Wednesday, December 11, 2013

ഇവിടെ മുഴങ്ങുന്നത് അഴിമതിയുടെ ചൂളം വിളി

പാലക്കാട്- പൊള്ളാച്ചി ദൂരം 60 കിലോമീറ്റര്‍. 65,000 കിലോമീറ്ററിലധികം ദൂരം റെയില്‍ ഗതാഗതം കൈാര്യംചെയ്യുന്ന ഒരു സ്ഥാപനത്തിന് ഇത്രയും ദൂരം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടിവരും. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് പാത യാഥാര്‍ഥ്യമാക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ, പക്ഷേ ഇക്കാര്യത്തില്‍ മാത്രം കണ്ണടയ്ക്കുന്നു. കാരണം വേറൊന്നുമല്ല, കൈനിറയെ ലഭിക്കുന്ന അഴിമതിപ്പണത്തിന്റെ പങ്കുപറ്റാന്‍ കാത്തുനില്‍ക്കുന്ന ഏതാനും ചില കഴുകന്‍കണ്ണുകള്‍ ഇതിന്ചുറ്റും വട്ടമിട്ടുപറക്കുന്നു. അതുകൊണ്ടുതന്നെ ഈ റെയില്‍പ്പാത എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാന്‍ ആര്‍ക്കും സാധ്യമല്ല.

അവഗണനയുടെ ചൂളംവിളി ഉയരുന്ന കേരളത്തില്‍ മറ്റൊരു സ്മാരകമായി ഇന്നും പാലക്കാട്- പൊള്ളാച്ചി റെയില്‍പ്പാത. അഞ്ച്വര്‍ഷം മുമ്പാണ് മീറ്റര്‍ ഗേജ് ബ്രോഡ് ഗേജാക്കുന്ന പണി തുടങ്ങിയത്. 2014 ഏപ്രിലിന് മുമ്പ് പണി പൂര്‍ത്തിയാക്കുമെന്നാണ് അന്ന് ഉറപ്പുനല്‍കിയത്. 158 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. പുതിയതായി സ്ഥലം ഏറ്റെടുക്കല്‍ ആവശ്യമില്ലാത്തതും എല്ലാ സാധനസാമഗ്രികളും നേരത്തെതന്നെ ശേഖരിക്കുകയും ചെയ്ത പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് നാട്ടുകാര്‍ വിശ്വസിച്ചത്. 1920ല്‍ നിലവില്‍വന്ന ഈ മീറ്റര്‍ഗേജ് റെയില്‍വേ ലൈനിന്റെ എല്ലാഭാഗങ്ങളും എടുത്തുമാറ്റി യുദ്ധകാലടിസ്ഥാനത്തിലാണ് അധികൃതര്‍ വിറ്റുകാശാക്കിയത്. എന്നാല്‍ പണിതുടങ്ങുന്നതില്‍ ആ ശുഷ്കാന്തി ഒരിക്കലും കാട്ടിയില്ല. മീനാക്ഷീപുരം പാലക്കാട് റൂട്ടില്‍ പണി ഇടയ്ക്കുവച്ച് നിര്‍ത്തിപ്പോയ ഗുജറാത്ത് കമ്പനിയില്‍നിന്ന് നഷ്ടം ഈടാക്കാതെ ആ കമ്പനിക്കുതന്നെ തൊട്ടടുത്ത റീച്ചിന്റെ കരാര്‍ നല്‍കി റെയില്‍വേ ഉപകാര സ്മരണകാട്ടി. ഇതിനുപിന്നില്‍ അഴിമതിയല്ലാതെ മറ്റെന്താണെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

ഇപ്പോള്‍ റെയില്‍വേ പറയുന്നത് എസ്റ്റിമേറ്റ് തുക 450 കോടിയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്നാണ്. എന്നാല്‍ 70 ലക്ഷം രൂപയുണ്ടെങ്കില്‍ പണി പൂര്‍ത്തിയാക്കാമെന്ന് അവകാശവാദമുന്നയിക്കുന്ന റെയില്‍വേ എസ്റ്റിമേറ്റിന്റെ 20 ശതമാനം ഫണ്ട് വെട്ടിക്കുറച്ചുവെന്നും പറയുന്നു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് പണി നീട്ടിക്കൊണ്ടുപോകാനും ടെണ്ടര്‍ തുക ഉയര്‍ത്തി അതിന്റെ വിഹിതം വാങ്ങാനുമുള്ള തന്ത്രമാണെന്നും പറയുന്നു. പാലക്കാട് മുതല്‍ മീങ്കരവരെയുള്ള ഭാഗത്ത് വീതികൂട്ടുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മുതലമട, കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോമുകളുടെ ഷെല്‍ട്ടര്‍ നിര്‍മാണവും ഭാഗികമായി പുരോഗമിക്കുന്നു. ഇത്തരത്തില്‍ നേരിയതോതിലുള്ള ജോലി മാത്രമാണ് പുരോഗമിക്കുന്നത്. സമയബന്ധിതമായി റെയില്‍പ്പാത നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവാദിത്തം റെയില്‍വേ അധികൃതര്‍ കാണിക്കാക്കാത്തത് കേരളത്തോടുള്ള അവഗണന മാത്രമല്ല, അഴിമതിയുടെ ചൂളംവിളിയും ഉയര്‍ത്തുന്നു.

deshabhimani

No comments:

Post a Comment