Wednesday, December 11, 2013

സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം: വനിതാസംഘടനകള്‍

സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ത്തന്നെ പാസാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കണമെന്ന് വിവിധ മഹിളാസംഘടനകള്‍. രാജ്യസഭ പാസാക്കിയ ബില്‍ മൂന്നരവര്‍ഷം കഴിഞ്ഞിട്ടും ലോക്സഭയില്‍ അവതരിപ്പിക്കാത്തതിന് ന്യായീകരണമില്ലെന്നും മഹിളാസംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്ത്രീകളോടുള്ള ഔദാര്യമെന്ന നിലയിലല്ല സംവരണം ആവശ്യപ്പെടുന്നത്. നയരൂപീകരണ-നിയമനിര്‍മാണവേദികളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുന്നത് വികസനം തടസ്സപ്പെടുത്തും.

ഇത്രയേറെ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും വിധേയമായ മറ്റൊരു ബില്‍ ചരിത്രത്തിലില്ല. എല്ലാ രാഷ്ട്രീയകക്ഷികളും വനിതാസംവരണ ബില്ലിന് അനുകൂലമാണ്. മറ്റേതെങ്കിലും കക്ഷി സഭ സ്തംഭിപ്പിക്കുമെന്ന പേരില്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാത്തത് സത്യസന്ധതയല്ല. ഗണ്യമായ വിഭാഗം അംഗങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെ ഇതിനകം പല ബില്ലും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുധ സുന്ദരരാമന്‍, ജനറല്‍ സെക്രട്ടറി ജഗ്മതി സാങ്വാന്‍, എന്‍എഫ്ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനിരാജ, വിമല്‍ തോറാട്ട് (എഐഡിഎംഎഎം), ലൈല പാസാ(വൈഡബ്ല്യുസിഎ), ഇന്ദു അഗ്നിഹോത്രി (സിഡബ്ല്യുഡിഎസ്) എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് സംസ്ഥാനനിയമസഭകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പും വനിതസംവരണബില്ലിന്റെ പ്രസക്തി വെളിപ്പെടുത്തുന്നു. പുതിയ എംഎല്‍എമാരില്‍ ഡല്‍ഹിയില്‍ 70ല്‍ മൂന്നും രാജസ്ഥാനില്‍ 200ല്‍ ഏഴും മാത്രമാണ് വനിതകള്‍. മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി മെച്ചമല്ല- അവര്‍ പറഞ്ഞു. ബില്‍ നടപ്പുസമ്മേളനത്തില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട്, ലോക മനുഷ്യാവകാശ സംരക്ഷണദിനമായ ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും സ്പീക്കര്‍ മീരാകുമാറിനും മഹിളാ സംഘടനാ പ്രതിനിധികള്‍ നിവേദനം നല്‍കി. എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും നിവേദനം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment