Sunday, December 15, 2013

ലക്ഷ്യം ബദല്‍ സര്‍ക്കാര്‍: കാരാട്ട്

അഗര്‍ത്തല: കേന്ദ്രത്തില്‍ ബദല്‍ നയങ്ങളുള്ള സര്‍ക്കാര്‍ രൂപീകരിക്കുകയാണ് സിപിഐ എം ലക്ഷ്യമെന്ന് പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ്-ബിജെപി ഇതര ജനാധിപത്യ മതേതര കക്ഷികളെ യോജിപ്പിച്ച് മുന്നോട്ടു പോകാനുള്ള സാധ്യതകളെക്കുറിച്ചാണ്് അഗര്‍ത്തലയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ചചെയ്യുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ട് കക്ഷികളും വന്‍കിട കുത്തകകളെ സഹായിക്കുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയമാണ് പിന്തുടരുന്നത്. ഇതിനെതിരെ സാധാരണ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുന്ന ബദല്‍നയമാണ് വേണ്ടതെന്നും കാരാട്ട് അഗര്‍ത്തലയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനവിരുദ്ധ സാമ്പത്തികനയങ്ങള്‍ക്ക് ബദലായി ജനക്ഷേമനയങ്ങള്‍ അവതരിപ്പിച്ചും വര്‍ഗീയതയ്ക്കെതിരെ മതേതര ജനാധിപത്യശക്തികളെ സംഘടിപ്പിച്ചും മുന്നോട്ടുപോകാനുള്ള പോരാട്ടമാണ് സിപിഐ എം നടത്തുന്നത്. വരും നാളുകളില്‍ ഇത് ശക്തമാക്കും. ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ ഇടതുപക്ഷ കക്ഷികളുള്‍പ്പെടെ 14 കോണ്‍ഗ്രസ്-ബിജെപി ഇതര ജനാധിപത്യ മതേതര പാര്‍ട്ടികളുടെ കണ്‍വന്‍ഷന്‍ വിജയകരമായി സംഘടിപ്പിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിനെ ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്നതിന്റെ തെളിവാണ് അടുത്ത് പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ബദലിന്റെ സാധ്യതയാണ് ഫലം കാണിക്കുന്നത്. ഈ ബദല്‍ സാധ്യതയ്ക്ക് പാര്‍ടി നേതൃത്വം നല്‍കും.

യുപിഎ ഭരണത്തില്‍ വിലക്കയറ്റവും അഴിമതിയും മറ്റ് ദ്രോഹനടപടികളുംമൂലം ജനങ്ങള്‍ പൊറുതി മുട്ടി. മറ്റ് ബദലുകള്‍ ഒന്നും ഇല്ലാത്തതിനാലാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്, അവരുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടല്ല. കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ശക്തമായ ബദല്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ടിയുടെ വിജയം. വന്‍കിട കോര്‍പറേറ്റുകളും മാധ്യമങ്ങളുമാണ് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. ഗുജറാത്തില്‍ നടത്തിയ എല്ലാ ക്രൂരതകളും മറച്ചുവച്ച്, മുമ്പ് ഒരു നേതാവിനും നല്‍കിയിട്ടില്ലാത്ത പ്രധാന്യവും പ്രചാരണവുമാണ് ഇവര്‍ മോഡിക്ക് നല്‍കുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിയും. ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല. ഇടതുപാര്‍ടികള്‍ അത് അനുവദിക്കില്ല. 2004ലും 2009ലും ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

രാജസ്ഥാനില്‍ സിപിഐ എമ്മിന് സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസിനോടുള്ള വെറുപ്പുമൂലം ജനങ്ങള്‍ ബിജെപിയെ അനുകൂലിച്ചതിനാലാണ്. അവിടെ പാര്‍ടി ജനകീയ പോരാട്ടം തുടരും. ആം ആദ്മിയുടെ നയങ്ങള്‍ നോക്കിയാകും ആ പാര്‍ടിയോടുള്ള സിപിഐ എമ്മിന്റെ സമീപനമെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. ലോക്പാല്‍ ബില്‍ ഈ സമ്മേളനത്തില്‍ത്തന്നെ പാസാക്കണം. ബില്ലിന്റെ കാര്യത്തില്‍ സെലക്ട് കമ്മിറ്റി അംഗീകരിച്ച ഭേദഗതികള്‍കൂടി ഉള്‍പ്പെടുത്തണം. ബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും ഏതു വിധേനയും തകര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിനും അത് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുമുള്ളത്. എല്ലാ ജനാധിപത്യമര്യാദകളും ലംഘിച്ച് വന്‍ അക്രമമാണ് സംസ്ഥാന വ്യാപകമായി അഴിച്ചുവിടുന്നത്. ജനങ്ങളെ സംഘടിപ്പിച്ച്് അതിനെതിരെ ശക്തമായ പോരാട്ടം നടത്തും. സ്വവര്‍ഗരതി കുറ്റകരമാണെന്ന വാദത്തോട് സിപിഐ എം യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
(ഗോപി)

deshabhimani

No comments:

Post a Comment