Thursday, December 12, 2013

മാധ്യമങ്ങളുടെ കള്ളക്കഥ വീണ്ടും പൊളിഞ്ഞു

മാധ്യമങ്ങള്‍ അഴിച്ചുമാറ്റിയ ക്യാമറകള്‍ ഇപ്പോഴും കോഴിക്കോട് ജയിലില്‍ തന്നെ. മനുഷ്യാവകാശകമീഷന്‍ അംഗം നിര്‍ദേശമനുസരിച്ച് കോഴിക്കോട് ജയിലില്‍നിന്ന് മാറ്റിയതായി ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ച ക്യാമറകളാണ് ജില്ലാ ജയിലിലുള്ളത്. ക്യാമറകള്‍ നീക്കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചതോടെ പത്ര- ചാനലുകളുടെ പച്ചനുണകളാണ് പുറത്തായത്.

മനുഷ്യാവകാശ കമീഷന്‍ അംഗം അഡ്വ. കെ ഇ ഗംഗാധരനെ ലാക്കാക്കിയായിരുന്നു ക്യാമറ മാറ്റിയെന്ന കുപ്രചാരണം. ജില്ലാജയിലിലെ 31 നിരീക്ഷണക്യാമറകള്‍ മാറ്റിയെന്നും ഇത് കമീഷന്‍ അംഗത്തിന്റെ നിര്‍ദേശമനുസരിച്ചാണെന്നുമാണ് വാര്‍ത്ത. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ രാഷ്ട്രീയബന്ധം ചികഞ്ഞ് മാര്‍ക്സിസ്റ്റ് വിരുദ്ധരും രംഗത്തെത്തി. കമീഷന്‍ അംഗം സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായി ക്യാമറ മാറ്റി, ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാക്കപ്പെട്ടവരുടെ സൗകര്യാര്‍ഥമാണിത് എന്നായിരുന്നു വാര്‍ത്തകള്‍. മന്ത്രി തിരുവഞ്ചൂരും യുഡിഎഫ് നേതാക്കളുമെല്ലാം ഇതേറ്റുപിടിച്ചു.

എന്നാല്‍, സംസ്ഥാന മനുഷ്യാവകാശകമീഷന്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കമീഷന്‍ അധ്യക്ഷന്‍ ജെ ബി കോശി വ്യക്തമാക്കിയതോടെ കള്ളവാര്‍ത്ത പൊളിയാന്‍ തുടങ്ങി. ക്യാമറനീക്കിയത് കമീഷന്‍ ഉത്തരവനുസരിച്ചാണെങ്കില്‍ അത് ഹാജരാക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പിടിച്ചുനില്‍ക്കാനാവാതെ മന്ത്രി സത്യം പറയാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ പത്രങ്ങളെ തള്ളിപ്പറയാതെ തിരുവഞ്ചൂര്‍ ഇതിന്റെ ഉത്തരവാദിത്തം മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ തലയിലിടുകയായിരുന്നു. ക്യാമറ നീക്കിയെന്ന് അലക്സാണ്ടര്‍ ജേക്കബാണ് തന്നോടു പറഞ്ഞതെന്നായിരുന്നു തിരുവഞ്ചൂരിന്റെ ന്യായം.

