Monday, December 16, 2013

അഗര്‍ത്തലയെ ചുവപ്പിച്ച് മഹാറാലി

അഗര്‍ത്തല: രാജ്യത്ത് മതേതര-ജനാധിപത്യ ബദല്‍ പടുത്തുയര്‍ത്തുന്നതിനുള്ള കൂട്ടായ ശ്രമത്തിന് വേഗം പകര്‍ന്ന് സിപിഐ എം റാലി. രാജ്യത്തെ സര്‍വ്വ നാശത്തിലേക്കു നയിക്കുന്ന കോണ്‍ഗ്രസിനേയും വര്‍ഗീയ വിപത്തായ ബിജെപിയേയും ഒറ്റപ്പെടുത്താനുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനമായി അഗര്‍ത്തലയില്‍ നടന്ന റാലി. കേന്ദ്രകമ്മറ്റിയോഗത്തിന് സമാപനം കുറിച്ചുള്ള മഹാറാലിയില്‍ പതിനായിരങ്ങള്‍ കണ്ണിചേര്‍ന്നു. ജനങ്ങളെ കൊന്നൊടുക്കുന്ന ഗുജറാത്തിനെയല്ല ജനക്ഷേമപരിപാടികളുമായി മുന്നേറുന്ന ത്രിപുരയെയാണ് മാതൃകയാക്കേണ്ടതെന്ന പ്രഖ്യാപനമാണ് റാലിയില്‍ മുഴങ്ങിയത്.

അസ്തല വിവേകാനന്ദ മൈതാനം ജനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ വീര്‍പ്പുമുട്ടി. ഉച്ചയ്ക്ക് രണ്ടിനാണ് യോഗം ആരംഭിച്ചതെങ്കിലും രാവിലെമുതല്‍ ജനപ്രവാഹം തുടങ്ങി. റാലിക്കെത്തിയവര്‍ ഇന്ദിരാനഗര്‍, റാണിബസാര്‍, മോഹന്‍പൂര്‍, കോളേജ്മൂഡ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങളായി മൈതാനത്തേക്ക് നീങ്ങി. ത്രിപുരയിലെ പ്രധാന ജനവിഭാഗമായ ആദിവാസി-ഗിരിവര്‍ഗക്കാരുടെ സജീവപങ്കാളിത്തമുണ്ടായി. വിവിധകലാരൂപങ്ങളും നൃത്തവും നിശ്ചലദൃശ്യങ്ങളും റാലിക്ക് കൊഴുപ്പേകി. ജനാധിപത്യവും മതേതരത്വവും ദേശീയ ഐക്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ബാനറുകളും പോസ്റ്ററുകളും റാലിയില്‍ ഉയര്‍ത്തി. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, പിണറായി വിജയന്‍, ബിമന്‍ ബസു, വ്യന്ദാ കാരാട്ട്, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ എന്നിവര്‍ സംസാരിച്ചു.

പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള അധ്യക്ഷനായി. ആദ്യമായി ത്രിപുരയില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗം നടത്താനും അതിനോടനുബന്ധിച്ചുള്ള റാലി വന്‍ വിജയമാക്കുന്നതിനും പ്രവര്‍ത്തിച്ച സംസ്ഥാന കമ്മറ്റിയേയും പ്രവര്‍ത്തകരേയും കാരാട്ട് അഭിനന്ദിച്ചു.
(ഗോപി)

ഗുണകരമായ മാറ്റത്തിനായി അണിനിരക്കുക: കാരാട്ട്

അഗര്‍ത്തല: ജനദ്രോഹ നയങ്ങള്‍ തുടരുന്ന കോണ്‍ഗ്രസിനേയും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ബിജെപിയേയും ഒറ്റപ്പെടുത്തി കേന്ദ്രത്തില്‍ ജനകീയ താല്‍പര്യം സംരക്ഷിക്കുന്ന ഗവണ്മന്റുണ്ടാക്കാന്‍ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഗര്‍ത്തലയില്‍ സിപിഐ എം കേന്ദ്രകമ്മറ്റിക്ക് സമാപനം കുറിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു.

