Friday, December 13, 2013

കോടതി നിലപാടിനെതിരെ രാഷ്ട്രീയ പാര്‍ടികള്‍

ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗരതിയെ ക്രിമനല്‍ കുറ്റമായി കാണുന്ന സുപ്രീംകോടതി ഉത്തരവിനെതിരെ സിപിഐ എമ്മും കോണ്‍ഗ്രസും രംഗത്തുവന്നപ്പോള്‍ നിശബ്ദത പാലിച്ച് ബിജെപി. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സുപ്രീംകോടതി നിലപാടിനെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് നിലപാട് എടുക്കേണ്ടതെന്നും അതിന് ശേഷം അഭിപ്രായം അറിയിക്കാമെന്നും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ ആരായുമെന്ന് നിയമകാര്യ മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. സ്വവര്‍ഗരതിയുടെ കാര്യത്തില്‍ സുപ്രീംകോടതി നിലപാട് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. പിന്നോട്ടുള്ള നിര്‍ണായക ചുവടുവയ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നതെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി നവി പിള്ള പറഞ്ഞു. കേസ് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പ്രകൃതിവിരുദ്ധ ലൈംഗികതയെ ക്രിമിനല്‍ കുറ്റമായി കണ്ടുകൊണ്ടുള്ള 377-ാം വകുപ്പ് പുനഃസ്ഥാപിക്കുകയാണ് സുപ്രീംകോടതി ചെയ്തത്. നേരത്തെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് റദ്ദുചെയ്തിരുന്നു. വിവിധ മതസംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ തീര്‍പ്പ്. 377-ാം വകുപ്പ് എടുത്തുകളയുന്നതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഐ എമ്മിനുള്ളതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വിധി മറികടക്കുന്നതിന് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നാല്‍ സിപിഐ എം പിന്തുണയ്ക്കും. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍തന്നെ ഭിന്നാഭിപ്രായങ്ങളാണ്- യെച്ചൂരി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും കോടതിവിധിയെ നിശിതമായി വിമര്‍ശിച്ചു. 1860ലെ മനഃസ്ഥിതിയിലേക്ക് കോടതി മടങ്ങിപ്പോയെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. ബിജെപി പരസ്യമായി നിലപാട് എടുത്തില്ലെങ്കിലും ഗോരഖ്പുര്‍ എംപിയും മുതിര്‍ന്ന ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്തു.

deshabhimani

No comments:

Post a Comment