Monday, December 16, 2013

ഉമ്മന്‍ചാണ്ടിക്കും സരിതയ്ക്കുമായി മാധ്യമങ്ങളുടെ വാഴവെട്ട്

മുഖ്യമന്ത്രിപദവിയും ഓഫീസും സോളാര്‍ തട്ടിപ്പുകാര്‍ക്കായി ദുരുപയോഗിച്ച ഉമ്മന്‍ചാണ്ടിയുടെ രാജിക്കായി എല്‍ഡിഎഫ് ആരംഭിച്ച അനിശ്ചിതകാല ക്ലിഫ് ഹൗസ് ഉപരോധം തകര്‍ക്കാനുള്ള യുഡിഎഫ്- മാധ്യമ ഗൂഢാലോചനയുടെ ഭാഗമായി വാഴവെട്ടും. ശനിയാഴ്ച ഏതാനും ദൃശ്യമാധ്യമങ്ങളാണ് സന്ധ്യയുടെ കൃഷിയിടത്തിലെ വാഴത്തോട്ടം വെട്ടിനശിപ്പിച്ചെന്ന ബ്രേക്കിങ് ന്യുസുമായി രംഗത്തിറങ്ങിയത്. തൊട്ടുപിന്നാലെ ചില യുഡിഎഫ് നേതാക്കളുടെ പ്രതിഷേധവും വന്നു.

മഹിളാകോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധമുയര്‍ത്തി. ചില ചാനലുകള്‍ രാത്രിചര്‍ച്ചക്കും വാഴ ആയുധമാക്കി. എല്‍ഡിഎഫ് വിരുദ്ധജ്വരം മൂത്ത പത്രങ്ങളും ചാനലുകളുടെ ചുവടുപിടിച്ച് വാഴവെട്ട് വന്‍സംഭവമാക്കി. സന്ധ്യയുടെ നന്ദന്‍കോട്ടെ വീട് ആക്രമിച്ചെന്നും പ്രചാരണമുണ്ടായി. സോളാര്‍കരിപുരണ്ട ഉമ്മന്‍ചാണ്ടിയെ വെള്ളപൂശാനുള്ള തീവ്രപ്രയത്നത്തിന്റെ ഭാഗമായിരുന്നു മാധ്യമങ്ങളുടെ ഈ വാഴവെട്ടല്‍. സന്ധ്യയുടെ കരകുളത്തെ കുടുംബവീട്ടില്‍ ദിവസങ്ങള്‍ക്കു മുമ്പ് മുറിച്ചിട്ട ഒരു വാഴയും രണ്ടു വാഴത്തൈയുമാണ് മാധ്യമങ്ങളുടെ നെറികേടിന് ഉപകരണമായത്.

റോഡുവക്കില്‍ ദിവസങ്ങളായി മുറിച്ചിട്ടനിലയില്‍ വാഴകള്‍ വഴിപോക്കര്‍ കണ്ടതാണ്. സന്ധ്യയുടെ കുടുംബവീട്ടിലെ വാഴത്തോട്ടം വെട്ടിയെന്നാണ് എല്ലാ മാധ്യമ ഓഫീസുകളിലേക്കും ഫോണ്‍ വന്നത്. ബ്രേക്കിങ് ന്യൂസ് നല്‍കി പിന്നാലെ കരകുളത്തേക്ക് കുതിച്ച ചാനല്‍കാമറകള്‍ക്കു കിട്ടിയത് മൂന്നു വാഴ. ഇത് മറച്ചുവെച്ച് തുടര്‍ച്ചയായി വാര്‍ത്ത നല്‍കി. ദൃശ്യങ്ങള്‍ കാണിച്ചുമില്ല. വാഴക്കേസുമായി പൊലീസ് വീട്ടിലെത്തുമ്പോഴാണ് ഗൃഹനാഥന്‍പോലും വിവരമറിയുന്നത്. വാഴ വെട്ടിയത് രണ്ടു ദിവസംമുമ്പാണെന്നും പരാതി ഇല്ലെന്നും വീട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് കുഴങ്ങി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം വന്നിരുന്നു.

