Monday, December 16, 2013

ചിലിയില്‍ മിഷേല്‍ ബാഷ് ലെ അധികാരത്തിലേക്ക്

സാന്റിയാഗോ:ചിലിയില്‍ ഉജ്ജ്വല വിജയത്തെ തുടര്‍ന്ന് ഇടത് സ്ഥാനാര്‍ഥി മിഷേല്‍ ബാഷ് ലെ (62) വീണ്ടും അധികാരത്തിലേക്ക് . ജനോപകാരപ്രദമായ വാഗ്ദാനങ്ങള്‍ നിറവേറ്റുവാന്‍ ഭരണത്തിലെ രണ്ടാമൂഴത്തിനാണ് മിഷേലിനെ ചിലിയിലെ ജനത അധികാരത്തിലേററിയത്. വലത്പക്ഷ കക്ഷിയായ ഇന്റിപെന്റന്റ് ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ടിയുടെ എല്‍വിന്‍ മത്തേയിയെ വന്‍ ഭൂരിപക്ഷത്തിനാണ് മിഷേല്‍ പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി എന്നിവരടങ്ങിയ ഇടത് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാണ് മിഷേല്‍ ബാഷ് ലെ.

നവംബറില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ മുന്നിട്ടുനിന്നുവെങ്കിലും കേവല ഭുരിപക്ഷം നേടുവാന്‍ മിഷേലിനായില്ല. എന്നാല്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 93 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 62.3 ശതമാനം വോട്ടുകളും നേടി. എല്‍വിന് 37.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2006 മുതല്‍ 2010 വരെ ചിലിയുടെ പ്രസിഡന്റായിരുന്നു മിഷേല്‍. കുത്തകകള്‍ക്ക് ഉയര്‍ന്ന നികുതി , ഉള്ളവരും ഇല്ലാത്തരവും തമ്മിലുള്ള അന്തരം കുറയ്ക്കുക, പരിസ്ഥിതി സംരക്ഷണം ,ഭരണഘടന പരിഷ്ക്കാരം തുടങ്ങിയവയാണ് മിഷേല്‍ മുന്നോട്ടുവെക്കുന്നത്.

നിലവിലുള്ള പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനാറോയുടെ കാലാവധി കഴിയുന്ന മാര്‍ച്ചില്‍ മിഷേല്‍ അധികാരമേറ്റെടുക്കും. 1990ല്‍ പട്ടാള ഭരണാധികാരിയായ ജനറല്‍ അഗസ്റ്റോ പിനോഷെക്ക് ശേഷം ആദ്യമായാണ് ഒരാള്‍ രണ്ടാമൂഴം അധികാരത്തിലേറുന്നത്.

deshabhimani

No comments:

Post a Comment