Wednesday, December 11, 2013

മനുഷ്യാവകാശ ധ്വംസനം തുറന്നുകാട്ടി സെമിനാര്‍

തലശേരി: മുസ്ലിംയുവാക്കളെ അകാരണമായി തടങ്കലിടുന്ന മനുഷ്യാവകാശ ധ്വംസനം തുറന്നുകാട്ടി സെമിനാര്‍. മനുഷ്യാവകാശദിനത്തില്‍ അഡ്വ. ഒ വി അബ്ദുള്ള സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച "മുസ്ലിങ്ങള്‍ ആശയും ആശങ്കയും" സെമിനാര്‍ ഭീകരവാദമുദ്രകുത്തി നിരപരാധികളെ ജയിലിലടക്കുന്ന ഭരണകൂടഭീകരതക്കെതിരായ പ്രതിരോധപ്രഖ്യാപനമായി. മുസ്ലിം മതത്തെ ഭീകരതയുടെ മറുപേരായി മുദ്രകുത്തി വേട്ടയാടാനുള്ള വര്‍ഗീയ-ഫാസിസ്റ്റ്ശക്തികളുടെ കുത്സിതശ്രമത്തെയും സെമിനാര്‍ തുറന്നുകാട്ടി. ടൗണ്‍ഹാളില്‍ സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു.

ജമാഅത്തെ ഇസ്ലാമി പേനകൊണ്ടും എന്‍ഡിഎഫ് വാളുകൊണ്ടും തീവ്രവാദംവളര്‍ത്തുകയാണെന്ന് പി ജയരാജന്‍ പറഞ്ഞു. ഭീകരതയും തീവ്രവാദവും വളര്‍ത്തുന്നതില്‍ ആര്‍എസ്എസ്, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി എന്നിവയ്ക്ക് ഒരേസ്വഭാവമാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഉല്‍പന്നമായ സിമിയുടെ മുന്‍നേതാക്കളാണ് എന്‍ഡിഎഫിന് രൂപം നല്‍കിയത്. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ്സിന്റെ ഇസ്ലാമിക പതിപ്പുകളാണിവരെന്ന് പി ജയരാജന്‍ പറഞ്ഞു. ഇന്ത്യന്‍ജയിലുകളില്‍ നിരപരാധികളായ മുസ്ലിങ്ങളെ അകാരണമായി തടവിലിടുകയാണ്. ഇതിനെതിരെ ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ സിപിഐ എം മുന്നിട്ടിറങ്ങിയിട്ടുണ്ട്. പാര്‍ടി സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയെക്കണ്ട് ഇക്കാര്യത്തില്‍ ആശങ്ക അറിയിക്കുകയുണ്ടായി. തെറ്റിദ്ധാരണയില്‍നിന്ന് സമുദായത്തെ മോചിപ്പിക്കാന്‍ പുരോഗമനശക്തികള്‍ക്കൊപ്പം നിന്ന് സാമൂഹ്യ നവോത്ഥാനത്തിനായുള്ള തിരുത്തല്‍ശക്തിയായി മാറാന്‍ സമുദായാംഗങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പി ജയരാജന്‍ പറഞ്ഞു.

ടി കെ ഹംസ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എം വി മുഹമ്മദ് സലീം അധ്യക്ഷനായി. എ എന്‍ ഷംസീര്‍, എം സി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ തലശേരി, പിണറായി ഏരിയാ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന "കളിയാട്ടം" കലാലയ മേളയുടെ ലോയോ ഗായിക രഹ്നക്കക് നല്‍കി എരഞ്ഞോളി മൂസ പ്രകാശനംചെയ്തു. കാത്താണ്ടി റസാഖ് സ്വാഗതവും മനോളി മുഹമ്മദ് നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment