Thursday, December 12, 2013

ചരിത്രസമരത്തില്‍ കണ്ണിയാകാന്‍ തലസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത വിധം തിരക്കാണ്. എല്ലാ വണ്ടിയിലും നിറയെ തൊഴിലാളികള്‍. ഓരോ ട്രെയിനും സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ ചെങ്കാടികളേന്തി മുദ്രാവാക്യം മുഴക്കി അവര്‍ പുറത്തേക്ക്. പലഭാഷയില്‍ തൊഴിലാളി ഐക്യത്തിനുവേണ്ടിയും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായും മുദ്രാവാക്യങ്ങള്‍ ഉയരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഡല്‍ഹിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ കാഴ്ചയാണ് ഇത്. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ കണ്ണി ചേരാനാണ് തൊഴിലാളികള്‍ രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ ഉറപ്പാക്കാന്‍ ദേശീയ സാമൂഹ്യ സുരക്ഷാ ഫണ്ട് നടപ്പാക്കുക, കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടേതിനു സമാനമായ വേതന വ്യവസ്ഥകള്‍ നടപ്പാക്കുക, ചുരുങ്ങിയ മാസവേതനം 10,000 ആയി നിശ്ചയിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന അവസാനിപ്പിക്കുക, പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുക, എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക, ഗ്രാറ്റ്വിറ്റി, ബോണസ്, പെന്‍ഷന്‍ എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പരിധികള്‍ എടുത്തുകളയുക, ട്രേഡ് യൂണിയനുകള്‍ക്ക് 45 ദിവസത്തിനകം രജിസ്ട്രേഷന്‍ നല്‍കി അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ് തുടങ്ങി 11 തൊഴിലാളി യൂണിയനുകളാണ് സമരത്തില്‍ അണിനിരക്കുന്നത്. സമരം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. പ്രമുഖ നേതാക്കള്‍ അഭിവാദ്യം ചെയ്യും.

deshabhimani

No comments:

Post a Comment