Saturday, December 14, 2013

ചിറ്റിലപ്പിള്ളി നല്‍കിയ സമ്മാനം തിരിച്ചുനല്‍കുമെന്ന് ടി വി ജോര്‍ജ്

ഇരിട്ടി(കണ്ണൂര്‍): വൃക്കദാനം ചെയ്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നല്‍കിയ സമ്മാനം തിരിച്ചുനല്‍കുമെന്ന് ഇരിട്ടി കീഴ്പ്പള്ളി വെളിമാനം സ്വദേശി ടി വി ജോര്‍ജ്. ജീവകാരുണ്യപ്രവര്‍ത്തനമായി ഞാന്‍ ചെയ്ത കാര്യത്തിന് ചിറ്റിലപ്പള്ളി നല്‍കിയ അഞ്ച് ലക്ഷത്തിന്റെ പുരസ്കാരം എന്ത് ത്യാഗം സഹിച്ചും താന്‍ തിരിച്ച് നല്‍കുമെന്ന് ജോര്‍ജ് പ്രതികരിച്ചു.

പരപ്രേരണയില്ലാതെ തിരുവല്ലയിലെ ഫാ. അബ്രഹാം ഉമ്മന്‍ എന്ന 55കാരനായ വൈദികന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്ത് മാതൃക തീര്‍ത്ത ചെറുപ്പക്കാരനാണ് ജോര്‍ജ്. 2012 നവമ്പര്‍ 7ന് എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രകിയ വിജയകരമായി പൂര്‍ത്തീകരിച്ച് അപരിചിതനായ ഫാ. അബ്രഹാം ഉമ്മന് ജീവന്‍ പകുത്ത് നല്‍കിയ ജോര്‍ജിന്റെ മഹത്വം ഡിസമ്പര്‍ 8ന് ദേശാഭിമാനിയാണ് ആദ്യമായി ലോകത്തെ അറിയിച്ചത്.

വാര്‍ത്തയറിഞ്ഞ് ചിറ്റിലപ്പള്ളി ജോര്‍ജിനെ ക്ഷണിച്ച് ആദരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കൊച്ചൗസിപ്പിന്റെ അനുമോദനപത്രവും അഞ്ച് ലക്ഷം രൂപയും ജോര്‍ജിന് കൈമാറിയത്. മൂന്ന് ലക്ഷത്തില്‍ പരം രൂപ ഇതിനകം പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ പലര്‍ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോര്‍ജ് പങ്കിട്ടു.ജോര്‍ജിന്റെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന അത്തിക്കല്‍ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൂടി പ്രവര്‍ത്തനങ്ങള്‍ക്കും രോഗികളെ ആശുപത്രികളിലും തിരികെ വീട്ടിലുമെത്തിക്കാന്‍ ബാക്കി തുകക്ക് ഒരു ഓട്ടോറിക്ഷയും വാങ്ങി.

തലസ്ഥാനത്ത് എല്‍ഡിഎഫ് സമരത്തിനെതിരെ പ്രതികരിച്ച് മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ച സന്ധ്യയ്ക്ക് ചിറ്റിലപ്പിള്ളി നല്‍കിയ സമ്മാനം കേരള സമൂഹത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. ഒട്ടേറെ സമരങ്ങള്‍ കണ്ടുവളര്‍ന്ന ഭൂമിയാണ് കേരളമെന്നും ജോര്‍ജ് പറഞ്ഞു.

No comments:

Post a Comment