Wednesday, December 11, 2013

ഖജനാവ് ശൂന്യം; ക്രിസ്മസ് ശമ്പളം 25 ശതമാനം

മുഖ്യമന്ത്രിയും മന്ത്രിമാരും അവരവരുടെ വഴിക്കാകുകയും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം അസാധ്യമാകുകയും ചെയ്തതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ക്രിസ്മസിന് 25 ശതമാനം മുന്‍കൂര്‍ തുകയേ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളമായി നല്‍കൂവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈമാസം 20നും 21നും 22നും ഈ തുക നല്‍കാനാകുമെന്ന പ്രതീക്ഷയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച ഇറങ്ങിയത്. സംസ്ഥാന ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്ര ചെറിയ തുക ഒരാഘോഷത്തിന് മുന്‍കൂര്‍ ശമ്പളമായി അനുവദിക്കുന്നത്. കഴിഞ്ഞ ഓണത്തിന് ഇത്തരമൊരു നീക്കം നടത്തിയെങ്കിലും ജീവനക്കാര്‍ ഒറ്റക്കെട്ടായി ചെറുത്തു. ഖജനാവിന് വരുമാനം കണ്ടെത്തേണ്ട റവന്യൂ, ധനം, നികുതി വകുപ്പുകള്‍ നിശ്ചലമാണ്. ചെക്കുപോസ്റ്റുകളില്‍ പോലും നികുതിശേഖരണം വട്ടപ്പൂജ്യമായി.

അഭിപ്രായഭിന്നത രൂക്ഷമായതോടെ സര്‍ക്കാര്‍ വീഴുമെന്ന സംശയം പരന്നതോടെ ഓരോ മന്ത്രിയും ധൂര്‍ത്തിന്റെ കാര്യത്തില്‍ മത്സരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പുപോരില്‍ അധികാരം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിന് എ ഗ്രൂപ്പു മന്ത്രിമാര്‍ ഖജനാവിലെ പണമാണ് ധൂര്‍ത്തടിക്കുന്നത്. രാത്രി ഡല്‍ഹിയില്‍ നിന്നുവന്നശേഷം പിറ്റേന്ന് വീണ്ടും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന കാഴ്ച ഭരണമേധാവികളായ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരില്‍ പോലും അതൃപ്തിയുളവാക്കി. ധനവകുപ്പിന്റെ അനുമതിപോലും വാങ്ങാതെയാണ് മന്ത്രിമാര്‍ പണം ധൂര്‍ത്തടിക്കുന്നത്. സെക്രട്ടറിയറ്റിലാകട്ടെ പണം ചെലവാക്കുന്ന കാര്യത്തില്‍ ഉത്തരവുകള്‍ക്കും ചട്ടങ്ങള്‍ക്കുമൊന്നും വിലയില്ലാതായി. മന്ത്രിമാര്‍ക്കുവേണ്ടി ഭരണാനുകൂല ഉദ്യോഗസ്ഥമേധാവികള്‍ ചട്ടങ്ങള്‍ സ്വയം തീരുമാനിക്കുന്നു. പണം ചെലവഴിക്കാനുള്ള ഫയലുകളില്‍ മന്ത്രിമാര്‍ പറയുംപോലെ കുറിപ്പെഴുതുന്ന ഉദ്യോഗസ്ഥരെ മാത്രമേ തുടരാന്‍ അനുവദിക്കുന്നുള്ളൂ.

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ നാലുമാസംകൂടി ശേഷിക്കെ ബജറ്റില്‍ ചെലവിനായി വകയിരുത്തിയ മുഴുവന്‍ തുകയും തീര്‍ന്നതായാണ് വിവരം. അഴിമതി നടക്കില്ലെന്നു കണ്ടാല്‍ ഏത് ഉദ്യോഗസ്ഥരെയും അവരുടെ സ്ഥാനങ്ങളില്‍നിന്നു മാറ്റുന്നതിന് മന്ത്രിമാര്‍ക്ക് മടിയില്ല. ഭാവിയില്‍ ജയിലഴി എണ്ണേണ്ടിവരുമെന്ന ഭയത്തില്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അവധിയില്‍ പോകുകയാണ്. രക്ഷിതാക്കളുടെ പരിപാലനം, കുടുംബാംഗങ്ങളുടെ ചികിത്സ എന്നീ പേരുകളില്‍ അവധി അപേക്ഷകളുടെ എണ്ണം കൂടുകയാണ്. ഇരുപത്തഞ്ചു ശതമാനം മാത്രം അനുവദിക്കുന്നത് അംഗീകരിക്കില്ലെന്നും ജീവനക്കാര്‍ പ്രക്ഷോഭരംഗത്തിറങ്ങുമെന്നും എഫ്എസ്ഇടിഒ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. മുഴുവന്‍ അധ്യാപകരും ജീവനക്കാരും ഓഫീസുകള്‍ക്കു മുമ്പില്‍ വ്യാഴാഴ്ച പ്രതിഷേധപ്രകടനം നടത്തും.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment