Saturday, December 14, 2013

“പ്രിയ ചിറ്റിലപ്പിള്ളി ഞാനും ഇവിടെ ജീവിച്ചിരിപ്പുണ്ട്...”


""പ്രിയ ചിറ്റിലപ്പിള്ളി ഞാനും ഇവിടെ ജീവിച്ചിരിപ്പുണ്ട്...""

തൃശൂര്‍: ""പ്രിയ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; താങ്കളുടെ പണവിതരണം അറിഞ്ഞ് സന്തോഷിക്കുന്നു. പക്ഷെ ഓര്‍മ്മിക്കുക; 11 വര്‍ഷമായി ഞാന്‍ ഇവിടെ ജീവനോടെയുണ്ട്..."" തൃശൂര്‍ സ്വദേശി വിജേഷ് ഫേസ്ബുക്കില്‍ ഇട്ട ഈ വാചകങ്ങള്‍ക്കൊപ്പം പടര്‍ന്നത് ചോരയും കണ്ണീരുമായിരുന്നു. ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉണ്ടായ അപകടത്തില്‍ കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ടയാളാണ് വിജേഷ്.

നഷ്ടപരിഹാരത്തിനായി വിജേഷിന്റെ വീട്ടുകാര്‍ 11 വര്‍ഷം ചിറ്റിലപ്പിള്ളിയുടെ ഓഫീസില്‍ നിരന്തരം കയറിയിറങ്ങുകയാണ്. തനിക്ക് നീതി നിഷേധിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് എതിരെ നിയമപോരാട്ടത്തിലാണിപ്പോള്‍ ഈ യുവാവ്. തന്നെ തിരിഞ്ഞുനോക്കാന്‍പോലും ചിറ്റിലപ്പിള്ളി ഇതുവരെ തയ്യാറായില്ല. എന്നാല്‍, ഒരു സത്രീ ഇടതുപക്ഷ നേതാക്കളോട് കയര്‍ത്തുവെന്ന പേരില്‍ മാത്രം ആരും അവശ്യപ്പെടാതെ അഞ്ചുലക്ഷം നല്‍കുന്നുവെന്ന വാര്‍ത്ത വിജേഷിനെ സ്തബ്ധനാക്കുന്നു. മാധ്യമ പ്രചാരണമാണ് ചിറ്റിലപ്പിള്ളിയുടെ ലക്ഷ്യം. തിരുവനന്തപുരത്തെ വീട്ടമ്മയ്ക്ക് പണം കൊടുത്തത് അതുകൊണ്ടുമാത്രമാണ്. തനിക്ക് ചികിത്സാസഹായം വാഗ്ദാനംചെയ്ത് ചതിക്കുകയായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെന്നും വിജേഷ് പറഞ്ഞു.

എറണാകുളത്തെ വീഗാലാന്‍ഡില്‍ അപകടത്തില്‍പ്പെട്ട് കഴിയുന്ന തൃശൂര്‍ കോട്ടപ്പുറം അടിയാട്ട് വിജയസരസില്‍ വിജയകുമാര്‍- സരസ്വതി ദമ്പതികളുടെ മകന്‍ വിജേഷിന്റെ (28) ദുരിതജീവിതത്തിന് ഒരുപതിറ്റാണ്ട് കഴിഞ്ഞു. 2002 ഡിസംബര്‍ 22നായിരുന്നു ജീവിതത്തില്‍ ഇരുള്‍പരത്തിയ ദുരന്തം കടന്നുവന്നത്. തൃശൂര്‍ എംടിഐയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ അവസാനവര്‍ഷം പഠിക്കുമ്പോഴാണ് വീഗാലാന്‍ഡിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയത്. ഇരുപത് അടിയോളം ഉയരത്തില്‍നിന്നും താഴെ പ്ലാറ്റ്ഫോമിലേക്ക് ഒഴുകുന്ന ബക്കറ്റ്ഷവറാണ് ദുരന്തം വരുത്തിയത്. പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ വിജേഷ് തെന്നി പൂളിലേക്ക് വീണു. വീഴ്ചയില്‍ കഴുത്തിന് താഴെ മരവിച്ച നിലയിലായി. കൂട്ടുകാര്‍ വീഗാലാന്‍ഡിലെ ഫസ്റ്റ് എയ്ഡ് കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടറും നേഴ്സും ഉണ്ടായിരുന്നില്ല. ഇതാണ് തന്റെ ദുരന്തത്തിന്റെ ആക്കം വര്‍ധിപ്പിച്ചത്. പ്രാഥമികചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ പരിക്കിന്റെ തീവ്രത കുറയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് നട്ടെല്ല് തകരാറിലായെന്നും കഴുത്തിന് താഴെ രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നും വ്യക്തമായത്.

വിവിധ ആശുപത്രികളിലായി വര്‍ഷങ്ങളുടെ ചികിത്സ. വീടും കിടപ്പാടവുമെല്ലാം പണയത്തിലായി. കടവും പെരുകി. ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ചികിത്സ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് തുടരുന്നത്. അപകടം ഉണ്ടായ ഉടനെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വീട്ടുകാര്‍ നേരില്‍ കണ്ടു. മുഴുവന്‍ ചികിത്സാസഹായവും വാഗ്ദാനം നല്‍കിയ അദ്ദേഹം പിന്നീട് ചതിച്ചു. ചിറ്റിലപ്പിള്ളിയുടെ ഓഫീസില്‍ പലതവണ പോയിട്ടും നീതി കിട്ടിയില്ല- കണ്ണീരോടെ വിജേഷ് പറഞ്ഞു.
(ടി വി വിനോദ് )

ദേശാഭിമാനി

No comments:

Post a Comment