിലന്‍സ് അന്വേഷിച്ച് ഒന്നു കണ്ടെത്താന്‍ കഴിയാത്തതിനാല്‍ നടത്തിയ സിബിഐ അന്വേഷണവും ഇപ്പോള്‍ സത്യം പറുത്തുകൊണ്ടുവന്നിരിക്കയാണ്. അതേ സമയം കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയേയും ജനശ്രദ്ദ തിരിച്ചു വിടാനായി സൃഷ്ടിച്ചെടുത്ത കേസാണിതെന്ന കെ മുരളീധരന്റെ വാക്കുകളും ഓര്‍മ്മിക്കുന്നു.

തന്റെ രാഷ്ട്രീയ നിലപാടുകള്‍ പലതും പലര്‍ക്കും ഇഷ്ടപ്പെടാതായിടുണ്ടാകും. എന്നാല്‍ കള്ളക്കേസ് നടത്തിച്ചും, ആളെ ഇറക്കിയും, പണം നല്‍കിയും കള്ളപ്രചാരണം നടത്തിയും പക വീട്ടുന്നത് നാടിന് നന്നല്ല. കേസ് വന്നപ്പോള്‍തന്നെ പാര്‍ട്ടിയും താനും എടുത്ത നിലപാട് കേസിനെ രാഷ്ട്രിയമായും നിയമപരമായും നേരിടുമെന്നാണ്. കേസ് രാഷ്ട്രീയപ്രേരിതമാതിനാലാണ് രാഷ്ട്രീയമായി നേരിടുമെന്ന് പറഞ്ഞത്. എന്നാല്‍ ഇവിടത്തെ പ്രമുഖ പത്രങ്ങളടക്കമുള്ള മാധ്യമങ്ങളുടെ നിലപാട് എന്തായിരുന്നു. എന്തെല്ലാം വാര്‍ത്തകളാണ് ഓരോ തവണയും വന്നുകൊണ്ടിരുന്നത്. സിങ്കപ്പൂരില്‍ ഭാര്യ കമലയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍, കോടികളുടെ സമ്പാദ്യം, വരദാചാരിയുടെ തല പരിശോധിക്കല്‍, ടെക്നിക്കാലിയയെ കൊണ്ടുവരല്‍, ദല്ലാളുമാരെ ഏര്‍പ്പെടുത്തല്‍, നേരിട്ട് പണം കൈപ്പറ്റല്‍, ഫയലുകള്‍ കത്തിച്ചുകളയല്‍ എന്നിങ്ങനെ. എല്ലാം അന്വേഷിച്ചു. ഒന്നും ശരിയല്ലെന്ന് കണ്ടെത്തി. എന്നിട്ടും തെറ്റു തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല. ആ ഘട്ടത്തിലും ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സന്ദര്‍ഭത്തില്‍ നിയമസഭയെ മറികടന്ന് നിലപാടെടുത്ത നടപടിക്കെതിരെ ദി ഹിന്ദു നല്‍കിയ മുഖപ്രസംഗത്തെയും പിണറായി വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു.

deshabhimani

No comments:

Post a Comment