Sunday, December 15, 2013

കുടിശ്ശിക പരിധി കടന്നു ട്രഷറി ഉടന്‍ പൂട്ടും

സംസ്ഥാനത്തെ ബാധിച്ച ഗുരുതര സാമ്പത്തിക തളര്‍ച്ചയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നു. മരാമത്ത് പണികള്‍ നടത്തിയ കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 1700 കോടിയില്‍ എത്തി. കണ്‍സ്യൂമര്‍ഫെഡിനും സപ്ലൈകോയ്ക്കും പണം കൊടുക്കാത്തതിനാല്‍ സര്‍ക്കാരിന്റെ വിപണി ഇടപെടലും നിലച്ചു. കൊട്ടിഘോഷിച്ച വന്‍കിട പദ്ധതികള്‍ പണമില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയാണ്. ഏതുസമയത്തും ട്രഷറി പൂട്ടാമെന്നതാണ് സ്ഥിതി. കുടിശ്ശിക 1700 കോടിയില്‍ എത്തിയ സാഹചര്യത്തില്‍ പൊതുമരാമത്ത് പണികള്‍ നിര്‍ത്തിവയ്ക്കുമെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി വിശ്വനാഥന്‍ പറഞ്ഞു. ബജറ്റില്‍ ഉള്‍പ്പെടുത്താതെ നൂറുകണക്കിന് കോടികളുടെ പണികള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് കുടിശ്ശിക ഇത്രയും എത്തിച്ചത്. ബജറ്റ് പ്രകാരമുള്ള മുഴുവന്‍ തുകയും കൊടുത്തെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. വായ്പയും ഓവര്‍ഡ്രാഫ്റ്റും എടുത്ത് കോടികളുടെ പണികള്‍ നടത്തിയ കരാറുകാര്‍ ബില്‍ മാറാത്തതിനാല്‍ കടക്കെണിയിലായി.

സര്‍ക്കാരില്‍നിന്നു കിട്ടേണ്ട 440 കോടി രൂപ കുടിശ്ശികയായതിനാല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് പ്രസിഡന്റ് അഡ്വ. ജോയി തോമസ് പറഞ്ഞു. മൊത്തവ്യാപാരികള്‍ക്ക് പണം നല്‍കാത്തതിനാല്‍ അവര്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല. കഴിഞ്ഞ ദിവസത്തെ ടെന്‍ഡറില്‍ ആറുപേര്‍ മാത്രമാണ് പങ്കെടുത്തത്. 70 പേര്‍ വരെ പങ്കെടുത്തിരുന്ന സ്ഥാനത്താണിത്. സപ്ലൈകോയ്ക്ക് 250 കോടി കുടശ്ശികയാണ്. ഇത് വിപണി ഇടപെടലിനെ ബാധിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ പൊള്ളുന്ന വിലക്കയറ്റത്തിന് ഇത് ഇടയാക്കുന്നു. നെല്ലുസംഭരണത്തില്‍ കര്‍ഷകര്‍ക്ക് 20 കോടി ഇനിയും കൊടുത്തിട്ടില്ല. വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണം ഓണത്തിനുശേഷം നടന്നിട്ടില്ല. ദരിദ്ര ജനവിഭാഗങ്ങളുടെ ഭവനപദ്ധതികള്‍ പൂര്‍ണമായി നിലച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളം 25 ശതമാനമായി വെട്ടിക്കുറച്ചാണ് ട്രഷറിപൂട്ടല്‍ തല്‍ക്കാലം ഒഴിവാക്കിയത്. മുന്‍കാലങ്ങളില്‍ ഒരുമാസത്തെ ശമ്പളം മുന്‍കൂര്‍ കിട്ടിയിരുന്ന സ്ഥാനത്ത് അതിന്റെ കാല്‍ഭാഗം മാത്രം നല്‍കുന്നത് ഭൂരിപക്ഷംപേരും വാങ്ങാനിടയില്ലെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു. പദ്ധതിനിര്‍വഹണത്തില്‍ 70 ശതമാനവും ശേഷിക്കുമ്പോഴും ട്രഷറിയില്‍ പണമില്ലാത്ത സ്ഥിതി അതീവ ഗുരുതരമാണ്. ധനവകുപ്പിന്റെ അനുമതിയില്ലാതെ വിവിധ വകുപ്പുകള്‍ നടത്തുന്ന ധൂര്‍ത്തും തസ്തിക സൃഷ്ടിക്കലുമാണ് സ്ഥിതി വഷളാക്കിയത്. അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെ നേരെ മന്ത്രിസഭയില്‍ എത്തി പദ്ധതികള്‍ പാസാക്കുന്നത് ധനമാനേജ്മെന്റിനെ അവതാളത്തിലാക്കി. സീപ്ലെയിന്‍ അടക്കമുള്ള വന്‍കിട പദ്ധതികള്‍ ഉപേക്ഷിച്ചത് സര്‍ക്കാരിന് ഗുണകരമായി. ഇവയ്ക്കായി നീക്കിവച്ചിരിക്കുന്ന പണം ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

deshabhimani

1 comment:

  1. ഇങ്ങനെപോയാല്‍ വലിയ താമസം ഇല്ല

    ReplyDelete