Sunday, December 15, 2013

രോഗബാധിതരായ കുട്ടികളുടെ അച്ഛന്‍ തൂങ്ങിമരിച്ചു

അഞ്ചല്‍ (കൊല്ലം): തളര്‍ന്നുകിടക്കുന്ന രണ്ടുമക്കള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായം ലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം കൊല്ലത്തു നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് അഞ്ചല്‍ പനയ്ക്കവരി തോയിത്തല ശ്രീദേവി വിലാസത്തില്‍ സുശീലനാണ് (47) തൂങ്ങിമരിച്ചത്. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ രണ്ടുമക്കളും കിടപ്പിലാണ്. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്ഷയമാണ് മക്കളായ അഥിന്‍ (14), അതുല്‍ (ഒമ്പത്) എന്നിവരെ പൂര്‍ണമായും കിടപ്പിലാക്കിയത്.

കടം വാങ്ങിയ കാശുംകൊണ്ട് വാടകയ്ക്ക് കാര്‍ എടുത്താണ് വ്യാഴാഴ്ച നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് മക്കളുമായി സുശീലന്‍ എത്തിയത്. സഹായമൊന്നും ലഭിക്കാത്തതില്‍ ഏറെ ദു:ഖിതനായാണ് സുശീലന്‍ മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജനസമ്പര്‍ക്കത്തില്‍ പുതുതായി നല്‍കിയ അപേക്ഷയായതിനാല്‍ മുഖ്യമന്ത്രി പരിഗണിച്ചില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനാണ് കിട്ടിയ നിര്‍ദേശം. കാര്‍ വാടക ഉള്‍പ്പെടെ നാലായിരത്തിലേറെ രൂപ ചെലവിട്ടായിരുന്നു ഇദ്ദേഹം മക്കളെ കൊല്ലത്തു കൊണ്ടുവന്നത്. കിടപ്പിലായ മക്കളെയും കൊണ്ട് തിക്കി തിരക്കി ഏറെ കാത്തിരുന്ന ശേഷം പുലര്‍ച്ചെ ഒന്നിനുശേഷമാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ ഇദ്ദേഹത്തിന്റെ അപേക്ഷ വാങ്ങിയത്. ഇതിനുശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. സഹായം കിട്ടാതെ വന്നത് സുശീലനെ മാനസികമായി തളര്‍ത്തി. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

അഞ്ചല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സന്ധിക്കും പേശിക്കും ബലക്ഷയം ഉണ്ടാകുന്ന അപൂര്‍വരോഗമാണ് അഥിനെയും അതുലിനെയും ബാധിച്ചത്. പരസഹായം ഇല്ലാതെ കുട്ടികള്‍ക്ക് അനങ്ങാനാവില്ല. രണ്ടുപേര്‍ക്കും ആറുവയസ്സു കഴിഞ്ഞപ്പോഴാണ് രോഗം പിടിപെട്ടത്. മക്കളെ പരിചരിക്കാന്‍ സുശീലന്‍ വീട്ടില്‍തന്നെ നില്‍ക്കേണ്ടിവന്നു. ഇതോടെ കൂലിപ്പണിക്കും പോകാനാകാതെയായി. ഭാര്യ ശ്രീദേവി കശുവണ്ടിഫാക്ടറിയില്‍ ജോലിനോക്കുന്നു. ഇവരുടെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സുശീലന്‍ ഉള്‍പ്പെടെയുള്ള പുതിയ അപേക്ഷകരെയെല്ലാം മുഖ്യമന്ത്രി നേരിട്ട് കാണുകയും അപേക്ഷ വാങ്ങുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

deshabhimani

No comments:

Post a Comment