വലിയൊരു മാറ്റമാണ് ഇപ്പോള്‍ രാജ്യം ആഗ്രഹിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു. അത് ഗുണകരമായ മാറ്റമാകണം. ഇടതുപക്ഷ ജനാധിപത്യ മതേതര സംഖ്യത്തിനു മാത്രമെ അത് സാധ്യമാകൂ. അതിനുള്ള ചര്‍ച്ചയും തീരുമാനങ്ങളുമാണ് പാര്‍ടി കേന്ദ്ര കമ്മറ്റി പരിഗണിച്ചത്-കാരാട്ട് പറഞ്ഞു. സാധാരണ ജനങ്ങളഭിമുഖീകരിക്കുന്ന യഥാര്‍ഥപ്രശ്നങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷവും മതേതര ജനാധിപത്യകക്ഷികളും ഒത്തൊരുമിച്ച് നീങ്ങുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പലകാര്യങ്ങളിലും കൊച്ചുസംസ്ഥാനമായ ത്രിപുര ഇപ്പോള്‍ രാജ്യത്തിന് മാതൃകയാണെന്നും ഇടതുമുന്നണി സര്‍ക്കാര്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനാലാണ് ഭരണത്തില്‍ തുടരാന്‍ കഴിയുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ വീണ്ടും ചേരുന്ന കമ്മറ്റി ലോക സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുമെന്ന് സീതാറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തിലും രാഷ്ടീയമാറ്റം ഉണ്ടാകും: പിണറായി

അഗര്‍ത്തല: ദേശീയതലത്തിലെന്നപോലെ കേരളത്തിലും അടുത്തുതന്നെ വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കേന്ദ്രകമ്മിറ്റി യോഗത്തോടനുബന്ധിച്ച് അഗര്‍ത്തലയില്‍ ചേര്‍ന്ന റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും അഴിമതിയില്‍ മത്സരിക്കുകയാണ്. കേരളത്തില്‍ സിപിഐ എം നേതൃത്വത്തില്‍ എല്‍ഡിഎഫ് ശക്തമായ ജനകീയ പ്രക്ഷോഭമാണ് സംഘടിപ്പിക്കുന്നത്.

സമരങ്ങളെ അര്‍ധസൈന്യത്തെവരെ ഇറക്കി അടിച്ചൊതുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരവധി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി. സംസ്ഥാന കമ്മറ്റിയംഗങ്ങളെയും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ ഈ മര്‍ദനത്തിനു മുമ്പില്‍ മുട്ടുമടക്കില്ല. കോണ്‍ഗ്രസും ബിജെപിയും എസ്ഡിപിയുമെല്ലാം ചേര്‍ന്നാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്നത് -പിണറായി കൂട്ടിച്ചേര്‍ത്തു. ത്രിപുര ജനതയ്ക്ക് കേരളജനതയുടെ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ സംസാരമാരംഭിച്ചത്.

രാജ്യത്ത് ആദ്യമായി ഇ എം എസിന്റെ നേതൃത്വത്തില്‍ 1957ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭ രാജ്യത്തൊട്ടാകെ വലിയ പ്രചോദനമാണ് സൃഷ്ടിച്ചത്. ത്രിപുരയും അതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കമ്യൂണിസ്റ്റ് പാത സ്വീകരിച്ചത്. കേരളത്തില്‍ രണ്ടരവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ 100 കര്‍ഷകര്‍ ആത്മഹത്യചെയ്തു. ആദിവാസികള്‍ കൊടും പട്ടിണിയും ദുരിതവുമാണ് നേരിടുന്നത്. എല്ലാവിഭാഗം ജനങ്ങളും കഷ്ടപ്പെടുകയാണ്. ഈ നയങ്ങള്‍ക്കെതിരെയുള്ള യോജിച്ച പ്രക്ഷോഭത്തിനാണ് സിപിഐ എം നേതൃത്വം കൊടുക്കുന്നതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment