Thursday, December 12, 2013

സലിംരാജിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന റവന്യൂ സെക്രട്ടറി ജോലി ഉപേക്ഷിച്ചു

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് നടത്തിയ ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റവന്യു സെക്രട്ടറി കമലവര്‍ധനറാവു ജോലി ഉപേക്ഷിച്ചു. തട്ടിപ്പില്‍ ഉന്നത റവന്യു ഉദ്യേഗസ്ഥര്‍ക്കും ഭരണ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ക്കും ബന്ധമുള്ളതിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തിയ ഉദ്യോഗസ്ഥനാണ് സമ്മര്‍ദംമൂലം ജോലിതന്നെ ഉപേക്ഷിച്ചത്. സ്വയം വിരമിക്കലിനായി ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരിക്കെ പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സലിംരാജ് നടത്തിയ ഭൂമിതട്ടിപ്പിനെ കുറിച്ച് കോടതി നിര്‍ദേശ പ്രകാരമാണ് റവന്യു വകുപ്പ് സെക്രട്ടറി കമലവര്‍ധനറാവു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റവന്യു ഉത്തരവുകളും ചട്ടങ്ങളും കാറ്റില്‍പറത്തി ഭരണ- ഉദ്യോഗസ്ഥമേധാവികളുടെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ടില്‍ എണ്ണിപ്പറഞ്ഞു. സലിംരാജിന്റെ ഭാര്യ റവന്യുവകുപ്പില്‍ ഡെപ്യൂട്ടേഷനിലെത്താനിടയായതുവരെ വെളിപ്പെട്ടു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചപ്പോഴാണ് "സലിംരാജിനെ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണോ" എന്ന് ഹൈക്കോടതി ചോദിച്ചത്. നിശ്ചിതസമയത്തിനുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് കമലവര്‍ധനറാവുവിനെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തിയശേഷം മുതിര്‍ന്ന ഈ ഐഎഎസ് ഉദ്യോഗസ്ഥന് വകുപ്പില്‍ അധികദിവസം തുടരാനായില്ല. മാതാപിതാക്കളെ പരിപാലിക്കാനെന്നപേരില്‍ ആദ്യം അവധിയില്‍പോയി. തുടര്‍ന്നാണ് ഇപ്പോള്‍ വിആര്‍എസിന് അപേക്ഷ നല്‍കിയത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ അന്വേഷണത്തിന് പോലും ഇടയാക്കുമെന്നതിനാല്‍ റാവുവിനെ സര്‍ക്കാര്‍ സമ്മര്‍ദത്തിലാക്കിയതായാണ് വിവരം. കേന്ദ്രമന്ത്രിയായിരുന്ന പുരന്ദേശ്വരിയുടെ പ്രൈവറ്റ് സെക്രട്ടറിവരെയായ ആന്ധ്ര സ്വദേശിയായ കമലവര്‍ധനറാവു പത്രപ്രവര്‍ത്തനത്തില്‍നിന്നാണ് സിവില്‍സര്‍വീസില്‍ എത്തിയത്. വീണ്ടും പത്രപ്രവര്‍ത്തകനാകാനാണ് സിവില്‍സര്‍വീസില്‍നിന്ന് സ്വയംവിരമിക്കുന്നതെന്നാണ് ഇദ്ദേഹം അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, കേസ് അന്വേഷണം കോടതി കേന്ദ്ര ഏജന്‍സിക്ക് കൈമാറിയാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥന്റെ സാന്നിധ്യം നിര്‍ണായകമാകും. കേരളത്തില്‍ ഈ ഉദ്യോഗസ്ഥന്‍ തുടരാതിരിക്കാനുള്ള ചരടുവലികളും സമ്മര്‍ദങ്ങളും സര്‍ക്കാര്‍ തുടരുന്നതിനിടെയാണ് റാവുവിന്റെ സ്വയംവിരമിക്കല്‍.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment