Wednesday, December 11, 2013

കാത്തിരുന്നവര്‍ നിരാശരായി; സങ്കടം കേള്‍ക്കാതെ മുഖ്യമന്ത്രി മടങ്ങി

തൊടുപുഴ: വെയിലും തണുപ്പും സഹിച്ച് സ്ട്രെച്ചറുകളിലും വീല്‍ചെയറുകളിലും മണിക്കൂറുകള്‍ കാത്തിരുന്നവരെ കാണാന്‍ കൂട്ടാക്കാതെ ജനസമ്പര്‍ക്കവേദിയില്‍നിന്ന് മുഖ്യമന്ത്രി മടങ്ങി. ദുരിതങ്ങളും സങ്കടങ്ങളും നേരിട്ടുണര്‍ത്തിച്ചാല്‍ സഹായഹസ്തം നീട്ടുമെന്ന പ്രതീക്ഷയില്‍ ജില്ലയുടെ വിദൂരസ്ഥലങ്ങളില്‍നിന്ന് രാവിലെതന്നെ തൊടുപുഴയിലെ സമ്പര്‍ക്കപരിപാടിയിലെത്തിയവരാണ് നിരാശരായത്. സഹായം അര്‍ഹിക്കുന്നവരെ മഴുവന്‍ കാണാന്‍ കൂട്ടാക്കാതിരുന്ന മുഖ്യമന്ത്രി അനര്‍ഹര്‍ക്ക് സഹായം നലകിയെന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നു. സഹായധനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിക്കുമേല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കാണാമായിരുന്നു. തുക നിശ്ചയിക്കുന്നതില്‍ ഈ നേതാക്കളുടെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി വഴങ്ങിയെന്നാണ് ആക്ഷേപം.

നേരത്തെ സമര്‍പ്പിച്ച അപേക്ഷകളില്‍നിന്ന് തെരഞ്ഞെടുത്തവരെ കണ്ടുകഴിഞ്ഞ് ഇവരെ നേരിട്ടുകണ്ട് പരാതിസ്വീകരിക്കുമെന്ന് സംഘാടകര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇരുനൂറോളം പേര്‍ കാണാന്‍ കാത്തുനില്‍ക്കെ മുഖ്യമന്ത്രി രാത്രി വൈകി മടങ്ങിയത്. മുന്‍കൂട്ടി സമര്‍പ്പിച്ച 4007 പരാതികളില്‍ തെരഞ്ഞെടുത്ത 272 പേരെ നേരില്‍കണ്ടശേഷം പുതുതായി പരാതി സമര്‍പ്പിക്കാനെത്തുന്നവരെ മുഖ്യമന്ത്രി കാണുമെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. ഇതനുസരിച്ച് മുഖ്യമന്ത്രിയെ നേരില്‍കണ്ട് ദുരിതങ്ങള്‍ വിവരിക്കാന്‍ നൂറുകണക്കിന് പേര്‍ എത്തിയിരുന്നു. സമ്പര്‍ക്കപരിപാടിയുടെ ഇടവേളകളില്‍ ഇവരില്‍നിന്ന് മുഖ്യമന്ത്രി പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം മന്ത്രി പി ജെ ജോസഫും പിടി തോമസ് എംപിയും റോഷി അഗസ്റ്റിന്‍ എംഎല്‍എയും പരാതികള്‍ സ്വീകരിച്ചെങ്കിലും സമ്പര്‍ക്കപരിപാടി രാത്രി വൈകിയും തുടരുന്നുവെന്ന് വരുത്താന്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും ഇതിനിടെ മെല്ലെപ്പോക്ക് തുടങ്ങിയിരുന്നു. എന്നിട്ടും അന്ധരും ബധിരരും അംഗവിഹീനരും വികലാംഗരും രോഗബാധിതരുമായ ഇരുനൂറിലധികം പേര്‍ വെയിലിന്റെ കാഠിന്യവും ഡിസംബറിന്റെ തണുപ്പും സഹിച്ച് പന്തലില്‍ ഊഴം കാത്തിരുന്നു. ഇവരെ കാണാന്‍ തയ്യാറാകാതെയാണ് മുഖ്യമന്ത്രി സമ്പര്‍ക്കവേദി വിട്ടത്. കാത്തിരപ്പ് വെറുതെയായതിന്റെ നിരാശയും അമര്‍ഷവും പ്രകടിപ്പിച്ച പരാതിക്കാര്‍ മറ്റ് വഴികളില്ലാതെ ഹര്‍ജികള്‍ എംപിക്കും എംഎല്‍എക്കും കൈമാറി മടങ്ങി.

പട്ടയം: മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റൊരു വഞ്ചന -എം എം മണി

തൊടുപുഴ: 28ന് മലയോരകര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റൊരു വഞ്ചനയാണെന്ന് കര്‍ഷകസംഘം അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റിയംഗം എം എം മണി പറഞ്ഞു. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അംഗീകരിച്ച പശ്ചാത്തലത്തില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണം. റബര്‍ വിലയിടിവിനെതിരെ കര്‍ഷകസംഘം തൊടുപുഴയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് 16,000 പേര്‍ക്ക് പട്ടയം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ ഓര്‍ഡിനന്‍സ് പുതുക്കാന്‍ തയ്യാറായില്ല. തടസങ്ങള്‍ നീക്കുന്നതിനാവശ്യമായ ബില്‍ പാസാക്കാനും ശ്രമിച്ചില്ല. പട്ടയം കൊടുക്കുമെന്ന് പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്തത്. റബര്‍ വിലത്തകര്‍ച്ച അമിതോല്‍പ്പാദനം കൊണ്ടുണ്ടായതല്ല. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇറക്കുമതിച്ചുങ്കം കുറച്ച നടപടിയുമാണതിന് കാരണം. മറ്റ് കൃഷികളുമായി ബന്ധപ്പെട്ടുണ്ടായ കര്‍ഷക ആത്മഹത്യ റബര്‍ കര്‍ഷകമേഖലയിലും സംഭവിക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിദേശരാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടാല്‍ വിദേശനാണ്യം ഒഴുകുമെന്ന് പറഞ്ഞവര്‍ കാര്‍ഷികമേഖലയുടെ ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് സമാധാനം പറയണം. സാമ്രാജ്യത്വത്തിന്റെ ഏജന്റാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് ഇപ്പോള്‍ ഏത് കൊച്ചുകുട്ടിക്കും അറിയാം. മനുഷ്യന്‍ വേണ്ട, മൃഗങ്ങള്‍ മതി എന്ന് പറയുന്ന പരിസ്ഥിതിവാദത്തോട് യോജിക്കാനാവില്ല. കര്‍ഷകരെ കുടിയൊഴിക്കാനുള്ള റിപ്പോര്‍ട്ടുകള്‍ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല. മാധ്യമഭീമന്മാര്‍ക്കും ഇതില്‍ പങ്കുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകളെ ന്യായീകരിക്കുന്ന പി ടി തോമസിനെപ്പോലുള്ളവരോട് കണക്ക് തീര്‍ക്കാന്‍ കാത്തിരിക്കുകയാണ് മലയോരജനത. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കം തൊടുപുഴയ്ക്ക് മാറ്റിയത് എംപിക്കും സര്‍ക്കാരിനുമെതിരെയുള്ള മലയോരമക്കളുടെ പ്രതിഷേധം ഭയന്നിട്ടാണ്.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2010ല്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ തന്നെ അതിന്റെ അപകടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി മണി പറഞ്ഞു. കുഴപ്പമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, കര്‍ഷകര്‍ ഇനിയും ഈ പ്രചാരണത്തില്‍ വഞ്ചിതരാകാന്‍ പോകുന്നില്ലെന്നും മലയോരത്തിന്റെ യോജിച്ച പ്രക്ഷോഭത്തെ അതിജീവിക്കാന്‍ നുണപ്രചാരണങ്ങള്‍കൊണ്ട് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മക്കളുള്ള വീട്ടമ്മയ്ക്ക് ധനസഹായം അരലക്ഷം രൂപ

