Friday, December 13, 2013

കോഴ വാങ്ങിയ എംപിമാര്‍ ഒളിക്യാമറയില്‍ കുടുങ്ങി

ഇല്ലാത്ത എണ്ണക്കമ്പനിക്ക് ശുപാര്‍ശ കത്ത് നല്‍കി 11 എംപിമാര്‍ കോഴചോദിക്കുന്നതും വാങ്ങുന്നതുമടക്കമുള്ള വിവരങ്ങള്‍ വെബ്പോര്‍ട്ടല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, ജെഡിയു, എഐഎഡിഎംകെ എംപിമാരാണ് ഇതുവരെ രൂപീകരിക്കുക പോലും ചെയ്യാത്ത "വിദേശഎണ്ണക്കമ്പനി"ക്കു വേണ്ടി ശുപാര്‍ശക്കത്ത് നല്‍കി കോഴ വാങ്ങിയതായി ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തു വന്നത്. വെബ്പോര്‍ട്ടലായ"കോബ്ര പോസ്റ്റാ"ണ് വിവരങ്ങള്‍ പുറത്തു വിട്ടത്. അമ്പതിനായിരം മുതല്‍ അമ്പതുലക്ഷം വരെയാണ് കോഴ വാഗ്ദാനം ചെയ്തിരുന്നത്. ഇതില്‍ ആറു പേര്‍ പ്രതിഫലമായി പണം വാങ്ങിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. കത്തിന് അഞ്ചുലക്ഷം രൂപ വീതം വേണമെന്ന് ഒരു എംപി നിര്‍ബന്ധം പിടിച്ചതായും കോബ്ര പോസ്റ്റ് പ്രതിനിധി വ്യക്തമാക്കി. ഓപ്പറേഷന്‍ ഫാല്‍ക്കണ്‍ ക്ലോ എന്ന് പേരിട്ടാണ് കോബ്ര പോസ്റ്റ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയത്.

ഓസ്ട്രേലിയന്‍ കമ്പനിയാണെന്ന് പരിചയപ്പെടുത്തിയാണ് വെബ്സൈറ്റ് പ്രതിനിധികള്‍ എംപിമാരെ സമീപിച്ചത്. എണ്ണപര്യവേക്ഷണത്തിനുള്ള സഹായം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഒരു വൈമനസ്യവും കൂടാതെ എംപിമാര്‍ കത്ത് എഴുതിക്കൊടുക്കുകയായിരുന്നു. കത്തിനു പുറമെ കമ്പനിക്കു വേണ്ടി പെട്രോളിയം മന്ത്രാലയത്തിനോട് നേരിട്ട് ശുപാര്‍ശചെയ്യാമെന്ന ഉറപ്പും എംപിമാര്‍ നല്‍കുന്നതായി ഒളിക്യാമറ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. യഥാര്‍ഥ കമ്പനിയാണോ എന്നതിന് ഒരു രേഖയും എംപിമാര്‍ ആവശ്യപ്പെട്ടില്ല. ബിജെപി എംപിമാരായ ലാലുഭായ് പട്ടേല്‍, രവീന്ദ്രകുമാര്‍ പാണ്ഡെ, ഹരി മഞ്ജി, ജെഡിയു എംപി ബുദേവോ ചൗധരി, കോണ്‍ഗ്രസ് എംപിമാരായ ഖിലഡി ലാല്‍ബൈര്‍വ, വിക്രംഭായ് അര്‍ജുന്‍ഭായ്, എഐഎഡിഎംകെ എംപിമാരായ കെ സുകുമാര്‍, സി രാജേന്ദ്രന്‍, എന്നിവരും ബിഎസ്പിയുടെ കൈസര്‍ ജാഹനുമാണ് തങ്ങളുടെ ക്യാമറയില്‍ കുടുങ്ങിയതെന്ന് "കോബ്ര പോസ്റ്റ്" വ്യക്തമാക്കി.

deshabhimani

No comments:

Post a Comment