Thursday, December 12, 2013

ഉപരോധം മറയാക്കി പൊലീസ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു

ക്ലിഫ്ഹൗസ് ഉപരോധത്തിന് പിന്തുണയേറുന്നു

സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലിഫ് ഹൗസ് ഉപരോധം കൂടുതല്‍ ശക്തിയാര്‍ജിച്ചു.

കഴിഞ്ഞ നാലു ദിവസങ്ങളിലായി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിലേക്ക് നടത്തുന്ന സമരത്തിന് ജനപങ്കാളിത്തം ഏറുന്നു. ഇതില്‍ വിറളിപൂണ്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊലീസിനെ മുന്നില്‍ നിര്‍ത്തി ജനകീയ സമരത്തെ നേരിടാന്‍ ഹീനനീക്കങ്ങള്‍ ആരംഭിച്ചു. സാധാരണക്കാരും തൊഴിലാളികളും അഴിമതിക്കെതിരായ പേരാട്ടത്തില്‍ അണിനിരക്കുന്നുണ്ട്.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായിട്ടും രാജിവയ്ക്കാന്‍ തയ്യാറാകാത്ത ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തുന്ന സമരം ഓരോദിവസം പിന്നിടുമ്പോഴും ജനപിന്തുണ ഏറുന്നതാണ് സര്‍ക്കാരിന്റ ഉറക്കംകെടുത്തുന്നത്. അതിനാലാണ് ക്ലിഫ് ഹൗസിന് സമീപത്തെ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യംപോലും തടഞ്ഞുകൊണ്ടുള്ള നീക്കം പൊലീസ് ആരംഭിച്ചത്.

കോവളം നിയോജക മണ്ഡലത്തിലെ ജനങ്ങളാണ് ഇന്നലെ നടന്ന ഉപരോധത്തില്‍ അണിചേര്‍ന്നത്. രാജ്ഭവന്‍ ജംഗ്ഷനില്‍ നിന്നും പ്രകടനമായാണ് ക്ലിഫ്ഹൗസിന് മുന്നില്‍ എത്തിയത്.
ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസിനെ തട്ടിപ്പ് പൊലീസാക്കി മാറ്റിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചുതൂങ്ങി ജനങ്ങളെ തട്ടിപ്പിനിരയാക്കുന്ന ലോകത്തിലെ ആദ്യത്തെ ഭരണാധികാരിയാണ്. ഉമ്മന്‍ചാണ്ടി മലയാളികള്‍ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണം സലിംരാജിനെയും സരിതയെയും പോലുള്ളവരെ ഏല്‍പ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മാഫിയാ സംഘങ്ങളാണ് സംസ്ഥാന ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതിനാലാണ് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഭയപ്പെടുന്നത്. എന്നാല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശമുള്ള ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയേയും കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെയുള്ള യു ഡി എഫ് നേതാക്കളേയും ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. തട്ടിപ്പ് കേസിലെ പ്രതിയായ സരിതയെ ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവാദം നല്‍കുന്ന പൊലീസ് ബിജുരാധാകൃഷ്ണന് അനുമതി നല്‍കാത്തത് തട്ടിപ്പിന്റെ വിവരം പുറത്താകുമെന്ന് മുഖ്യമന്ത്രിക്ക് ആശങ്കയുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

പി രാജേന്ദ്രകുമാര്‍ അധ്യക്ഷനായി. എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍ നാടാര്‍, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി രാമചന്ദ്രന്‍ നായര്‍, വേണുഗോപാലന്‍ നായര്‍, പി കാര്‍ത്തികേയന്‍ നായര്‍, കടകംപള്ളി സുരേന്ദ്രന്‍, ജമീല പ്രകാശം എം എല്‍ എ, എം വിജയകുമാര്‍, വി സുരേന്ദ്രന്‍പിള്ള, പുല്ലുവിള സ്റ്റാന്‍ലി, സത്യപാലന്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, അഡ്വ. ആര്‍ സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെങ്ങാനൂര്‍ ബ്രൈറ്റ് സ്വാഗതം പറഞ്ഞു. ഉപരോധത്തില്‍ പങ്കെടുത്ത നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിച്ചു. സമരത്തിന്റെ അഞ്ചാംദിനമായ ഇന്ന് നെടുമങ്ങാട്  മണ്ഡലത്തിലെ ഇടത് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

