Friday, December 13, 2013

ടെന്‍ഡറില്ലാതെ വീണ്ടും റിലയന്‍സിന്

സംസ്ഥാനത്തെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ടെന്‍ഡറില്ലാതെ ഇക്കുറിയും റിലയന്‍സിനെ ഏല്‍പ്പിക്കുന്നു. 2008ല്‍ ആരംഭിച്ചതുമുതല്‍ കഴിഞ്ഞവര്‍ഷംവരെ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കായിരുന്നു നടത്തിപ്പ്. മൂന്നു വര്‍ഷത്തേക്കാണ് കരാറെങ്കിലും ഓരോ വര്‍ഷവും നിബന്ധന നിലനിര്‍ത്തി പുനര്‍ ടെന്‍ഡര്‍ ചെയ്യുന്ന രീതിയാണുള്ളത്. അതാണ് റിലയന്‍സിനായി ഇപ്പോള്‍ അട്ടിമറിച്ചത്.

കനത്ത നഷ്ടം ഉണ്ടായിട്ടും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് നന്നായി നടത്തിയ സേവനം കഴിഞ്ഞവര്‍ഷം ടെന്‍ഡറിലെ കുറഞ്ഞ നിരക്ക് മറയാക്കി റിലയന്‍സിനെ ഏല്‍പ്പിച്ചത് വ്യാപക വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജസ്ഥാനിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയാണ് റിലയന്‍സ്. ഇവര്‍ കുറഞ്ഞ പ്രീമിയം നിരക്കില്‍ പദ്ധതി നടത്തുന്നത് ജനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇന്‍ഷുറന്‍സ് തുകയും കുറച്ചുകൊണ്ടായിരിക്കുമെന്ന് അന്നേ പരാതിയുണ്ടായിരുന്നു. ഇതു ശരിയാണെന്ന് പിന്നീട് തെളിഞ്ഞു.

2013 ഏപ്രില്‍മുതല്‍ നവംബര്‍വരെ റിലയന്‍സ് ക്ലെയിം തുക നല്‍കിയത് ഏകദേശം 79 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ യുണൈറ്റഡ് ഇന്ത്യ 188.49 കോടിയും നല്‍കി. വ്യത്യാസം 100 കോടിയിലേറെ. ഇതില്‍ നല്ലൊരു ഭാഗം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തല വികസനത്തിന് എത്തേണ്ടതായിരുന്നു. പടിപടിയായി കേരളം കെട്ടിപ്പൊക്കിയ പൊതുജനാരോഗ്യ സംവിധാനത്തിനും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി വിനയാവുകയാണ്.

റിലയന്‍സ് പദ്ധതിനടത്തിപ്പ് ഏറ്റശേഷം കൈക്കൊണ്ട നടപടികളെല്ലാം പദ്ധതിയുടെ ക്ഷേമലക്ഷ്യത്തെത്തന്നെ തകിടംമറിക്കുന്നതാണ്. അപകടമരണ ഇന്‍ഷുറന്‍സ് ആദ്യം നിര്‍ത്തലാക്കി. വര്‍ഷം ശരാശരി 60,000 പേര്‍ നടത്തുന്ന താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയയുടെ ക്ലെയിം തുക 7500ല്‍നിന്ന് 4500 രൂപയാക്കി. ഇതുവഴി മാത്രം മൂന്നുവര്‍ഷംകൊണ്ട് റിലയന്‍സ് തട്ടിയെടുക്കുന്നത് 54 കോടിയിലേറെ രൂപ. പ്രസവ ശസ്ത്രക്രിയക്ക് 8000 രൂപയായിരുന്നത് 7000 രൂപയായും പിന്നീട് 6000 രൂപയായും കുറച്ചു. ഇതോടൊപ്പം സ്വകാര്യ ആശുപത്രികളെ പദ്ധതിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കുന്ന നടപടികളും സമര്‍ഥമായി പ്രയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ മെഡിക്കല്‍ ബിരുദധാരികളായിരുന്നു ആശുപത്രികളില്‍ പരിശോധന നടത്തിയിരുന്നത്. ഇപ്പോള്‍ പാരാമെഡിക്കല്‍ ബിരുദധാരികളെയാണ് നിയോഗിക്കുന്നത്. തലസ്ഥാനത്തെ പ്രശസ്തമായ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്ക് അത് ആവശ്യമില്ലായിരുന്നെന്ന് റിപ്പോര്‍ട്ട് നല്‍കി ക്ലെയിം നിഷേധിക്കുകപോലും ഉണ്ടായി. കിടത്തിചികിത്സിക്കുന്ന ദിവസം കൂടുതലാണെന്ന് റിപ്പോര്‍ട്ടെഴുതി ക്ലെയിം തുക വെട്ടിക്കലും പതിവായി.
(എം എന്‍ ഉണ്ണികൃഷ്ണന്‍)

deshabhimani

No comments:

Post a Comment