രണ്ട് സ്റ്റേഷനില്‍ നിന്നാണ് പൊലീസ് സംഘം കുതിച്ചെത്തിയത്. സന്ധ്യ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ഉപകരണമാക്കി ദിവസങ്ങളായി എല്‍ഡിഎഫ് പ്രക്ഷോഭത്തെ കരിതേക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ് മാധ്യമങ്ങള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മഹിളാകോണ്‍ഗ്രസുകാര്‍ക്കൊപ്പം വീടുകയറി വോട്ട് ചോദിച്ച സന്ധ്യയുടെ നിഷ്പക്ഷത വെളിച്ചത്തായപ്പോഴാണ് മാധ്യമകുബുദ്ധിയില്‍ പുതിയ മാര്‍ഗമായി വാഴവെട്ട് തെളിഞ്ഞത്. ബാരിക്കേഡുയര്‍ത്തി പൊലീസ് വഴിതടഞ്ഞതിന് എല്‍ഡിഎഫിനെ അധിക്ഷേപിച്ച സന്ധ്യയ്ക്ക് മാധ്യമങ്ങള്‍ വലിയ ഭാഗം നീക്കിവെച്ചിരിക്കയാണ്. ഇതിന്റെ എരിവും പുളിയും കൂട്ടുകയായിരുന്നു വാഴത്തോട്ടം വെട്ടലിന്റെ ലക്ഷ്യം.

ക്ലിഫ് ഹൗസിലേക്കുള്ള റോഡിനു പകരം വലതുവശത്തുകൂടി പോകുന്ന ചാരാച്ചിറ റോഡ് കൂടി അടച്ച് നന്തന്‍കോട് ജങ്ഷനിലാണ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇക്കാര്യം മാധ്യമങ്ങള്‍ മറച്ചു പിടിക്കുകയാണ്. ഉപരോധം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഗംഗാധരന്‍ നാടാരും മറ്റ് എല്‍ഡിഎഫ് നേതാക്കളും വാര്‍ത്താ സമ്മേളനം നടത്തി ഉപരോധംമൂലം മുഖ്യമന്ത്രിയുടെ കുടുംബത്തിനോ നാട്ടുകാര്‍ക്കോ വിഷമം സൃഷ്ടിക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും അതിരാവിലെ ബാരിക്കേഡ് ഉയര്‍ത്തി രണ്ട് റോഡുകളിലെ കാല്‍നടയാത്ര പോലും പൊലീസ് തടഞ്ഞു. സന്ധ്യ വന്ന് ബഹളംവച്ചപ്പോള്‍ പൊലീസ് ബാരിക്കേഡ് നീക്കിയില്ല. ആ സ്ത്രീക്ക് കടന്നുപോകാന്‍ ബാരിക്കേഡ് മാറ്റിക്കൊടുക്കൂ എന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നതും ചാനലുകള്‍ ഒളിച്ചുവെച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സന്ധ്യയുടെ ചീത്തവിളിക്ക് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ വിലയിട്ടതെന്നും വിവരമുണ്ട്. തലസ്ഥാനത്ത് തനിക്ക് വേണ്ടപ്പെട്ടവരോട് അന്വേഷിച്ചശേഷമാണ് അഞ്ചു ലക്ഷം പ്രഖ്യാപിച്ചതെന്ന് ചിറ്റിലപ്പിള്ളി സമ്മതിച്ചിട്ടുമുണ്ട്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതയുടെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയാന്‍ അവസരമൊരുക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസും ചില മാധ്യമങ്ങളും കൂടിയാലോചിച്ചാണെന്ന് നേരത്തേ ആക്ഷേപമുണ്ട്. മാധ്യമങ്ങളെ കണ്ട് ആരോപണങ്ങള്‍ നിഷേധിക്കാന്‍ സരിതയ്ക്ക് പൊലീസ് സൗകര്യം ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്.
(എം വി പ്രദീപ്)

deshabhimani

No comments:

Post a Comment