Wednesday, December 11, 2013

കൂടുതല്‍ കരുത്തോടെ മുന്നോട്ട്

കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം വിമര്‍ശവും സ്വയം വിമര്‍ശവും ജീവവായുപോലെ വേണ്ട ഒന്നാണ്. അത് ഉള്‍ക്കൊണ്ട് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ ഇടപെടലിന്റെ ഉന്നതരൂപമായിരുന്നു പ്ലീനത്തിന്റെ സംഘാടനം. ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ സംസ്ഥാന കേന്ദ്രംമുതല്‍ ബ്രാഞ്ചുതലംവരെയുള്ള പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശ-സ്വയംവിമര്‍ശപരമായി വിലയിരുത്തുകയാണ് പ്ലീനത്തില്‍ ചെയ്തത്

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ നാലാമത്തെ പ്ലീനമാണ് നവംബര്‍ 27, 28, 29 തീയതികളില്‍ പാലക്കാട്ട് നടന്നത്. പാര്‍ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിശോധിക്കുന്നതിനായി ചേര്‍ന്ന ഈ സമ്മേളനം പാലക്കാടന്‍ ജനത ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. തയ്യാറെടുപ്പിന് കുറച്ചു ദിവസംമാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ പരിമിതികളെയെല്ലാം മറികടക്കുന്ന വിധത്തിലാണ് പാലക്കാട്ടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് പ്ലീനത്തിന്റെ സംഘാടനം തെളിയിക്കുന്നു. എണ്ണമറ്റ കര്‍ഷക- കര്‍ഷകത്തൊഴിലാളി പോരാട്ടങ്ങളുടെ വിളനിലമായ പാലക്കാടിന്റെ മണ്ണിലെ ജനത അത്യന്തം ആവേശത്തോടെയാണ് പ്ലീനത്തെ ഏറ്റുവാങ്ങിയതെന്ന് സമാപനത്തോടനുബന്ധിച്ച് എ കെ ജി നഗറില്‍ ചേര്‍ന്ന റാലി തെളിയിക്കുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ലക്ഷങ്ങള്‍ ഒഴുകിയെത്തിയ റാലി പാലക്കാട്ടെ പാര്‍ടിയുടെ സുശക്തമായ അടിത്തറയെയും ബഹുജനപിന്തുണയെയും ഒരിക്കല്‍ക്കൂടി വിളിച്ചറിയിക്കുന്നതായി. ലക്ഷങ്ങള്‍ അണിനിരന്ന പൊതുസമ്മേളനം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഉദ്ഘാടനംചെയ്തത്.

കമ്യൂണിസ്റ്റ് പാര്‍ടിയെ സംബന്ധിച്ചിടത്തോളം വിമര്‍ശവും സ്വയം വിമര്‍ശവും ജീവവായുപോലെ വേണ്ട ഒന്നാണ്. അത് ഉള്‍ക്കൊണ്ട് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ ഇടപെടലിന്റെ ഉന്നതരൂപമായിരുന്നു പ്ലീനത്തിന്റെ സംഘാടനം. ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പരിതസ്ഥിതിയില്‍ സംസ്ഥാന കേന്ദ്രംമുതല്‍ ബ്രാഞ്ചുതലംവരെയുള്ള പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശ-സ്വയംവിമര്‍ശപരമായി വിലയിരുത്തുകയാണ് പ്ലീനത്തില്‍ ചെയ്തത്. വന്നിട്ടുള്ള പോരായ്മകള്‍ തുറന്നുപറയുന്നതിനും അത് പരിഹരിക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ് പ്ലീനം ശ്രമിച്ചത്. കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ വന്ന മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയശേഷം അത്തരം വെല്ലുവിളികളെ നേരിടാന്‍ കഴിയുംവിധം സംഘടന എങ്ങനെ രൂപപ്പെടുത്താം എന്ന കാര്യങ്ങളാണ് ചര്‍ച്ചയ്ക്കു വന്നത്. പാര്‍ടി സംസ്ഥാന സമ്മേളനവും പാര്‍ടി കോണ്‍ഗ്രസും ഈരംഗത്ത് മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്ലീനത്തിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്.

