Monday, December 16, 2013

മോഡി ചിത്രമുള്ള ടീഷര്‍ട്ട് വീശി ചീഫ് വിപ്പ് ബിജെപി വേദിയില്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സ്തുതിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കോണ്‍ഗ്രസ് നഗരസഭാ ചെയര്‍മാനും ബിജെപി വേദിയില്‍. പട്ടേലിന്റെ പ്രതിമനിര്‍മാണത്തിന്റെ പേരില്‍ ബിജെപി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ചീഫ് വിപ്പ് ഉദ്ഘാടനം ചെയ്തു. വേദിയില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം നിന്ന് ജോര്‍ജ് മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ടും ഉയര്‍ത്തി വീശി.

ഇതിനു ശേഷമാണ് കോണ്‍ഗ്രസ് നേതാവും കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനുമായ എം പി സന്തോഷ്കുമാര്‍ വേദിയിലെത്തിയത്. ഇദ്ദേഹം സംഘാടകസമിതി ഭാരവാഹിയുമാണ്. മോഡിയോട് തൊട്ടുകൂടായ്മയില്ലെന്നായിരുന്നു സംഭവം വിവാദമായപ്പോള്‍ ജോര്‍ജിന്റെ പ്രതികരണം. പ്രതിമ നിര്‍മിക്കാന്‍ ഒരു കിലോ ഇരുമ്പ് നല്‍കും. ആര് വിളിച്ചാലും പോകും. വേദി പങ്കിട്ടത് ശരിയാണ്. കോണ്‍ഗ്രസുകാര്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം, ജോര്‍ജ് ബിജെപി വേദിയിലെത്തിയതിനെ കെ എം മാണിയും കോണ്‍ഗ്രസ് നേതാക്കളും രൂക്ഷമായി വിമര്‍ശിച്ചു. വിഷയം പാര്‍ടി ചര്‍ച്ച ചെയ്യുമെന്ന് മാണി പറഞ്ഞു. ജോര്‍ജിനെതിരെ യുഡിഎഫ് നടപടി എടുക്കണമെന്ന് കെപിസിസി വക്താവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment