Friday, December 13, 2013

അണമുറിഞ്ഞൊഴുകിയ പ്രതിഷേധം

"മസ്ദൂര്‍ ഏക്താ സിന്ദാബാദ്... ന്യൂനതം വേതന്‍ ദസ് ഹസാര്‍ ലഗേ രഹേംഗേ, മഹംഗായി പര്‍ രോക് ലഗാവോ..ഠേകേദാരി ഖതം കരോ".... (തൊഴിലാളി ഐക്യം സിന്ദാബാദ്, കുറഞ്ഞ വേതനം 10000 രൂപയാക്കുക, വിലക്കയറ്റം പിടിച്ച് നിര്‍ത്തുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക) തൊഴിലാളി ഐക്യത്തിന് ആഹ്വാനംചെയ്തും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചും എത്തിയ തൊഴിലാളിവര്‍ഗത്തിന്റെ സംഘശക്തി പാര്‍ലമെന്റിന് മുന്നില്‍ ഇരമ്പിയാര്‍ത്തു. രാജ്യത്തിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് മാര്‍ച്ച് മുന്നേറിയത്. പരമ്പരാഗത വേഷമണിഞ്ഞെത്തിയ മണിപ്പുരില്‍ നിന്നുള്ളവരും തൊഴില്‍വേഷത്തില്‍ എത്തിയ ചുമട്ട് തൊഴിലാളികളും റെയില്‍വേ ജീവനക്കാരും ആരോഗ്യമേഖലയില്‍ തൊഴിലെടുക്കുന്നവരും റാലിയില്‍ സജീവമായി അണിനിരന്നു. കുടുംബത്തോടെ സമരത്തിന് എത്തിയവരുടെ എണ്ണവും കുറവല്ലായിരുന്നു.

ബംഗളൂരുവിലെ തൊഴിലാളി കുടുംബത്തില്‍പ്പെട്ട അശ്വിനും അര്‍ച്ചനയും എത്തിയത് ഒന്നരവയസ്സുള്ള മകള്‍ അമോഹയോടൊപ്പമാണ്. തൊഴില്‍രംഗത്ത് നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ പ്രതികരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് അര്‍ച്ചന പറയുമ്പോള്‍ ഭര്‍ത്താവിനും ഇതേ അഭിപ്രായം. തൊഴില്‍രംഗത്ത് നിലനില്‍ക്കുന്ന ചൂഷണങ്ങളെ എതിര്‍ത്ത് എത്തിയവരാണ് മധ്യപ്രദേശില്‍ നിന്നുള്ള ദീന്‍രാജും സുഹൃത്തുക്കളും. അര്‍ഹമായ വേതനം കിട്ടുന്നില്ലെന്നും അവകാശങ്ങള്‍ നേടാന്‍ തൊഴിലാളികള്‍ ഒത്തുചേരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കൊടിയുടെ നിറം നോക്കാതെയാണ് തങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തിയതെന്നും സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ തിരുത്തിക്കാന്‍ തൊഴിലാളികള്‍ സംഘടിച്ച് നില്‍ക്കണമെന്നും ഇവര്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള സിദ്ധുകുമാറും പശ്ചിമബംഗാളില്‍ നിന്നുള്ള സഞ്ജീവ് ചക്രബര്‍ത്തിയുമെല്ലാം സമരത്തിനായി രാജ്യതലസ്ഥാനത്തേക്ക് എത്തിയതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

കോണ്‍ഗ്രസിന്റെ ശക്തരായ വക്താക്കളും റാലിയില്‍ അണിനിരന്നിരുന്നു. തൊഴിലാളിവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിനെതിരെയുള്ള രോഷം ഇവരും മറച്ചുവയ്ക്കുന്നില്ല. വിലക്കയറ്റം മൂലം ജീവിക്കാനാകുന്നില്ലെന്നും ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ദേവ്കുമാര്‍ ആവലാതിപ്പെടുന്നു. ഇത്തരത്തില്‍ തൊഴിലാളിവിരുദ്ധനയങ്ങള്‍ മാത്രം പിന്തുടരുന്ന യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഏറെക്കാലം പിന്തുണക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

deshabhimani

No comments:

Post a Comment