Wednesday, December 11, 2013

മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത് തെറ്റ്: മണിശങ്കരയ്യര്‍

2009ല്‍ മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് തെറ്റായിപ്പോയെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മണിശങ്കരയ്യര്‍. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കുന്നതിനെ താന്‍ 2004ല്‍ തന്നെ എതിര്‍ത്തിരുന്നതായും ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിശങ്കരയ്യര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ഇതോടെ രൂക്ഷമാവുകയാണ്. കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അയ്യര്‍ അഭിപ്രായപ്പെട്ടു. പാര്‍ടി ഇനി പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോണ്‍ഗ്രസ് സംഘടന അടിമുടി ഉടച്ചുവാര്‍ക്കണം. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കരുതെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരും ചെവിക്കൊണ്ടില്ല. പാര്‍ടി അധികാരദല്ലാളന്മാരുടെ കൈയിലാണെന്ന് 1985ല്‍ രാജീവ്ഗാന്ധി പറഞ്ഞു. ജനങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടനാ പുനഃസംഘടനയ്ക്കായി അദ്ദേഹം ഉമാശങ്കര്‍ ദീക്ഷിത് കമ്മിറ്റിയെ നിയോഗിച്ചു. 1990ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, 1991ല്‍ പാര്‍ടി അധികാരത്തില്‍ വന്നു. അതോടെ പുനഃസംഘടന മാറ്റിവച്ചു. തുടര്‍ന്ന് ഇങ്ങോട്ട് പാര്‍ടി പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം അധികാരം ലഭിക്കും. ഇപ്പോള്‍ നല്ല സമയം ലഭിച്ചിരിക്കുകയാണ്- അയ്യര്‍ പറഞ്ഞു.

മന്‍മോഹന്‍സിങ് സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്ന അയ്യര്‍ ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകപൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍കൈ എടുത്തിരുന്നു. എന്നാല്‍, ഈ പദ്ധതിക്ക് എതിരായി നിലകൊണ്ട അമേരിക്ക ഇന്ത്യയെ വിലക്കി. ഇതിന് തുടര്‍ച്ചയായി അയ്യരെ പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കി. പിന്നീട് പഞ്ചായത്ത്രാജ് മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോഴും അയ്യര്‍ മന്‍മോഹന്റെ നയങ്ങളോട് വിയോജിച്ചിരുന്നു. ക്രമേണ മന്ത്രിസഭയില്‍നിന്ന് അയ്യര്‍ പുറത്തായി. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് രണ്ടാം യുപിഎ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷനും കൃഷി മന്ത്രിയുമായ ശരദ്പവാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

deshabhimani

No comments:

Post a Comment