Thursday, December 12, 2013

ജനസമ്പര്‍ക്കം പീഡനമായി

കൊല്ലം: ജനസമ്പര്‍ക്കത്തിെന്‍ പേരില്‍ വിളിച്ചുവരുത്തിയ രോഗികളും വികലാംഗരും വൃദ്ധരും അന്ധരും ക്രൂരപീഡനത്തിനിരകളായി. മുഖ്യമന്ത്രിയെ കാണാന്‍ കാത്തിരുന്ന ആയിരക്കണക്കിനാളുകള്‍ കുടിവെള്ളംപോലും കിട്ടാതെ മണിക്കൂറുകളോളം നട്ടംതിരിഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന സ്ത്രീകളും വിധവകളും ആദിവാസികളുമടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ കാണാന്‍പോലുമാകാതെ മടങ്ങി. കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും തള്ളിക്കേറ്റത്തില്‍ പന്തലിനു പുറത്തായ നിരവധിപേര്‍ പൊരിവെയിലില്‍ ബോധംകെട്ടുവീണു. കോടികള്‍ ധൂര്‍ത്തടിച്ച് നാമമാത്രമായി ധനസഹായം വിതരണംചെയ്യുന്ന ജനസമ്പര്‍ക്കം കടുത്ത ജനദ്രോഹമായതിന്റെ നേര്‍ക്കാഴ്ചകളാണ് കൊല്ലത്ത് അരങ്ങേറിയത്.

വ്യാഴാഴ്ച കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ എന്തെങ്കിലും സഹായം കിട്ടുമെന്നു പ്രതീക്ഷിച്ച് എത്തിയവര്‍ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും അധിക്ഷേപത്തിനും ഇരയായി. മുഖ്യമന്ത്രിയെ നേരിട്ടുകാണാമെന്നു പറഞ്ഞ് പുറത്തു നിര്‍ത്തിയ വികലാംഗര്‍ ഉള്‍പ്പെടെയുള്ളവരെ ഉച്ചയ്ക്കുശേഷവും കടത്തിവിട്ടില്ല. ദിവസങ്ങള്‍ക്കുമുമ്പേ ഓണ്‍ലൈനില്‍ അപേക്ഷിച്ചവരും ഊഴംകാത്ത് മണിക്കൂറുകള്‍ കാത്തുനിന്നു. ആശുപത്രികളില്‍ നിന്ന് കൊണ്ടുവന്ന രോഗികളും കൂട്ടത്തിലുണ്ടായിരുന്നു. പുതുതായി പരാതി നല്‍കാന്‍ വ്യാഴാഴ്ച സമ്പര്‍ക്കവേദിയില്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇത് ഫലപ്രദമായില്ല. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ തുടങ്ങി കണ്ണില്‍കണ്ടവരെല്ലാം പരാതി വാങ്ങി. പൊലീസുകാര്‍പോലും പരാതി വാങ്ങുന്നത് കാണാമായിരുന്നു. പരാതികള്‍ കോളേജിലെ ക്ലാസ് മുറിയില്‍ അലക്ഷ്യമായാണ് സൂക്ഷിച്ചത്.

കഴിഞ്ഞതവണ ജനസമ്പര്‍ക്കത്തില്‍ മുഖ്യമന്ത്രി ഒപ്പിട്ടു കൊടുത്ത കടലാസുമായി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവരുടെ വലിയ നിരതന്നെ ഇത്തവണ വീണ്ടുമെത്തി. സഹികെട്ട് നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ എത്തി. മാധ്യമങ്ങള്‍ക്കു മുന്നില്‍ പലരും വിങ്ങിപ്പൊട്ടി. സ്ത്രീകളടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ശക്തമായി പ്രതികരിച്ചു. പത്തൊമ്പതു ഇനങ്ങളില്‍പ്പെടുത്തിയാണ് ജനസമ്പര്‍ക്കത്തിനു പരാതികള്‍ സ്വീകരിച്ചത്. ഓണ്‍ലൈനില്‍ സ്വീകരിച്ച പരാതികളില്‍ പ്രധാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം സംബന്ധിച്ചവയാണ്. സാധാരണഗതിയില്‍ എംഎല്‍എമാരുടെ ശുപാര്‍ശയനുസരിച്ചും മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു അര്‍ഹരായവര്‍ക്ക് സഹായം നല്‍കുക. ഇത് ഏറെക്കുറെ സുതാര്യമായാണ് നടക്കുന്നത്. ഇതിനു വിരുദ്ധമായാണ് ജനസമ്പര്‍ക്കത്തിലെ സഹായവിതരണം.
(എം സുരേന്ദ്രന്‍)

deshabhimani

No comments:

Post a Comment