Wednesday, December 11, 2013

തെരഞ്ഞെടുപ്പ് ഫലം ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടി: സുനീത് ചോപ്ര

കണ്ണൂര്‍: വിലക്കയറ്റം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരായ തിരിച്ചടിയാണ് വിവിധ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സുനീത് ചോപ്ര പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ ദേശീയ സെമിനാറിന് കണ്ണൂരിലെത്തിയ സുനീത് ചോപ്ര "ദേശാഭിമാനി"യോട് സംസാരിക്കുകയായിരുന്നു.

ഡല്‍ഹി നിയമസഭയില്‍ ആംആദ്മി പാര്‍ടിക്കുണ്ടായ മുന്നേറ്റം താല്‍ക്കാലികമാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ വികാരം മുതലെടുത്താണ് അവരുടെ മുന്നേറ്റം. ഇടതുപക്ഷം ശക്തമായി ഈ സ്ഥാനത്തേക്ക് കയറിവരും. രാജ്യത്തെ ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഇടതുപക്ഷം നടത്തിയ പോരാട്ടത്തിന്റെ താല്‍ക്കാലിക ലാഭം ഇത്തരം പ്രാദേശിക പാര്‍ടികള്‍ക്ക് ലഭിക്കുകയാണ്. ഇത് സ്ഥായിയല്ല. വര്‍ഗീയതക്കും പ്രാദേശിക വാദത്തിനുമെതിരായ മുന്നേറ്റം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കല്യാശേരി "ശാരാദാസി"ല്‍ നായനാരുടെ സഹധര്‍മിണി ശാരദ ടീച്ചര്‍, പള്ളിക്കുന്നില്‍ അഴീക്കോടന്‍ രാഘവന്റെ സഹധര്‍മിണി മീനാക്ഷി ടീച്ചര്‍ എന്നിവരെ സുനീത് ചോപ്ര സന്ദര്‍ശിച്ചു. കണ്ണൂര്‍ "ദേശാഭിമാനി"യും സന്ദര്‍ശിച്ചു. കൂത്തുപറമ്പ് വെടിവയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ സന്ദര്‍ശിച്ച അദ്ദേഹം ലൈബ്രറി കൗണ്‍സില്‍ ദേശീയ സെമിനാറില്‍ ലഭിച്ച പുസ്തകങ്ങളും പ്രബന്ധങ്ങളും കൈമാറി. സെമിനാര്‍ ബാഡ്ജ് സുനീത് ചോപ്ര പുഷ്പനെ അണിയിച്ചു. ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ വിവിധ പുസ്തകങ്ങള്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു പുഷ്പന് നല്‍കി. താലൂക്ക് പ്രസിഡന്റ് കെ പി പ്രദീപ്കുമാര്‍, സെക്രട്ടറി സി സോമന്‍, ജില്ലാ കൗണ്‍സില്‍ അംഗം ടി ടി കെ ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു.

deshabhimani

No comments:

Post a Comment