ചെറുതോണി: ഗസറ്റഡ് ഓഫീസറുള്‍പ്പെടെ മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മക്കളായ വീട്ടമ്മയ്ക്ക് ജനസമ്പര്‍ക്കത്തില്‍ കിട്ടിയത് 50000 രൂപ. സ്വന്തമായി ഒരേക്കര്‍ പട്ടയഭൂമിയും ഇവര്‍ക്കുണ്ട്. തിങ്കളാഴ്ച തൊടുപുഴയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് തുക നല്‍കിയത്. ചെറുതോണി സ്വദേശിനിയാണ് അപേക്ഷക. ഗസറ്റഡ് ഓഫീസറായ മകള്‍ എന്‍ജിഒ അസോസിയേഷന്റെ പ്രമുഖ നേതാവും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥയുമാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ശുപാര്‍ശയിലാണ് അരലക്ഷം രൂപ കിട്ടിയതെന്നറിയുന്നു. 2012 ഫെബ്രുവരിയില്‍ വാഴത്തോപ്പില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ഇവര്‍ക്ക് 20,000 രൂപ ലഭിച്ചിരുന്നു. മകന്‍ പൊലീസിലും മറ്റൊരുമകള്‍ കോടതിയിലും ഉദ്യോഗസ്ഥരാണ്. അസോസിയേഷന്‍ നേതാവായ മകള്‍ അടുത്തിടെ 35 ലക്ഷം ചെലവില്‍ ചെറുതോണിയില്‍ വീട്നിര്‍മിച്ചിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തിലാണ് വന്‍ തുക കൈക്കലാക്കിയത്. രണ്ടുവര്‍ഷംമുമ്പ് വീട്ടമ്മ വീണ് പരിക്കേറ്റിരുന്നു. അതിന്റെ പേരിലാണ് അരലക്ഷം രൂപ നല്‍കിയത്. ജനസമ്പര്‍ക്കത്തിന് രണ്ടുദിവസം മുമ്പ് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്നാണ് വരുന്നെതെന്നറിയിക്കാനായിരുന്നു ഇത്. ഇടുക്കിയില്‍ കൂടുതല്‍ തുക നല്‍കി എന്നുപറയുന്നവര്‍ എങ്ങിനെയാണ് തുക നല്‍കിയതെന്ന് ഇതിലൂടെ പറത്ത് വരുന്നു. കൈയും കാലും ഇല്ലാതെ, ആരും നോക്കാനില്ലാത്തവര്‍ കൊടുത്ത അപേക്ഷകള്‍ക്ക് 500, 1000 അനുവദിച്ചവരാണ് സമ്പന്ന കുടുംബത്തിന് അരലക്ഷം നല്‍കിയത്. ജനസമ്പര്‍ക്കത്തിന്റെ ആനുകൂല്യം കിട്ടിയവര്‍ കോണ്‍ഗ്രസ്സ്കാര്‍ക്ക് മാത്രമാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പരാതികള്‍ ചാക്കില്‍കെട്ടി തള്ളി

ആലപ്പുഴ: ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതികളും അപേക്ഷകളും ചാക്കില്‍കെട്ടി കലക്ടറേറ്റ് വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍. ആലപ്പുഴയില്‍ നടന്ന സമ്പര്‍ക്കപരിപാടിയില്‍ തീര്‍പ്പാക്കാന്‍ കഴിയാതിരുന്ന പരാതികളും അപേക്ഷകളും നടപടികള്‍ക്കായി അതത് വകുപ്പുകള്‍ക്ക് അടുത്തദിവസംതന്നെ കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പക്ഷെ, രണ്ടുനാള്‍ കഴിഞ്ഞിട്ടും അപേക്ഷകള്‍ ചാക്കില്‍തന്നെ വിശ്രമിക്കുകയാണ്. കലക്ടറേറ്റില്‍ എല്ലാവരും കാണ്‍കെ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ സംസാരവിഷയമായതോടെ അവിടെനിന്നും മാറ്റിയിടാന്‍ ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കി. ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 19,216 അപേക്ഷകളില്‍ വളരെ കുറച്ചുമാത്രമാണ് "ചടങ്ങില്‍" പരിഹാരംകണ്ടത്. യൂത്ത് കോണ്‍ഗ്രസുകാരും പൊലീസുകാരും വാങ്ങിക്കൂട്ടിയ അപേക്ഷകള്‍ ചാക്കിലാക്കി മാറ്റുകയായിരുന്നു. വില്ലേജ് ഓഫീസര്‍മാര്‍ മുന്‍കാലങ്ങളില്‍ വിതരണം ചെയ്തിരുന്ന സാമ്പത്തികസഹായം മാത്രമാണ് മുഖ്യമന്ത്രി സമ്പര്‍ക്കപരിപാടിയില്‍ വിതരണം ചെയ്തത്. വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ മുതല്‍ ഉദ്യോഗസ്ഥ-മാഫിയ-രാഷ്ട്രീയബന്ധങ്ങളും തട്ടിപ്പുകളുംവരെ സമ്പര്‍ക്കത്തിലെടുത്തില്ല. ഇനി ഈ പരാതികളും അപേക്ഷകളും വെളിച്ചം കാണില്ലെന്നാണ് കോണ്‍ഗ്രസ് സംഘടനാനേതാക്കള്‍തന്നെ പറയുന്നത്.

deshabhimani

No comments:

Post a Comment