Saturday, December 14, 2013

ഗൂഢാലോചനക്കുറ്റം കെട്ടിച്ചമച്ചത്: പ്രതിഭാഗം

ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ത്ത പി കെ കുഞ്ഞനന്തനെതിരായ ഗൂഢാലോചനക്കുറ്റം കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം. കൊടി സുനി അടക്കമുള്ളവരെ കുഞ്ഞനന്തന്റെ വീട്ടില്‍ കണ്ടുവെന്ന് മൊഴി നല്‍കിയ രണ്ടുസാക്ഷികളും സജീവ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ്. സാക്ഷികള്‍ രാഷ്ട്രീയ പക്ഷപാതിത്വംമൂലം നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ല. പ്രതികളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത് ഗൂഢാലോചന നടന്നുവെന്നുപറയുന്ന ദിവസം കുഞ്ഞനന്തന്റെ വീട്ടില്‍ അവരുണ്ടായിരുന്നില്ലെന്നാണെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ വാദിച്ചത്. കുഞ്ഞനന്തന്റെ വീട്ടില്‍ കണ്ടുവെന്നു പറയുന്ന പ്രതികളില്‍ പേരുകൊണ്ട് അറിയാത്തവരെയാണ് അവര്‍ കോടതിയില്‍ പേരുപറഞ്ഞ് തിരിച്ചറിഞ്ഞത്. പേരുകൊണ്ട് അറിയുമെന്ന് പറഞ്ഞ രണ്ടുപ്രതികളെ തിരിച്ചറിയാനുമായില്ല. സംശയസാക്ഷികളെന്ന നിലയ്ക്ക് ഇവരുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. പ്രോസിക്യൂഷന്‍ 19, 20 സാക്ഷികളുടെ മൊഴി ശരിയല്ലെന്ന് പ്രതിഭാഗം ഒന്നും മൂന്നും സാക്ഷികളെ വിസ്തരിച്ചപ്പോള്‍ തെളിഞ്ഞതാണ്. ഒന്നാംപ്രതിയായി ചേര്‍ത്ത എം സി അനൂപിനെ കുഞ്ഞനന്തന്റെ വീട്ടില്‍ കണ്ടുവെന്ന സാക്ഷിമൊഴിയും തെറ്റാണ്. പ്രോസിക്യൂഷന്‍ കേസില്‍ പോലും അനൂപിന്റെ പേര് പരാമര്‍ശിക്കുന്നില്ല.

11-ാം പ്രതിയായി ചേര്‍ത്ത മനോജന്‍ എന്ന ട്രൗസര്‍ മനോജ് കുഞ്ഞനന്തന്റെ വീട്ടില്‍ 2012 മെയ് 20ന് ഗൂഢാലോചന നടത്തിയെന്ന സാക്ഷിമൊഴിയും കളവാണ്. അന്ന് മനോജിന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തൂവക്കുന്നാണ്. കുഞ്ഞനന്തന്റെ വീട് നില്‍ക്കുന്ന ഭാഗത്തെ ടവര്‍ പാറാടാണ്. രണ്ടു സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത് 2012 മെയ് 30നാണെന്നാണ് പ്രോസിക്യൂഷന്‍ രേഖകളിലുള്ളത്. എന്നാല്‍ ഇതിനുശേഷമാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്. സാക്ഷിമൊഴികള്‍ കൃത്രിമമായി ചമച്ചതാണെന്നാണ് ഇത് തെളിയിക്കുന്നത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോണ്‍ കോള്‍ രേഖകള്‍കൊണ്ട് പ്രതികളുടെ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നമ്പറുകളുള്ള ഫോണുകള്‍ പ്രതികള്‍ കൈവശം വച്ചതിനും തെളിവില്ല.

16 മുതല്‍ 70 വരെയുള്ള പ്രതികളില്‍ വിചാരണ നേരിട്ട 22 പേര്‍ക്കെതിരായ കുറ്റവും നിലനില്‍ക്കുന്നതല്ല. 16, 17 പ്രതികളായി ചേര്‍ത്ത പി സി ഷിബു, കെ ശ്രീജിത് എന്നിവരെ ചോമ്പാല ഹാര്‍ബറില്‍ കണ്ടുവെന്ന സാക്ഷിമൊഴി വിശ്വസിച്ചാല്‍തന്നെ ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. 19-ാംപ്രതിയായി ചേര്‍ത്ത അശ്വന്തിനെതിരായ തെളിവെന്ന നിലയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. അശ്വന്തിനെ സാക്ഷി തിരിച്ചറിഞ്ഞിട്ടില്ല. അശ്വന്തിനെതിരായ സാക്ഷികള്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ കാര്യവും ഗോപാലകൃഷ്ണക്കുറുപ്പ് ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍ നായര്‍, പി എന്‍ സുകുമാരന്‍, കെ വിശ്വന്‍, കെ എം രാമദാസ്, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു, ഡി അരുണ്‍ബോസ് എന്നിവരും ഹാജരായി.

deshabhimani

No comments:

Post a Comment