കേരളത്തിലെ പാര്‍ടിയുടെ വിവിധതലത്തിലുള്ള സംഘടനാ സ്ഥിതി ആഴത്തിലുള്ള പരിശോധനയ്ക്കും ചര്‍ച്ചയ്ക്കും വിധേയമായി. വര്‍ഗ-ബഹുജനസംഘടനാ മേഖലകളില്‍ നിലനില്‍ക്കുന്ന ചില ദൗര്‍ബല്യങ്ങള്‍ സവിശേഷമായിത്തന്നെ പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഭാവിപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തു.

ഈ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തിയ പ്രധാന ചര്‍ച്ച മതവിശ്വാസികളും കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ളതായിരുന്നു. ഇത് സംബന്ധിച്ച് പാര്‍ടി നിലപാടിന്റെ അടിസ്ഥാനത്തിലുള്ള പ്രായോഗിക സമീപനങ്ങള്‍ പ്ലീനം മുന്നോട്ടുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി വര്‍ഗസമരത്തെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ വര്‍ഗപരമായ സമീപനമാണ് പാര്‍ടി സ്വീകരിക്കുന്നത്. വിശ്വാസികളും അവിശ്വാസികളുമായ എല്ലാ വിഭാഗത്തെയും വര്‍ഗസമര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അണിനിരത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യം. വിശ്വാസം ഉള്ളവരായാലും ഇല്ലാത്തവരായാലും കര്‍ഷകരും തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും എന്ന നിലയില്‍ പല വിഭാഗത്തില്‍ പെട്ടവരാണുള്ളത്. ഇവരുടെ പൊതുവായ പ്രശ്നങ്ങള്‍ ഏറ്റെടുത്താണ് മുന്നോട്ടുപോകുന്നത്.

പാര്‍ടിയുടെ വിവിധതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവരെയാണ് പാര്‍ടി അംഗങ്ങളായി റിക്രൂട്ട് ചെയ്യുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യുമ്പോള്‍ മതവിശ്വാസിയാണോ അല്ലയോ എന്നത് റിക്രൂട്ട്മെന്റിനെ ബാധിക്കുന്ന പ്രശ്നമല്ല. പാര്‍ടി അംഗത്വത്തിലേക്ക് വന്നുകഴിഞ്ഞാല്‍ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന വര്‍ഗസമര സിദ്ധാന്തങ്ങളെയും അതിന്റെ അടിസ്ഥാനത്തിലുള്ള നയസമീപനങ്ങളെയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുക എന്നത് പാര്‍ടി അംഗത്തിന്റെ ഉത്തരവാദിത്തമാണ്. അത്തരം ബോധനിലവാരത്തിലേക്ക് അംഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടതിന്റെ പ്രാധാന്യമാണ് പ്ലീനത്തില്‍ ഊന്നി പറഞ്ഞത്. അല്ലാതെ വിശ്വാസികളെ പാര്‍ടി അംഗത്വത്തിലേക്ക് കൊണ്ടുവരരുതെന്നോ മതവിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കണമെന്നോ ഉള്ള ഒരു തീരുമാനവും പാര്‍ടി പ്ലീനം എടുത്തിട്ടില്ല.

മതവിശ്വാസികളായ ജനതയുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായങ്ങളെ പാര്‍ടി അംഗീകരിക്കുന്നില്ല. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പാര്‍ടി അംഗങ്ങള്‍ വഴിപ്പെടാന്‍ പാടില്ലെന്നും അവയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കരുതെന്നുമാണ് പ്ലീനത്തില്‍ തീരുമാനിച്ചത്. ജാതി-മത ശക്തികള്‍ ജനജീവിതത്തിന്റെ എല്ലാ മേഖലയിലും പിടിമുറുക്കി ജനാധിപത്യപരമായ ജീവിതക്രമത്തെ തടസ്സപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ജാഗ്രതപ്പെടേണ്ടതിന്റെ പ്രാധാന്യം പ്ലീനം എടുത്തുപറയുകയും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളീയ സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാവ്യാധി എന്ന നിലയില്‍ത്തന്നെ മദ്യപാനം മാറിയിട്ടുണ്ട്. ഇത്തരം സ്വഭാവങ്ങളില്‍നിന്ന് പാര്‍ടി അംഗങ്ങള്‍ വിമുക്തരാകണമെന്ന കാഴ്ചപ്പാടാണ് പ്ലീനത്തില്‍ മുന്നോട്ടുവച്ചത്. ഈ ദൗര്‍ബല്യങ്ങള്‍ ഏതെങ്കിലും സഖാക്കള്‍ക്കുണ്ടെങ്കില്‍ അവരെ തിരുത്തുന്നതിന് സഹായിക്കാനാണ് പാര്‍ടി ഘടകങ്ങളോട് പ്ലീനം നിര്‍ദേശിച്ചത്. ഫണ്ട് പിരിവ്, വരവ്- ചെലവ് കണക്ക് സൂക്ഷിക്കല്‍ ഇത്തരം കാര്യങ്ങളില്‍ കൃത്യവും കര്‍ശനവുമായ പരിശോധന ഉണ്ടാകണമെന്നും നിശ്ചയിക്കുകയുണ്ടായി.

നഗരവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി തെറ്റായ പലരീതികളും കേരളത്തില്‍ കടന്നുവരുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയ, പെണ്‍വാണിഭ സംഘങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി പാര്‍ടി അംഗങ്ങള്‍ ബന്ധം സ്ഥാപിക്കരുത് എന്ന കര്‍ശനനിര്‍ദേശം എല്ലാ ഘടകങ്ങള്‍ക്കും പ്ലീനം നല്‍കുകയുണ്ടായി. പെണ്‍വാണിഭ സംഘങ്ങള്‍, ബ്ലേഡ് മാഫിയ തുടങ്ങിയ സാമൂഹ്യവിരുദ്ധശക്തികള്‍ ഉയര്‍ന്നുവരാതിരിക്കാന്‍ കടുത്ത ജാഗ്രത കാണിക്കണമെന്നും ഇവയ്ക്കെതിരായി നിരന്തരം പോരാട്ടം ഉയര്‍ത്തികൊണ്ടുവരേണ്ടതുണ്ടെന്നും പ്ലീനം തീരുമാനിച്ചു.

കേരളത്തിന്റെ പാര്‍ടി മെമ്പര്‍ഷിപ്പിന്റെ നില പരിശോധിക്കുമ്പോള്‍ ബഹുഭൂരിപക്ഷവും തൊഴിലാളി- കര്‍ഷക വിഭാഗത്തില്‍നിന്നാണ്. ഇത് വിപ്ലവപാര്‍ടിയെ സംബന്ധിച്ചിടത്തോളം ഉത്തമമാണ്. എന്നാല്‍, സാമൂഹ്യവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനം ഇല്ലാത്ത പ്രശ്നവുമുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ക്ക് പ്ലീനം രൂപംനല്‍കിയിട്ടുണ്ട്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍നിന്ന് ജനസംഖ്യാതോതിനേക്കാള്‍ ഉയര്‍ന്ന ശതമാനം അംഗങ്ങള്‍ പാര്‍ടിയിലുണ്ട്. എന്നാല്‍, ഈ വിഭാഗം ആകമാനം പാര്‍ടിയില്‍ അണിനിരക്കേണ്ടതാണ് എന്ന കാഴ്ചപ്പാടോടെ ഇടപെടേണ്ടതിന്റെ പ്രാധാന്യവും പ്ലീനം മുന്നോട്ടുവച്ചിട്ടുണ്ട്.

ജനസംഖ്യയില്‍ പകുതിയിലേറെ വരുന്നവരാണ് സ്ത്രീകള്‍. എന്നാല്‍, പാര്‍ടി അംഗത്വത്തില്‍ ഉള്‍പ്പെടെ ഇവരുടെ പങ്കാളിത്തം കുറവാണ്. ഇത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് അഭികാമ്യമല്ല. അത് തിരുത്തുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനും പ്ലീനം നിശ്ചയിക്കുകയുണ്ടായി. അതുപോലെ മത്സ്യത്തൊഴിലാളിമേഖലയിലും സജീവ ശ്രദ്ധ പതിപ്പിക്കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.

പാര്‍ടി അംഗങ്ങളും നേതാക്കളും ജനങ്ങളെ സേവിക്കുന്നവരും സഹായിക്കുന്നവരും ആയിരിക്കണം. ആ നിലയിലുള്ള പ്രവര്‍ത്തനമാണ് പാര്‍ടി വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളുമായി ഇടപെടുന്നതിലും അവരോട് വിനയത്തോടെ പെരുമാറുന്ന കാര്യത്തിലും കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പ്ലീനം തീരുമാനിച്ചു. പാര്‍ടി ദുര്‍ബലമായ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ ഇടപെടുന്നതിനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കി. പാലിയേറ്റീവ് കെയര്‍, സഹകരണമേഖല, ശാസ്ത്രരംഗം, സാംസ്കാരികരംഗം തുടങ്ങിയ മേഖലകളില്‍ നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ചും വ്യക്തമായ രൂപരേഖ പ്ലീനത്തിലൂടെ രൂപപ്പെട്ടിട്ടുണ്ട്.