മന്ത്രിയുടെ വാദത്തിനിടെ ജയിലില്‍ നടത്തിയ പരിശോധനയില്‍ ക്യാമറകള്‍ മാറ്റിയിട്ടില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്ഥാപിച്ച 68 ക്യാമറകളും അതേപടിയുള്ളതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. കെ കെ ലതിക എംഎല്‍എയുടെ ജയില്‍ സന്ദര്‍ശനം വിവാദമാക്കിയ മാധ്യമങ്ങളെ പൊലീസ് കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. ലതികയുടെ സന്ദര്‍ശനം സ്വാഭാവികമാണെന്നും ദുരൂഹതയില്ലെന്നും പൊലീസ് വിശദീകരിച്ചതോടെ വാര്‍ത്ത ചമച്ചവര്‍ക്ക് തിരിച്ചടിയായി. അതിന് പിന്നാലെയാണ് ക്യാമറ നീക്കിയില്ലെന്ന തിരുവഞ്ചൂരിന്റെ പ്രഖ്യാപനം. കെ കെ ലതിക ഭര്‍ത്താവ് കൂടിയായ സിപിഐ എം നേതാവ് പി മോഹനനെ ജയിലില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് കള്ളവാര്‍ത്ത പടച്ചുവിട്ടിരുന്നു. ജയിലില്‍നിന്ന് മൊബൈല്‍ഫോണുകള്‍ കടത്താനായിരുന്നു ലതികയുടെ സന്ദര്‍ശനം എന്ന ദുഃസൂചനയിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സന്ദര്‍ശനം നിയമാനുസൃതമാണെന്ന് പൊലീസ് പറഞ്ഞതോടെ മാധ്യമങ്ങളുടെ വായടഞ്ഞു. ചന്ദ്രശേഖരന്‍ കേസ് വിചാരണ അവസാനഘട്ടത്തിലേക്ക് നീങ്ങവെ തങ്ങളുടെ നുണക്കഥയില്‍ കെട്ടിപ്പൊക്കിയ കേസിന്റെ വിധി എന്താകുമെന്ന ആധിയിലാണ് ചില മാധ്യമങ്ങള്‍.
(പി വി ജീജോ)

പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവില്ലെന്ന് കമീഷണര്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ ജില്ലാ ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലീസ്. ജയില്‍ പരിസരം ടവര്‍ ലൊക്കേഷനായി ചില കോള്‍ ലിസ്റ്റുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആരാണ് ഇതുപയോഗിച്ചതെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ലിസ്റ്റുകളെക്കുറിച്ച് അറിയില്ല. ഇത്തരത്തിലുള്ള ലിസ്റ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയായാലേ കൃത്യമായി പറയാനാകൂ എന്നും കമീഷണര്‍ വ്യക്തമാക്കി. ഒരുവിഭാഗം മാധ്യമങ്ങള്‍ ഫോണ്‍വിളി വിവാദം സിപിഐ എമ്മിനെതിരെ തിരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോഴാണ് കമീഷണറുടെ വിശദീകരണമെന്നത് ശ്രദ്ധേയമാണ്.

അന്വേഷണ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് "വിചാരണ" നടത്തുകയാണ് ചാനലുകളും ഒരുവിഭാഗം പത്രങ്ങളും. ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ്ഷാഫി വിളിച്ചുവെന്ന് പറയുന്ന ലിസ്റ്റുകളെക്കുറിച്ചും പൊലീസിന് വിവരമൊന്നുമില്ല. ഷാഫി ഫയാസിനെ വിളിച്ചുവെന്ന് മാതൃഭൂമിയില്‍ ബുധനാഴ്ച വന്നത് ചില ചാനലുകള്‍ ഏറ്റുപിടിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ അവരവരുടെ ഭാവനയ്ക്കനുസരിച്ച് എഴുതുന്നുണ്ടെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും കമീഷണര്‍ പറഞ്ഞു.

ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഡിസംബര്‍ രണ്ടിനാണ് വാര്‍ത്ത പുറത്തുവന്നത്. ചന്ദ്രശേഖരന്‍ കേസില്‍ പ്രതിഭാഗം വാദം തുടങ്ങുന്ന ദിവസം ഇതിന് തെരഞ്ഞെടുത്തതില്‍ മാധ്യമങ്ങളുടെ ദുഷ്ടലാക്ക് പ്രകടമാണ്. വാര്‍ത്ത വരുന്നതിനു മുമ്പ് ജയിലില്‍ പൊലീസ്പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ഫോണുകള്‍ കണ്ടെടുക്കാനായില്ല. രണ്ടിനും മൂന്നിനും നടന്ന പരിശോധനയിലും ഒന്നും കിട്ടിയില്ല. മൊബൈല്‍ ചാര്‍ജര്‍ അടക്കമുള്ളവ ജയില്‍ വളപ്പിനുപുറത്തുനിന്ന് കിട്ടിയെന്നു പറയുന്നത് നാലിനാണ്.അഞ്ചിനും ആറിനും നടന്ന പരിശോധനയിലും ഫോണുകള്‍ ലഭിച്ചില്ല. ആദ്യമായി ഫോണ്‍ കിട്ടിയെന്നു പറയുന്നത് ഏഴിനാണ്. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പില്‍നിന്നാണ് ഫോണ്‍ ലഭിച്ചത്. ഈ ഫോണ്‍ പ്രതികള്‍ ഉപയോഗിച്ചതാണെന്ന് തെളിഞ്ഞുവെന്ന് പിറ്റേദിവസം മലയാള മനോരമ മുഖ്യവാര്‍ത്തയാക്കി. വാര്‍ത്തകണ്ട് ഞെട്ടിയെന്ന് കമീഷണര്‍ ദേശാഭിമാനിയോട് പറഞ്ഞപ്പോള്‍ പൊളിഞ്ഞത് മനോരമയുടെ കള്ളക്കഥയാണ്. കഴിഞ്ഞ ദിവസമാണ് ഒറ്റയടിക്ക് എട്ടുഫോണുകള്‍ കിട്ടിയത്. അതും സെപ്റ്റിക് ടാങ്കില്‍നിന്ന്. ഈ ഫോണുകളെയും പ്രതികളുമായി ബന്ധിപ്പിക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിക്കുകയാണ്. ബുധനാഴ്ച ജയിലില്‍ പരിശോധനയുണ്ടായിട്ടില്ലെന്ന് കസബ സിഐ എന്‍ ബിശ്വാസ് അറിയിച്ചു. കഴിഞ്ഞദിവസം ലഭിച്ച എട്ട് ഫോണുകളില്‍ മൂന്നെണ്ണത്തില്‍ ക്യാമറാ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുധം കണ്ടെടുത്തത് സംശയാസ്പദം

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ സുപ്രധാന തെളിവായ ആയുധം കണ്ടെടുത്തത് സംശയാസ്പദമാണെന്നും ഇത് സ്വീകരിക്കാനാവില്ലെന്നും പ്രതിഭാഗം. 31-ാംപ്രതി ലംബുപ്രദീപന്‍ തലശേരി ഡിവൈഎസ്പി ഓഫീസില്‍വച്ച് മൊഴി നല്‍കിയതിനെ തുടര്‍ന്ന് വാള്‍ കണ്ടെടുത്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും 164-ാം സാക്ഷിയുമായ ഡിവൈഎസ്പി എ പി ഷൗക്കത്തലിയുടെ മൊഴി. എന്നാല്‍, മറ്റു തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ പൊരുത്തക്കേടുണ്ട്- പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ വാദിച്ചു. തിരിച്ചറിയല്‍ പരേഡിലെ നടപടിക്രമങ്ങള്‍ വിശ്വസനീയമല്ല. ഒന്ന്്, നാല്, ഏഴ് പ്രതികളെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞതായി 159-ാം സാക്ഷി രേഖപ്പെടുത്തിയത് നിയമാനസൃതം സ്വീകരിക്കാനാവില്ല. തിരിച്ചറിയല്‍ പരേഡും തെളിവുകളും തള്ളിക്കളയണം. ബ്ലാങ്ക്പേപ്പറില്‍ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തവരുടെ ഒപ്പിടുവിച്ചുവെന്ന മജിസ്ട്രേട്ട് നല്‍കിയ തെളിവ് ഞെട്ടിപ്പിക്കുന്നതാണ്.

deshabhimani

No comments:

Post a Comment