Friday, December 13, 2013

കടലാടിപ്പാറ ഖനനം: മുംബൈ കമ്പനിക്ക് അനുമതി നല്‍കിയത് ആന്റണി

കാസര്‍കോട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് മുംബൈ കമ്പനിക്ക് അനുമതി നല്‍കിയത് 2003ലെ യുഡിഎഫ് സര്‍ക്കാര്‍. മുംബൈ ആസ്ഥാനമായ ആഷാപുര കമ്പനിക്ക് കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട അപേക്ഷ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് 2003 ജൂണ്‍ മൂന്നിനാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതേ വര്‍ഷം ഡിസംബറില്‍ സംസ്ഥാന വ്യവസായ വകുപ്പ് പ്രാഥമിക അംഗീകാരവും എന്‍ഒസിയും നല്‍കി. ഇക്കാര്യം മറച്ചുവച്ചാണ് കെപിസിസി പ്രസിഡന്റും സംഘവും കള്ളപ്രചാരണത്തിനിറങ്ങിയത്.

ബോക്സൈറ്റ് ഖനനത്തിന് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അതിനുള്ള എന്‍ഒസിയാണ് എ കെ ആന്റണി സര്‍ക്കാര്‍ നല്‍കിയത്. പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു അന്നും വ്യവസായമന്ത്രി. യുഡിഎഫ് സര്‍ക്കാരിന്റെ പ്രാഥമികാനുമതിയുടെ അടിസ്ഥാനത്തില്‍ ആഷാപുര കമ്പനി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 2007 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്ക് ഖനനത്തിനുള്ള അനുമതി നല്‍കി. കിനാനൂര്‍-കരിന്തളം കടലാടിപ്പാറയിലെ 200 ഏക്കര്‍ പുറമ്പോക്കിലുള്ള 80 ഏക്കര്‍ സ്ഥലത്ത് ബോക്സൈറ്റ് ഖനനത്തിനുള്ള അനുമതിയാണ് കേന്ദ്രം ആഷാപുര കമ്പനിക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് കമ്പനി 2007 ഏപ്രിലില്‍ കാഞ്ഞങ്ങാട്ട് ഓഫീസ് തുറന്ന് ഖനന നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ജനവാസകേന്ദ്രമായ കടലാടിപ്പാറയില്‍ ഖനനം നടത്തുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. ഇതിനെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടെക്നിക്കല്‍ കമ്മിറ്റിയെയും നിയോഗിച്ചു. ഉദ്യോഗസ്ഥരും മടിക്കൈ പഞ്ചായത്ത് ജനപ്രതിനിധികളും സന്നദ്ധസംഘടനാ പ്രതിനിധികളും അടങ്ങിയതായിരുന്നു ടെക്നിക്കല്‍ കമ്മിറ്റി. 2007 ആഗസ്ത് മുതല്‍ 2008 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ഈ കമ്മിറ്റി മൂന്നു സിറ്റിങ് നടത്തി തെളിവെടുത്തു. ഇന്ന് ആക്ഷന്‍ കമ്മിറ്റിയില്‍പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് ടെക്നിക്കല്‍ കമ്മിറ്റി മുമ്പാകെ ഹാജരായി തെളിവ് നല്‍കി.

കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമാകില്ലെന്നുകണ്ട ആഷാപുര കമ്പനി 2008 ജനുവരിയില്‍തന്നെ കാഞ്ഞങ്ങാട്ടെ ഓഫീസ് പൂട്ടി സ്ഥലംവിട്ടു. പിന്നീട,് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷവും ഖനനം നടത്താനുള്ള ഒരു നീക്കവും ഉണ്ടായില്ല. കമ്പനി പദ്ധതി ഉപേക്ഷിച്ചുപോയതോടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനവും നിലച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പിനെതുടര്‍ന്ന് കമ്പനി ഖനനം ഉപേക്ഷിച്ചുവെന്നാണ് എല്ലാവരും കരുതിയത്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനു ശേഷമാണ് പഴയ അനുമതി പൊടിത്തട്ടിയെടുത്ത് ഖനനത്തിനുള്ള നടപടി സ്വീകരിക്കാന്‍ കമ്പനി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷയാണ് കമ്പനി കേന്ദ്രത്തിന് നല്‍കിയിട്ടുള്ളത്. അനുമതി നല്‍കരുതെന്ന് പി കരുണാകരന്‍ എംപി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(എം ഒ വര്‍ഗീസ്)

deshabhimani

No comments:

Post a Comment