ഉപരോധം മറയാക്കി പൊലീസ് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു

ക്ലിഫ്ഹൗസ് ഉപരോധത്തെ മറയാക്കി പൊലീസ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതില്‍ വ്യാപക പ്രതിഷേധം.

സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിവരുന്ന ക്ലിഫ്ഹൗസ് ഉപരോധത്തിനെ മറയാക്കി പൊലീസിന്റെ ക്രൂരത. ക്ലിഫ്ഹൗസിന് മുന്നിലേക്കുള്ള റോഡില്‍ പ്രതിഷേധക്കാരെ തടയുന്നതിനുപകരം ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെ പ്രധാന റോഡില്‍ പൊലീസ് ബാരിക്കേഡ് നിരത്തിയാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാത്രമുള്ള റോഡില്‍ ബാരിക്കേഡുകള്‍ നിരത്തുന്നതിന് യഥേഷ്ടം സ്ഥലമുണ്ടെങ്കിലും ബോധപൂര്‍വ്വമാണ് പൊലീസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്‍ ഡി എഫ് നേതൃത്വം ആരോപിച്ചു.

കഴിഞ്ഞ നാലുദിവസമായി എല്‍ ഡി എഫ് നേതൃത്വത്തില്‍ തികച്ചും സമാധാനപരമായാണ് ഉപരോധ സമരം നടന്നുവരുന്നത്. ഇക്കാര്യം പൊലീസിന് വ്യക്തമാണെങ്കിലും ജനങ്ങള്‍ക്ക് സമരം ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രചരിപ്പിക്കാനുള്ള പൊലീസിന്റെ ഗൂഢ തന്ത്രമാണിത്.

എല്ലാ ദിവസവും പത്തരമണിക്ക് ആരംഭിക്കുന്ന സമരത്തിനെ നേരിടാന്‍ എട്ടുമണിമുതല്‍ പൊലീസ് റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടയും. ഈ ഭാഗങ്ങൡലെ താമസക്കാരില്‍ ഏറെയും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ്. റോഡ് തടസപ്പെടുത്തുന്നതിലൂടെ ഇവര്‍ക്ക് കൃത്യസമയത്ത്  ഓഫീസുകളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. സമീപത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പൊലീസിന്റെ നടപടിയിലൂടെ ഏറെ ബുദ്ധിമുട്ടുണ്ടാകുകയാണ്.

എന്നാല്‍ ഇന്നലെ രാവിലെ സമീപവാസിയായ ഒരു സ്ത്രീയെ കടത്തിവിടാതെ പൊലീസ് തടഞ്ഞത് ഏറെ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്ന് എല്‍ ഡി എഫ് നേതാക്കള്‍ പൊലീസിനോട് ദേവസ്വംബോര്‍ഡ് ജംഗ്ഷനില്‍ നിന്നും ക്ലിഫ്ഹൗസ് റോഡിലേക്ക് ബാരിക്കേഡുകള്‍ മാറ്റണമെന്നും ആവശ്യപ്പെട്ടു.

നിലവില്‍ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് മാത്രമെ പൊലീസിന് വെയില്‍ ഏല്‍ക്കാതെ നില്‍ക്കുന്നതിന് വേണ്ടിയും സമരക്കാരെ പൊരിവെയിലത്ത് നിര്‍ത്തുവാനുമാണ് സര്‍ക്കാരിന്റെ മറ്റൊരു നിര്‍ദ്ദേശം.

janayugom

No comments:

Post a Comment