പ്ലീനം 14 പ്രമേയങ്ങള്‍ അംഗീകരിച്ചു. കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള വിലയിരുത്തലുകളും അതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട ഇടപെടലുകളും ഇതില്‍ മുന്നോട്ടുവയ്ക്കപ്പെട്ടു.

ആഴത്തിലുള്ള സ്വയംവിമര്‍ശം നടത്താനും തിരുത്താനുമുള്ള ആര്‍ജവം സിപിഐ എമ്മിന് ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ പ്ലീനത്തിന്റെ അജന്‍ഡതന്നെ. അതുകൊണ്ടുതന്നെ വലിയ അംഗീകാരമാണ് പ്ലീനത്തിനുണ്ടായത്. എന്നാല്‍, പാര്‍ടിയുടെ യശസ്സ് ഉയര്‍ന്നുവരുന്നതിനെ തടുക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷമാധ്യമങ്ങള്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു പാര്‍ടി മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന സൂര്യഗ്രൂപ്പിന്റെ പരസ്യം. പരസ്യം നല്‍കിയ ആള്‍ ഉള്‍പ്പെട്ട വിവാദപരമായ കാര്യങ്ങളിലെല്ലാം ശക്തമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത വ്യക്തിയുടെ കൈയില്‍നിന്ന് പ്ലീനത്തിന് സംഭാവന സ്വീകരിക്കാന്‍ പാര്‍ടി തയ്യാറായിട്ടുമില്ല. ഈ ഘട്ടത്തില്‍ പരസ്യംനല്‍കി വിവാദം സൃഷ്ടിക്കുന്നതിനാണ് പ്രസ്തുത വ്യക്തി ശ്രമിച്ചത്. ഇത് മനസ്സിലാക്കുന്നതിന് ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് കഴിയാതെ പോവുകയും ചെയ്തു. ഇതാണ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമായി തീര്‍ന്നത്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നാണ് ഈ വിവാദങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. അത് ഉള്‍ക്കൊണ്ടുള്ള സമീപനം ഭാവിയില്‍ ഉണ്ടാകുമെന്ന് ഇതിനാല്‍ ഉറപ്പുനല്‍കുകയുംചെയ്യുന്നു.

കേരളത്തിലെ പാര്‍ടിയെ ജനങ്ങള്‍ ആകമാനം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വപരമായ പങ്കാണ് പാര്‍ടി വഹിക്കുന്നത്. വര്‍ഗീയതയ്ക്കെതിരെയും ജാതിഭ്രാന്തിനെതിരെയും സന്ധിയില്ലാത്ത പോരാട്ടമാണ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നത്. ജനകീയപ്രശ്നങ്ങളില്‍ ആകണ്ഠം മുഴുകിയാണ് പാര്‍ടി മുന്നോട്ടുപോകുന്നത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റി പാര്‍ടി മുന്നോട്ടുപോകുകയാണ്. അഴിമതിക്കെതിരായി സന്ധിയില്ലാത്ത പോരാട്ടം അത് തുടരുകയുമാണ്. ഇവയ്ക്കെല്ലാം കരുത്ത് പകരുന്നതിന് കരുത്തുറ്റ സംഘടന അനിവാര്യമാണ്. അതിനാലാണ് അത്തരം ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുന്നതിന് ഈ പ്ലീനത്തിലൂടെ ശ്രമിച്ചത്. എടുത്ത തീരുമാനങ്ങള്‍ പ്രായോഗികമാക്കുക എന്നത് പ്ലീനത്തിന്റെ വിജയത്തിനും സംഘടനയുടെ മുന്നോട്ടുപോക്കിനും അനിവാര്യമാണ്. വരുന്ന ദിവസങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി നേതൃത്വംനല്‍കും. തുടര്‍പ്രക്രിയ എന്ന നിലയില്‍ വികസിക്കേണ്ട ഇത്തരം പരിപാടികള്‍ക്ക് പാര്‍ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

പിണറായി വിജയന്‍

No comments:

Post a Comment